ഫ്രാന്‍സില്‍ നിന്നും 1300 യുവജനങ്ങള്‍ പനാമയിലേയ്ക്ക്

2019 ജനുവരി 22-മുതല്‍ 27-വരെ തിയതികളില്‍ ഫ്രാന്‍സിസ് പാപ്പാ നേതൃത്വം നല്‍കുന്ന യുവജന സമ്മേളനത്തില്‍ പങ്കെടുക്കുവാനുള്ള  തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള യുവജനങ്ങള്‍. ഫ്രാന്‍സിലെ വിവിധ രൂപതകളില്‍നിന്നും സന്ന്യാസ സമൂഹങ്ങളില്‍നിന്നും സംഘടനകളില്‍നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട 1300 യുവതീയുവാക്കളാണ് പനാമയിലേയ്ക്ക് പുറപ്പെടുന്നത്.

”ഇതാ, കര്‍ത്താവിന്റെ ദാസി. അവിടുത്തെ ഹിതംപോലെ എല്ലാം എന്നില്‍ നിറവേറട്ടെ!” (ലൂക്ക 1,30) എന്ന മേരിയന്‍ ആപ്തവാക്യവുമായിട്ടാണ് രാജ്യാന്തര യുവജനസംഗമം പനാമയില്‍ സംഘടിപ്പിച്ചിരിക്കുന്നത്. യാത്രയ്ക്ക് മുന്‍പ് അവര്‍ അവരവരുടെ രൂപതകളില്‍ ഒരാഴ്ച ഒത്തുകൂടി, ആത്മീയമായും മറ്റെല്ലാവിധത്തിലും ഒരുക്കങ്ങള്‍ നടത്തും. എന്നിട്ടായിരിക്കും പനാമയിലേയ്ക്ക് പുറപ്പെടുന്നത്. ഫ്രാന്‍സിന്റെ 1300 യുവതീര്‍ത്ഥാടകരില്‍ 6 പേര്‍ ലോകയുവജനോത്സവത്തിന്റെ സന്നദ്ധസേവകരാകയാല്‍ ഒരുമാസമായി അവര്‍ പനാമയിലാണ്.

അവിടെ യുവജനോത്സവത്തിന്റെ ഒരുക്കങ്ങളില്‍ വ്യാപൃതരാണവര്‍. ഫ്രാന്‍സിലെ യുവജനസംഘത്തില്‍ അധികവും ശരാശരി 27 വയസ്സ് പ്രായമുള്ള ജോലിക്കാരാണ്. 1300 പേരില്‍ 780 യുവതികളും, 520 യുവാക്കളുമുണ്ട്.

1984-ലെ യുവജനങ്ങള്‍ക്കായുള്ള പ്രത്യേക ജൂബിലിവര്‍ഷത്തില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ തുടക്കമിട്ടതാണ് എല്ലാ മൂന്നു വര്‍ഷം കൂടുമ്പോഴും വിവിധ രാജ്യങ്ങളില്‍ സംഗമിക്കുന്ന ലോകയുവജനോത്സവം. പ്രഥമ സംഗമത്തില്‍ 300,000-ല്‍പരം യുവജനങ്ങള്‍ വത്തിക്കാനില്‍ സംഗമിച്ചു. അത് പിന്നെയും വര്‍ദ്ധിച്ച്, 2015-ലെ സംഗമത്തില്‍ 15 ലക്ഷത്തിലധികം യുവജനങ്ങളാണ്, പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ പാപ്പാ വോയ്ത്തീവയുടെ ജന്മനാടായ പോളണ്ടിലെ ക്രാക്കോനഗരത്തില്‍ സംഗമിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.