വെള്ളപ്പൊക്കത്തിന്റെ ദുരിതം നേരിടുന്ന വെനിസ്വേലന്‍ ജനതയ്ക്കു വേണ്ടി പ്രാര്‍ത്ഥിച്ച് ഫ്രാന്‍സിസ് പാപ്പാ

വെനിസ്വേലന്‍ സംസ്ഥാനമായ മെരിദയില്‍ വെള്ളപ്പൊക്കം മൂലം ദുരിതമനുഭവിക്കുന്ന ജനതയ്ക്കു വേണ്ടി പ്രാര്‍ത്ഥിച്ചും പ്രാര്‍ത്ഥന യാചിച്ചും ഫ്രാന്‍സിസ് പാപ്പാ. ഞായറാഴ്ച ഏഞ്ചലസ് പ്രാര്‍ത്ഥനയ്ക്കു ശേഷമാണ് പാപ്പാ വെനിസ്വേലന്‍ ജനതയോടുള്ള തന്റെ കരുതലും അടുപ്പവും അറിയിച്ചത്.

പിന്നീട് ട്വിറ്റര്‍ സന്ദേശത്തിലൂടെ പാപ്പാ വെനിസ്വലന്‍ ജനതയ്ക്കു വേണ്ടി വിശ്വാസികളോട് പ്രാര്‍ത്ഥന ആവശ്യപ്പെടുകയും ചെയ്തു. “കഴിഞ്ഞ ദിവസങ്ങളില്‍ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും ഇരയായ വെനിസ്വലന്‍ സംസ്ഥാനമായ മെരീദയിലെ ജനങ്ങളോടു ഞാന്‍ ചേര്‍ന്നിരിക്കുന്നു. മരണമടഞ്ഞവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഈ ദുരന്തം മൂലം ദുരിതമനുഭവിക്കുന്നവര്‍ക്കും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു” – പാപ്പാ കുറിച്ചു.

പ്രകൃതിദുരന്തത്തില്‍ 17 പേര്‍ മരിക്കുകയും 20 പേരെ കാണാതാവുകയും ചെയ്തു. എണ്ണായിരത്തോളം വീടുകളും നശിച്ചു. അടുത്ത പത്തു ദിവസത്തേക്കെങ്കിലും കനത്ത മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും തുടര്‍ന്നേക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.