ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മൊറോക്കോ സന്ദര്‍ശനത്തിന് മുന്നോടിയായി ലോഗോ

‘പ്രത്യാശയുടെ ദാസർ’. മാർച്ച് 30,31 തിയതികളിൽ ഫ്രാൻസിസ് മാർപാപ്പ നടത്തുന്ന മൊറോക്കോ സന്ദര്‍ശനത്തിന്റെ വിഷയമാണിത്. മുഹമ്മദ് ആറാമൻ രാജാവിന്റെയും രാജ്യത്തെ മറ്റ് മെത്രാന്മാരുടെയും ക്ഷണപ്രകാരമാണ് പാപ്പാ മൊറോക്കോ സന്ദര്‍ശിക്കാൻ ഒരുങ്ങുന്നത്.

ഇറ്റലിയ്ക്ക് പുറത്തേക്ക് പാപ്പാ നടത്തുന്ന  26 ാമത് സന്ദര്‍ശനമാണിത്. റാബദ്, കാസബ്ലാൻസാ നഗരങ്ങളിലാണ് പാപ്പാ പ്രധാനമായും സന്ദര്‍ശനം നടത്തുക. മുസ്ലിം ഭൂരിപക്ഷമുള്ള രാജ്യമാണിത്. അമ്പതോളം എൻട്രികളിൽ നിന്നാണ് പാപ്പായുടെ മൊറോക്കോ സന്ദര്‍ശനത്തിന്റെ ലോഗോ തിരഞ്ഞെടുത്തത്. മുസ്ലിം ക്രിസ്ത്യൻ സാഹോദര്യത്തെയാണ് ലോഗോയിലെ കുരിശും ചന്ദ്രക്കലയും സൂചിപ്പിക്കുന്നത്. ചുവപ്പും പച്ചയും മൊറോക്കോയേയും മഞ്ഞയും വെള്ളയും വത്തിക്കാനെയും സൂചിപ്പിക്കുന്ന നിറങ്ങളാണ്.

ലോഗോയിൽ ഫ്രാൻസിസ് പാപ്പായുടെ പേരിന് താഴെയാണ് ദൈവത്തിന്റെ ദാസൻ എന്ന് എഴുതിയിരിക്കുന്നത്. മൊറോക്കോ എന്ന് അറബിയിലും എഴുതിയിട്ടുണ്ട്. ദ്വിദിന സന്ദര്‍ശനത്തിനിടെ രാജ്യത്തെ മുസ്ലീം സംഘടനകളുടെ തലവനുമായി പാപ്പാ കൂടിക്കാഴ്ചയും നടത്തും. വിശുദ്ധ ഫ്രാൻസിസ് അസീസിയും ഈജിപ്തിലെ സുൽത്താൻ അൽ മാലിക് അൽ കമീലുമായി നടന്ന കൂടിക്കാഴ്ചയ്ക്കുശേഷം ആദ്യമായാണിത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.