പെരുമഴയില്‍പ്പെട്ടവര്‍ക്ക് സാന്ത്വനവുമായി ഫ്രാൻസിസ് പാപ്പാ

പേമരിയുടെ ദുരന്തത്തില്‍ വിഷമിക്കുന്നവർക്കായി പ്രാർത്ഥിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പാ. സഭ ആചരിച്ച പരിശുദ്ധ കന്യകാനാഥയുടെ സ്വര്‍ഗ്ഗാരോപണ തിരുനാളിനോട് അനുബന്ധിച്ച് വത്തിക്കാനില്‍ നടന്ന ത്രികാലപ്രാര്‍ത്ഥനയുടെ അന്ത്യത്തിലാണ് പാപ്പാ, ഇന്ത്യ പോലുള്ള തെക്കെ ഏഷ്യന്‍ രാജ്യങ്ങളില്‍ പേമാരിയും വെള്ളപ്പൊക്കവും മൂലം ക്ലേശിക്കുന്ന ജനങ്ങള്‍ക്ക് തന്‍റെ സാന്ത്വനവും പ്രാര്‍ത്ഥനയും നേര്‍ന്നത്.

കേരളത്തിലെ പെരുമഴയിലും വെള്ളപ്പാച്ചിലിലും മരണമടഞ്ഞവരുടെ എണ്ണം 102-എന്ന് വ്യാഴാഴ്ച സ്ഥിരപ്പെടുത്തിയെങ്കിലും ഇനിയും കാണാതായിട്ടുള്ളവര്‍ നിരവധിയാണ്. മരണമടഞ്ഞവരെയും അവരുടെ കുടുംബാംഗങ്ങളെയും, ഭവനരഹിതരാക്കപ്പെട്ടവരെയും പ്രാര്‍ത്ഥനയില്‍ പ്രത്യേകം അനുസ്മരിക്കുന്നതായി പാപ്പാ അറിയിച്ചു. അതുപോലെ വിവിധ സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകുകയും വേദനിക്കുന്ന ജനതയെ പിന്തുണയ്ക്കുകയും ചെയ്യുന്നവരുടെ കരങ്ങളെ ദൈവം ശക്തിപ്പെടുത്തട്ടെയെന്നും ആശംസിച്ചു.

സിറിയയിലെ പീഡിതരായ ക്രൈസ്തവര്‍ക്ക് നല്കാനായി 6,000 ജപമാലകള്‍ ഫ്രാന്‍സിസ് പാപ്പാ ത്രികാല പ്രാര്‍ത്ഥനയുടെ അന്ത്യത്തില്‍ ആശീര്‍വ്വദിച്ചു നല്കി. അവിടത്തെ പീഡിതരായ കത്തോലിക്കര്‍ക്കും യുദ്ധത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും നല്കുവാന്‍ സിറിയയില്‍ പ്രവര്‍ത്തിക്കുന്ന, ആവശ്യത്തിലായിരിക്കുന്ന സഭയെ തുണയ്ക്കുന്ന പ്രസ്ഥാനം (The Church in Need Foundation) സംഘടിപ്പിച്ച പാപ്പാ ഫ്രാന്‍സിസിന്‍റെ പേരിലുള്ള സമ്മാനമാണിത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.