റോമിലെ മ്യാന്‍മര്‍ സമൂഹത്തിനായി മെയ്‌ പതിനാറിന് ഫ്രാന്‍സിസ് പാപ്പാ വിശുദ്ധ ബലി അര്‍പ്പിക്കും

Pope Francis

പട്ടാള അട്ടിമറിയെ തുടര്‍ന്ന് മ്യാന്‍മറില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ റോമില്‍ വസിക്കുന്ന മ്യാന്‍മര്‍ സമൂഹത്തിനുവേണ്ടി ഫ്രാന്‍സിസ് പാപ്പാ മെയ്‌ പതിനാറിന് വിശേഷാല്‍ ദിവ്യബലി അര്‍പ്പിക്കും. ഈശോയുടെ സ്വര്‍ഗ്ഗാരോപണ തിരുനാളായ മേയ് 16-ന് വത്തിക്കാന്‍ സമയം രാവിലെ 10. മണിക്കാണ് മ്യാന്‍മര്‍ സമൂഹത്തിന്റെ സാന്നിധ്യത്തില്‍ പാപ്പയുടെ ദിവ്യബലി അര്‍പ്പണം.

കോവിഡ് മഹാമാരിയില്‍ നിന്നുള്ള മോചനത്തിനായി ആഹ്വാനം ചെയ്ത ജപമാല മാരത്തണിന് തുടക്കം കുറിച്ചുകൊണ്ട് മെയ്‌ ഒന്നിന് അര്‍പ്പിച്ച ദിവബലി മദ്ധ്യേ മ്യാന്‍മറിനുവേണ്ടി പാപ്പാ പ്രത്യേകം പ്രാര്‍ത്ഥന ആവശ്യപ്പെട്ടിരുന്നു. രാജ്യത്ത് സമാധാനവും ഐക്യവും പുലരാന്‍ പാപ്പാ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഞായറാഴ്ച ഏഞ്ചലസ് പ്രാര്‍ത്ഥനാ മദ്ധ്യേ വീണ്ടും നമ്മുടെ അനുദിന ജപമാല പ്രാര്‍ത്ഥനയിലും മ്യാന്‍മറിനെ സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കണമെന്ന് പാപ്പാ ആവശ്യപ്പെട്ടു.

മ്യാന്‍മറിലെ ഓരോ നേതാവും സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും കൂട്ടായ്മയുടെയും പാതയിലൂടെ മുന്നേറാന്‍ സ്വര്‍ഗ്ഗീയ അമ്മയോട് അപേക്ഷിക്കണമെന്ന് പാപ്പാ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. മ്യാന്‍മറിനുവേണ്ടി പ്രത്യേക ജപമാല അര്‍പ്പണവും ദിവകാരുണ്യ ആരാധനയും നടത്തണമെന്ന് രാജ്യത്തെ വിശ്വാസികളോട് കര്‍ദ്ദിനാള്‍ ചാള്‍സ് ബോയും ആവശ്യപ്പെട്ടിരുന്നു.

സൈന്യം ഫെബ്രുവരി ഒന്നിന് നടത്തിയ അട്ടിമറിക്ക് പിന്നാലെ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങളാണ് സംഘര്‍ഷങ്ങള്‍ക്ക് വഴിവച്ചത്. ജനാധിപത്യം പുനസ്ഥാപിക്കണമെന്ന ആവശ്യമുന്നയിച്ച് നടക്കുന്ന ജനകീയപ്രക്ഷോപങ്ങളെ അടിച്ചമര്‍ത്താന്‍ നടത്തിയ സൈനികനടപടികളില്‍ നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും ചെയ്തു.

2017-ല്‍ ഫ്രാന്‍സിസ് പാപ്പാ മ്യാന്‍മര്‍ സന്ദര്‍ശിച്ചിരുന്നു. ഇതിനോടകം നിരവധി അഭ്യര്‍ത്ഥനകളും ആഹ്വാനങ്ങളും മ്യാന്‍മറിന്റെ സുസ്ഥിതിയ്ക്കുവേണ്ടി പാപ്പാ നടത്തിയിട്ടുമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.