മ്യാന്മറിനുവേണ്ടി ഫ്രാന്‍സിസ് പാപ്പാ വിശേഷാല്‍ ദിവ്യബലിയര്‍പ്പിച്ചു

അസ്വസ്ഥതകളും സംഘര്‍ഷവും രൂക്ഷമായിരിക്കുന്ന മ്യാന്മറിനുവേണ്ടി ഫ്രാന്‍സിസ് പാപ്പാ ഞായറാഴ്ച വിശേഷാല്‍ ദിവ്യബലിയര്‍പ്പിച്ചു. റോമില്‍ വസിക്കുന്ന മ്യാന്മര്‍ കത്തോലിക്കരെ ഉള്‍പ്പെടുത്തിയാണ് പാപ്പാ ബലിയര്‍പ്പണം നടത്തിയത്.

ദുരിതമനുഭവിക്കുന്ന ജനതയോടുള്ള സഭയുടെ കരുതലിന്റെ പ്രകടനമായി മാറി പാപ്പാ വിശേഷാല്‍ അര്‍പ്പിച്ച ഈ ദിവ്യബലി. മൂന്നര മാസമായി മ്യാന്മറില്‍ തുടരുന്ന സംഘര്‍ഷത്തില്‍ നൂറുകണക്കിനാളുകള്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഭരണ അട്ടിമറിയെത്തുടര്‍ന്നാണ് രാജ്യത്ത് സംഘര്‍ഷം നടക്കുന്നത്.

ഏത് പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും ചില കാര്യങ്ങള്‍ മനസില്‍ സൂക്ഷിക്കേണ്ടതുണ്ടെന്ന് ദിവ്യബലിയ്ക്കിടെ നല്‍കിയ സന്ദേശത്തില്‍ പാപ്പാ പറയുകയുണ്ടായി. വിശ്വാസം, ഐക്യം, സത്യം എന്നിവയാണ് ആ മൂന്നു കാര്യങ്ങളെന്നും പാപ്പാ വ്യക്തമാക്കി. ഇവ സൂക്ഷിക്കാന്‍ പ്രാര്‍ത്ഥനയിലൂടെ സാധിക്കുമെന്നും പാപ്പാ പറഞ്ഞു. സ്‌നേഹവും പ്രത്യാശയും ജീവിതത്തില്‍ എപ്പോഴും കാത്തുസൂക്ഷിക്കാനും പ്രാര്‍ത്ഥന സഹായിക്കുമെന്നും പാപ്പാ വ്യക്തമാക്കി.

“ദൈവം എല്ലാ ഹൃദയങ്ങളേയും സമാധാനത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്യട്ടെ. ആരും പ്രത്യാശ കൈവിടരുത്. എപ്പോഴും ദൈവതിരുമുമ്പില്‍ ഈശോ നമുക്കായി മാധ്യസ്ഥം വഹിക്കുന്നുണ്ട്. തിന്മകളില്‍ നിന്നും അതിന്റെ ശക്തിയില്‍ നിന്നും രക്ഷനേടാനായി നമുക്ക് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കാം” – പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.