സെപ്റ്റംബര്‍ മാസത്തിലെ പാപ്പായുടെ പ്രാര്‍ത്ഥനാ നിയോഗം: പരിസ്ഥിതിസ്‌നേഹം പരിപോഷിപ്പിക്കുക

സെപ്റ്റംബര്‍ മാസത്തേക്കുള്ള പ്രാര്‍ത്ഥനാ നിയോഗമടങ്ങിയ വീഡിയോ ഫ്രാന്‍സിസ് പാപ്പാ പുറത്തുവിട്ടു. നമ്മുടെ ജീവിതശൈലിയെയും ഭൂമിയിലെ വിഭവങ്ങള്‍ ഉപയോഗിക്കുന്ന രീതിയെയും കുറിച്ച് വിചിന്തനം നടത്താനും അതിന്റെ ഫലമായി ഉത്തരവാദിത്വപൂര്‍ണ്ണമായ പരിചരണം, ലളിതവും ചിലവു ചുരുക്കിയുള്ളതുമായ ഒരു ജീവിതം, അപരബഹുമാനം എന്നിവയെ അടിസ്ഥാനമാക്കി ഒരു മാറ്റത്തിന് തയ്യാറാകാനും ഇവയൊക്കെ എങ്ങനെ ജീവിക്കാമെന്ന് യുവജനങ്ങളില്‍ നിന്ന് പഠിക്കാനും പാപ്പാ പ്രസ്തുത വീഡിയോ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്തു.

യുവജനങ്ങള്‍ പാരിസ്ഥിതിക പുരോഗതിയുടെയും സാമൂഹിക പുരോഗതിയുടെയും പദ്ധതികള്‍ ഏറ്റെടുക്കാന്‍ ധൈര്യം കാണിക്കുന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്നും സമൂഹത്തിന്റെയും പരിസ്ഥിതിയുടെയും പുരോഗതി ഒരുമിച്ചാണ് പോകുന്നതെന്നും അതുകൊണ്ടു തന്നെ മുതിര്‍ന്ന ആളുകള്‍ക്ക് യുവാക്കളില്‍ നിന്ന് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിക്കാനാകുമെന്നും പാപ്പാ അഭിപ്രായപ്പെട്ടു.

ഇപ്പോഴത്തെ പ്രതിസന്ധികളുടെ സമയത്ത് പ്രത്യേകിച്ച്, ആരോഗ്യ-സാമൂഹിക- പാരിസ്ഥിതിക പ്രതിസന്ധികളുടെ മുന്‍പില്‍ നമ്മുടെ ജീവിതശൈലിയെക്കുറിച്ച് പ്രത്യേകമായി ചിന്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നമ്മുടെ ഭക്ഷണരീതികള്‍, യാത്രാമാര്‍ഗ്ഗങ്ങള്‍, ജലം ഉപയോഗിക്കുന്ന രീതി, ഊര്‍ജ്ജം, പ്ലാസ്റ്റിക്ക് എന്നിവയുടെ ഉപയോഗം, മറ്റ് ഭൗതികവസ്തുക്കളുടെ ഉപയോഗം ഇവയൊക്കെ ഭൂമിയുടെ നിലനില്‍പ്പിനെ കാര്യമായി ബാധിക്കുന്ന കാര്യങ്ങളാണ് എന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.