വിശ്വാസം അനുദിനം ജീവിക്കുവാന്‍ പുല്‍ക്കൂട് സഹായിക്കുമെന്ന് ഫ്രാന്‍സിസ് പാപ്പാ

രക്ഷകന്റെ ജനനത്തിലുള്ള വിശ്വാസം അനുദിനം ജീവിക്കുവാന്‍ പുല്‍ക്കൂട് സഹായിക്കുമെന്ന് ഫ്രാന്‍സിസ് പാപ്പാ. 2020-ലെ ക്രിസ്തുമസ്സിന് ഒരുക്കമായി വത്തിക്കാനില്‍ വി. പത്രോസിന്റെ ചത്വരത്തില്‍ പ്രദര്‍ശിപ്പിച്ച ക്രിബ്ബും കൂറ്റന്‍ ക്രിസ്തുമസ് മരവും ഫ്രാന്‍സിസ് പാപ്പായ്ക്ക് സമര്‍പ്പിച്ചു നല്‍കിയ സഭയുടെ അഭ്യൂദയകാംക്ഷികള്‍ക്കു നല്‍കിയ മറുപടി പ്രഭാഷണത്തിലാണ് ഇങ്ങനെ ഉദ്‌ബോധിപ്പിച്ചത്.

1. ഇറ്റാലിയന്‍ ക്രിബ്ബും സ്ലൊവേനിയന്‍ മരവും

കിഴക്കന്റെ യൂറോപ്യന്‍ രാജ്യമായ സ്ലൊവേനിയയിലെ സംരക്ഷിത വനാന്തരങ്ങളില്‍ നിന്നും വെട്ടിയെടുത്ത അത്യപൂര്‍വ്വതരം ‘സ്പ്രൂസ്’ മരം പാപ്പായ്ക്കു സമര്‍പ്പിച്ചുനല്‍കിയത് രാജ്യത്തിന്റെ വിദേശകാര്യമന്ത്രിയും സ്ഥലത്തെ മെത്രാപ്പോലീത്തയും ചേര്‍ന്നായിരുന്നു. അതുപോലെ മദ്ധ്യ ഇറ്റലിയിലെ കസ്‌തേലിയിലുള്ള വെളുത്ത മണ്‍പാത്ര നിര്‍മ്മാണക്കാരുടെ ദേശത്തു നിന്നുമാണ് ഇത്തവണ ക്രിബ്ബ് സമ്മാനിച്ചത്. എഫ്. എ. ഗ്രൂവേ ആര്‍ട്ട്‌സ് കോളെജിലെ വിദ്യാര്‍ത്ഥികള്‍ 1965-75 കാലഘട്ടത്തില്‍ നിര്‍മ്മിച്ച വെളുത്ത കളിമണ്ണില്‍, അല്ലെങ്കില്‍ സെറാമിക്കില്‍ തീര്‍ത്ത ബിംബങ്ങളുടെ പുല്‍ക്കൂട് പാപ്പായ്ക്കു പ്രതീകാത്മകമായി സമ്മാനിച്ചത് വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും സാമൂഹ്യപ്രമുഖരുടെയും പ്രതിനിധികളായിരുന്നു.

2. മനുഷ്യമനസ്സുകളില്‍ പ്രത്യാശ വളര്‍ത്തുന്ന കിസ്തുമസ് കാഴ്ചകള്‍

പോള്‍ ആറാമന്‍ ഹാളില്‍ സമ്മേളിച്ച ഉപകാരികളെ എല്ലാവരെയും അഭിസംബോധന ചെയ്തുകൊണ്ട് പാപ്പാ ക്രിസ്തുമസ് സന്ദേശം നല്‍കി: വത്തിക്കാനില്‍ ആഗമനകാലത്തു തന്നെ ചത്വരത്തില്‍ ഒരു ക്രിസ്തുമസ് ക്രിബ്ബും പുല്‍ക്കൂടും സംവിധാനം ചെയ്തുകൊണ്ട് ആയിരങ്ങളുടെ മനസ്സുകളില്‍ പ്രത്യാശയുടെ ആത്മീയത വളര്‍ത്തുകയാണെന്ന് പാപ്പാ വിശേഷിപ്പിച്ചു. തിരുപ്പിറവിയുടെ ദൈവികരഹസ്യം തന്നെയാണ് മനുഷ്യാവതാരം ചെയ്ത ക്രിസ്തു വെളിപ്പെടുത്തുന്നത്. ക്രിസ്തുവില്‍ നാം നേടുന്നതും അറിയുന്നതും എല്ലാം നന്മയാണ്. ദൈവം മനുഷ്യനായി നമ്മോടൊത്തു ചരിക്കുന്നുവെന്ന ആത്മീയതയും സുവിശേഷം നല്‍കുന്ന ദാരിദ്ര്യാരൂപിയും തിരുക്കുടുംബത്തിലെ സ്‌നേഹത്തിന്റെയും കൂട്ടായ്മയുടെയും ചൈതന്യവും ഇടയന്മാരുടെയും പാവങ്ങളുടെയും സാന്നിദ്ധ്യവും ദിവ്യഉണ്ണിയുടെ താഴ്മയും വിനീതാവസ്ഥയും പൂല്‍ക്കൂടിനെക്കുറിച്ചുള്ള ധ്യാനം നല്‍കുന്ന നന്മയാണ്.

3. നന്മകള്‍ നല്‍കുന്ന പുല്‍ക്കൂട്ടിലെ ബിംബങ്ങള്‍

നസ്രത്തില്‍ നിന്നും ബെത്ലഹേമിലെത്തി അലഞ്ഞ കുടുംബം, പാര്‍ക്കാന്‍ ഇടം ലഭിക്കാതെ കാലിത്തൊഴുത്ത് അഭയകേന്ദ്രമാക്കിയ കുടുംബം, സ്ഥലം തേടി അലയുകയും ഏറെ മനഃക്ലേശങ്ങള്‍ അനുഭവിക്കുകയും ചെയ്ത ജോസഫ്, ഉണ്ണിയെ വണങ്ങിയ ആദ്യത്തെ അതിഥികളായ ഇടയന്മാര്‍… എല്ലാമെല്ലാം പുല്‍ക്കൂട്ടിലെ ധ്യാനത്തില്‍ നിന്നും മനസ്സിലേറ്റേണ്ട നന്മകളാണെന്ന് പാപ്പാ അനുസ്മരിപ്പിച്ചു.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.