സഭയിലെ ശിക്ഷാനടപടികള്‍ പരിഷ്‌കരിച്ച് ഫ്രാന്‍സിസ് പാപ്പാ

‘ദൈവത്തിന്റെ അജഗണത്തെ പരിപാലിക്കുക’ (Pascile Gregem De-i) എന്ന അപ്പോസ്തലിക നിയമസംഹിതയിലെ കാനോനിക നിയമത്തില്‍ സഭയിലെ ശിക്ഷാനടപടികളെ പരാമര്‍ശിക്കുന്ന ആറാമത്തെ പുസ്തകമാണ് പാപ്പാ നവീകരിച്ചത്. നവീകരണ ഭേദഗതികള്‍ അടുത്ത ഡിസംബര്‍ 8 മുതല്‍ പ്രാബല്യത്തില്‍ വരും. ഭേദഗതികളിലൂടെ കൂടുതല്‍ രക്ഷയും തിരുത്തലുകളും കൈവരുമെന്നും കൂടുതല്‍ ഗുരുതരമായ തിന്മകള്‍ ഒഴിവാക്കപ്പെടുകയും മനുഷ്യദൗര്‍ബല്യം മൂലമുണ്ടാവുന്ന മുറിവുകള്‍ ശമിപ്പിക്കാന്‍ കാരണമാവുകയും ചെയ്യുമെന്ന് ഫ്രാന്‍സിസ് പാപ്പാ സൂചിപ്പിക്കുകയും ചെയ്തു.

പ്രതിരോധത്തിനുള്ള അവകാശം, ക്രിമിനല്‍ നടപടികള്‍, കൃത്യമായ ശിക്ഷാനിര്‍ണ്ണയം തുടങ്ങിയ ക്രിമിനല്‍ നിയമാടിസ്ഥാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും നിര്‍ദ്ദിഷ്ട കുറ്റകൃത്യത്തിന് ഏറ്റവും ഉചിതമായ ശിക്ഷ ഏതെന്ന് തിരിച്ചറിയുന്നതിനുള്ള മാനദണ്ഡം ഉറപ്പാക്കുകയും ചെയ്തുകൊണ്ട് അധികാരികളുടെ വിവേചനാധികാരം കുറയ്ക്കുകയും സമൂഹത്തില്‍ ഏറ്റം നാശം വിതയ്ക്കുന്ന കുറ്റകൃത്യങ്ങള്‍ക്ക് നല്‍കുന്ന ശിക്ഷകളില്‍ സഭ മുഴുവനിലും ഐക്യരൂപം വരുത്തുകയും ചെയ്യാനും നവീകരണത്തിലൂടെ ലക്ഷ്യമാക്കുന്നുണ്ട്.

ബാലപീഡനത്തെ സംബന്ധിച്ച നിയമങ്ങളില്‍ കുറ്റകൃത്യത്തിന്റെ ഗൗരവം ഉയര്‍ത്തിക്കാട്ടാനും ഇരകള്‍ക്ക് നല്‍കേണ്ട ശ്രദ്ധയെക്കുറിച്ചുമുള്ള കാര്യങ്ങളും ഉള്‍ക്കൊള്ളിക്കുകയും ഈ കുറ്റകൃത്യത്തെ പുരോഹിതരുടെ പ്രത്യേക കടമകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ എന്ന അദ്ധ്യായത്തില്‍ നിന്ന് മനുഷ്യന്റെ ജീവനും അന്തസ്സിനും സ്വാതന്ത്ര്യത്തിനുമെതിരായ കുറ്റകൃത്യങ്ങളുടെ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. പുരോഹിതരാല്‍ മാത്രമല്ല, സന്യസ്തരാലും മറ്റു വിശ്വസികളാലും ചെയ്യപ്പെടുന്ന ബാലപീഡനങ്ങളും ഇവയില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

നിയമം നടപ്പിലാക്കുമ്പോഴും ശിക്ഷ തിരഞ്ഞെടുക്കുമ്പോഴും അധികാരികള്‍, മെത്രാന്മാര്‍, മേലധികാരികള്‍ തുടങ്ങിയവര്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ ഏതെന്ന് കൂടുതല്‍ കൃത്യതയോടെ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് നിയമകാര്യ ഗ്രന്ഥങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്റെ സെക്രട്ടറിയായ മോണ്‍. ഹുവാന്‍ ഇഗ്‌നാസിയോ അരിയെത്താ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.