സമർപ്പിത ജീവിതം ഇന്നത്തെ ലോകത്തിനുള്ള സുവിശേഷം: ഫ്രാൻസിസ് പാപ്പാ

സമർപ്പിത ജീവിതം ഇന്നത്തെ ലോകത്തിനുള്ള സുവിശേഷമെന്നും സമർപ്പിത സമൂഹങ്ങളോട് വിവേചനത്തോടെ, സഭയോടൊത്ത് ദൈവത്തിലുള്ള വിശ്വാസത്തോടെയും പരസ്പര സഹകരണത്തോടെയും മുന്നോട്ട് പോകാനും ആവശ്യപ്പെട്ട് ഫ്രാൻസിസ് പാപ്പാ.

സമർപ്പിത ജീവിതം നയിക്കുന്നവർക്കു വേണ്ടിയുള്ള സ്ഥാപനങ്ങൾക്കും അപ്പോസ്തോലിക ജീവിതം നയിക്കുന്നവർക്കായുള്ള സമൂഹങ്ങൾക്കും വേണ്ടിയുള്ള വത്തിക്കാൻ കോൺഗ്രിഗേഷന്റെ പ്ലീനറി സമ്മേളനത്തിൽ സംബന്ധിച്ചവരോടുള്ള ഫ്രാൻസിസ് പാപ്പായുടെ സന്ദേശത്തിന്റെ സംക്ഷിപ്തരൂപം.

സമർപ്പിത ജീവിതം നയിക്കുന്നവർക്കു വേണ്ടിയുള്ള സ്ഥാപനങ്ങൾക്കും അപ്പോസ്തോലിക ജീവിതം നയിക്കുന്നവർക്കായുള്ള സമൂഹങ്ങൾക്കും വേണ്ടിയുള്ള വത്തിക്കാൻ കോൺഗ്രിഗേഷന്റെ പ്ലീനറി സമ്മേളനത്തിൽ സംബന്ധിക്കുന്നവരോട് നടത്തിയ പ്രഭാഷണത്തിൽ, ആഗോളസഭയിലെ സമർപ്പിത ജീവിതത്തിനായി അവർ ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് നന്ദി പറഞ്ഞ പാപ്പാ, ഈ സേവനം സുവിശേഷത്തിനു വേണ്ടിയുള്ള സേവനം തന്നെയാണെന്ന് ഓർമ്മിപ്പിച്ചു. സമർപ്പിത ജീവിതം എന്ന സുവിശേഷം ഇന്നത്തെ ലോകത്തിനു തന്നെ സുവിശേഷമാകേണ്ടതാണെന്നും പാപ്പാ എടുത്തുപറഞ്ഞു. സമർപ്പിത ജീവിതത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ എളുപ്പമല്ലെന്ന് തനിക്കറിയാമെന്നും അതുകൊണ്ടു തന്നെ അത്തരമൊരു ജീവിതത്തിന്റെ നല്ല ഒരു ഭാവിയിൽ വിശ്വസിക്കുന്നവരോട് താനും അവരോടൊപ്പമുണ്ടെന്ന് അറിയിക്കുവാൻ താൻ ആഗ്രഹിക്കുന്നു എന്നും പാപ്പാ പറഞ്ഞു.

വി. ജോൺപോൾ രണ്ടാമൻ പാപ്പാ സമർപ്പിത ജീവിതവുമായി ബന്ധപ്പെട്ട് മെത്രാന്മാരുടെ സിനഡ് വിളിച്ചുകൂട്ടിയതിനെക്കുറിച്ച് പറഞ്ഞ പാപ്പാ, ബുദ്ധിമുട്ടേറിയ ഒരു കാലഘട്ടത്തെക്കുറിച്ചും നല്ല ഫലങ്ങൾ നൽകാതിരിക്കുന്നതുമായ പുതിയ ശ്രമങ്ങളെക്കുറിച്ചും അന്നും അറിവുണ്ടായിരുന്നെന്നും (Evangelii gaudium, 130), ലോകത്ത് സമർപ്പിതവിളികൾ സ്വീകരിക്കുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെങ്കിലും സ്വയംദാനം എന്ന തത്വത്തിൽ അടിസ്ഥിതമായ സമർപ്പിത ജീവിതത്തിന്റെ നല്ല ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകൾ നമ്മെ നയിക്കട്ടെ എന്നും പറഞ്ഞു.

ദൈവം നൽകുന്ന സൗജന്യദാനമായ വിളിയിലും ദൈവവചനത്തിന്റെയും ദൈവാത്മാവിന്റെയും രൂപാന്തരീകരണ ശക്തിയിലും ശ്രദ്ധ കേന്ദ്രീകരിക്കാനും പാപ്പാ ഉദ്‌ബോധിപ്പിച്ചു. ഇത്തരുണത്തിൽ വിവിധ സ്ഥാപനങ്ങളിലും വ്യക്തിസഭകളിലുമായി സമർപ്പിതരെ സഹായിക്കുന്ന നിങ്ങളോട് ദൈവ-വാഗ്ദാനങ്ങളെക്കുറിച്ചുള്ള ഓർമ്മകളിൽ അടിസ്ഥാനമിട്ട് വിശ്വാസത്തോടെ ഭാവിയിലേക്ക് നോക്കാൻ താൻ ആഹ്വാനം ചെയ്യുന്നു എന്നും പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.