വത്തിക്കാന്‍ ഗവര്‍ണറേയും വൈദികര്‍ക്കായുള്ള കോണ്‍ഗ്രിഗേഷന് പുതിയ സെക്രട്ടറിയേയും പാപ്പാ നിയമിച്ചു

വത്തിക്കാന്‍ രാജ്യത്തിന്റെ പുതിയ ഗവര്‍ണറെയും റോമന്‍ കൂരിയയില്‍ വൈദികര്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്റെ പുതിയ സെക്രട്ടറിയെയും ഫ്രാന്‍സിസ് പാപ്പാ നിയമിച്ചു.

അഭിവന്ദ്യ ഫെര്‍ണാണ്ടോ വേര്‍ഗെസ് അല്‍സാഗയെ പുതിയ വത്തിക്കാന്‍ ഗവര്‍ണറായി മാര്‍പാപ്പാ നിയമിച്ചു. ഇത്രയും നാള്‍ വത്തിക്കാന്‍ ഗവര്‍ണറേറ്റിന്റെ സെക്രെട്ടറിയായി സേവനം ചെയ്തുവരികയായിരുന്നു അദ്ദേഹം. പുതിയ നിയമനത്തോടെ ആര്‍ച്ചുബിഷപ്പ് പദവിയിലേക്കും പാപ്പാ അദ്ദേഹത്തെ ഉയര്‍ത്തി. ഇറ്റാലിയന്‍ വംശജനായ കര്‍ദ്ദിനാള്‍ ജ്യുസെപ്പെ ബെര്‍ത്തെല്ലോ ആയിരുന്നു 2012 മുതല്‍ വത്തിക്കാന്‍ ഗവര്‍ണര്‍ സ്ഥാനം നിര്‍വ്വഹിച്ചിരുന്നത്.

ചിലിയില്‍ നിന്നുള്ള വൈദികനായ അന്ദ്രെസ് ഗബ്രിയേല്‍ ഫെറാദ മൊറെയ്റയെ വൈദികര്‍ക്കായുള്ള കോണ്‍ഗ്രിഗേഷന്റെ പുതിയ സെക്രെട്ടറിയായി സെപ്തംബർ 8 ാം തീയതി പാപ്പാ നിയമിച്ചു. ഇതേ തിരുസംഘത്തില്‍ സേവനം ചെയ്തുവരികയായിരുന്നു ഫാ. മൊറെയ്റ. ഇതോടൊപ്പം തിബുര്‍ണിയയുടെ സ്ഥാനികപദവിയോടു കൂടിയ ആര്‍ച്ച്ബിഷപ്പ് ആയും അദ്ദേഹം ഉയര്‍ത്തപ്പെട്ടു. 2018 മുതല്‍ ഇദ്ദേഹം വൈദികര്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തില്‍ സേവനം ചെയ്തുവരികയായിരുന്നു. ഒക്ടോബര്‍ 1 ാം തീയതി മുതലാണ് പുതിയ നിയമനം പ്രാബല്യത്തില്‍ വരിക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.