നന്മ നിറഞ്ഞ മറിയം പ്രാർത്ഥനയ്ക്ക് ഫ്രാൻസിസ് പാപ്പാ നൽകുന്ന വിശദീകരണം

നന്മ നിറഞ്ഞ മറിയമേ… എന്ന പ്രാർത്ഥന അനുദിനം പലതവണ ആവർത്തിച്ച് ചൊല്ലുന്നവരാണ് നാമെല്ലാവരും. എന്നാൽ എത്രയാളുകൾക്ക് അതിന്റെ അര്‍ത്ഥം അറിയാം. അല്ലെങ്കിൽ അർത്ഥം മനസിലാക്കി ചൊല്ലുന്നുണ്ട്. ‘മറിയം എല്ലാവരുടെയും അമ്മ’ എന്ന തന്റെ പുസ്തകത്തിൽ ഫ്രാൻസിസ് പാപ്പാ നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥനയുടെ അർത്ഥം വിശദീകരിക്കുന്നുണ്ട്.

നന്മ നിറഞ്ഞവൾ 

ഗബ്രിയേൽ മാലാഖ മറിയത്തെ വിളിക്കുകയാണ് കൃപ നിറഞ്ഞവളേ എന്ന്. ദൈവപുത്രന് അമ്മയാകുവാനായി ഉത്ഭവപാപം ഇല്ലാതെയാണ് ദൈവം മറിയത്തിന് ഈ ഭൂമിയിൽ ജന്മം നല്‍കിയത്. അതുകൊണ്ടു തന്നെ ഈ വിശേഷണത്തിന് മറിയം അർഹയാണ്. ദൈവത്തിന്റെ സ്വരത്തിന് കാതോർക്കാനും അത് പൂര്‍ണ്ണഹൃദയത്തോടെ അനുസരിക്കാനും നമുക്കും പരിശ്രമിക്കാം. പാപ്പാ പറയുന്നു.

കർത്താവ് അങ്ങയോടു കൂടെ 

പരിശുദ്ധ മറിയത്തെപ്പോലെ ദൈവഹിതത്തിന് ആമ്മേൻ പറഞ്ഞുകഴിയുമ്പോൾ നമ്മുടെയുള്ളിലും വചനം മാംസമായി ജനിക്കും. ഈശോ നമ്മിൽ ജീവിക്കും. ഈശോയിൽ വിശ്വസിക്കുക എന്നു പറഞ്ഞാൽ മറിയത്തെപ്പോലെ സ്വന്തം ആത്മാവും ശരീരവും ദൈവത്തിന് സമർപ്പിക്കുക എന്നു കൂടിയാണ്. പാപ്പാ ഓർമ്മിപ്പിക്കുന്നു.

സ്ത്രീകളിൽ അനുഗ്രഹീത 

വിശ്വാസത്തിൽ ജീവിച്ചുകൊണ്ടാണ് പരിശുദ്ധ മറിയം വിശ്വാസത്തിൽ വളർന്നത്. ഒരു സാധാരണക്കാരിയായ കന്യകയുടെ, അല്ലെങ്കിൽ ഒരു അമ്മയുടെ എല്ലാ ആകുലതകൾക്കും അസ്വസ്ഥതകൾക്കും ഇടയിലും അവൾ ദൈവവുമായി നിരന്തരം സമ്പർക്കത്തിലും സംഭാഷണത്തിലും ഏർപ്പെട്ടുകൊണ്ടിരുന്നു. അത് നമുക്കും ഒരു പാഠമാണ്.

ഉദരഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു 

പരിശുദ്ധാത്മാവിനാൽ ഗർഭിണിയായ കാണപ്പെട്ട മറിയം, തന്റെ ശരീരവും രക്തവും ദൈവപുത്രനായി നൽകി. ദൈവകൃപ സ്വന്തമാക്കിയ അവൾ തന്റെ വിശ്വാസത്തിലൂടെ അത് പ്രകടമാക്കുകയും ചെയ്തു. അതുകൊണ്ടാണ് വി. അഗസ്റ്റിൻ പറയുന്നത്: ഉദരത്തിൽ ഗർഭം ധരിക്കുന്നതിനു മുമ്പ് ഹൃദയത്തിലാണ് പരിശുദ്ധ മറിയം ഈശോയെ ഗർഭം ധരിച്ചതെന്ന്.

പരിശുദ്ധ മറിയമേ… തമ്പുരാന്റെ അമ്മേ…

ദൈവാശ്രയം എന്തെന്നും ദൈവഹിതത്തോട് വിധേയപ്പെടേണ്ടത് എങ്ങനെയെന്നും പരിശുദ്ധ മറിയം നമ്മെ പഠിപ്പിക്കുന്നുണ്ട്. വിശുദ്ധിയിലും കൃപയിലും നിറഞ്ഞവരായി ജീവിക്കാനുള്ള വരവും പരിശുദ്ധ അമ്മ നിരന്തരം ദൈവത്തിൽ നിന്ന് നമുക്ക് വാങ്ങിത്തരുന്നുമുണ്ട്.

പാപികളായ ഞങ്ങൾക്കു വേണ്ടി 

പാപികളായ മക്കളെന്ന നിലയിൽ അമ്മയുടെ പക്കലേയ്ക്ക് കുട്ടികൾ എന്ന നിലയിൽ ഓടിച്ചെല്ലാനുള്ള സ്വാതന്ത്ര്യം പരിശുദ്ധ മറിയത്തിന്റെ പക്കൽ നമുക്കുണ്ട്.

മരണസമയത്ത് തമ്പുരാനോട് അപേക്ഷിക്കണമേ 

ദൈവത്തോട് പറയുന്ന ഓരോ യെസും സ്വർഗത്തിലേക്കുള്ള ഓരോ കാലടികളാണ്. അതുകൊണ്ടു തന്നെ ദൈവത്തോട് കൂടുതൽ യെസ് പറഞ്ഞിട്ടുള്ള, സ്വർഗത്തോട് വളരെ അടുത്തനില്‍ക്കുന്ന മറിയമാണ് മരണസമയത്ത് നമുക്കുവേണ്ടി പ്രാർത്ഥിക്കാൻ യോഗ്യയായ വ്യക്തി. പാപ്പാ പറഞ്ഞു.