‘നമ്മള്‍’ എന്ന വിശാലമായ ലോകത്തേയ്ക്ക് ഒന്നിച്ചു നീങ്ങേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കുടിയേറ്റക്കാരുടേയും അഭയാര്‍ത്ഥികളുടേയും ആഗോളദിനത്തില്‍ മാര്‍പാപ്പ

മാനവകുടുംബത്തിന്റെ ഐശ്വര്യത്തിനും നീതിയും സമാധാനവും നിറഞ്ഞ ലോകത്തിനും വേണ്ടി ‘നമ്മള്‍’ എന്ന വിശാലമായ ലോകത്തേയ്ക്ക് ഒന്നിച്ചു നീങ്ങേണ്ടത് ആവശ്യമാണെന്ന് 2021-ലെ കുടിയേറ്റക്കാരുടേയും അഭയാര്‍ത്ഥികളുടേയും ആഗോളദിനമായ മേയ് ആറിന് നല്‍കിയ സന്ദേശത്തില്‍ ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു.

ഈ മഹാവ്യാധിയുടെ അവസാനത്തിലെങ്കിലും ‘അവര്‍’, ‘ഇവര്‍’ എന്നെല്ലാമുള്ള വാക്കുകള്‍ ഉപേക്ഷിച്ച് ‘നമ്മള്‍’ , ‘നാം’ എന്നീ വാക്കുകള്‍ ഉപയോഗിച്ച് ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിയട്ടെയെന്നും പാപ്പാ പ്രത്യാശ പ്രകടിപ്പിച്ചു. ‘എല്ലാവരും സഹോദരങ്ങള്‍’ (Fratellit Tutti) എന്ന തന്റെ ചാക്രികലേഖനത്തില്‍ നിന്നും എടുത്ത ചിന്തയാണ് സന്ദേശത്തിന് ആമുഖമായി പാപ്പാ നല്‍കിയത്. കൂട്ടായ്മയുടേയും സഹോദര്യത്തിന്റെയും നവമായ ജീവിതശൈലിക്കുള്ള ആഹ്വാനമാണ് ഈ വര്‍ഷത്തെ അഭയാര്‍ത്ഥികളുടേയും കുടിയേറ്റക്കാരുടേയും ദിനത്തിനുള്ള സന്ദേശത്തിലൂടെ താന്‍ ലക്ഷ്യം വയ്ക്കുന്നതെന്നും പാപ്പാ പറഞ്ഞു.

എല്ലാവരും ഇക്കാലത്ത് വിവിധ തരത്തിലാണ് യാതനകള്‍ അനുഭവിക്കുന്നത്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നവര്‍ ഒരേ മനസ്സോടും ശക്തിയോടും ലക്ഷ്യത്തോടും കൂടെ ഒത്തുപിടിച്ചാല്‍ രക്ഷപ്പെട്ടേക്കാം. മറിച്ച് കുറച്ചുപേര്‍ അലസരായാല്‍ രക്ഷയ്ക്കുള്ള സാദ്ധ്യതയും കുറഞ്ഞുവരും. എല്ലാവരും നശിക്കാനും സാദ്ധ്യതയുണ്ട്. നല്ല സമറിയക്കാരന്റെ മനോഭാവം എല്ലാവരിലേയ്ക്കും വ്യപരിച്ചാല്‍ നമുക്ക് എല്ലാവര്‍ക്കും രക്ഷ നേടാം. സ്വാര്‍ത്ഥത വെടിഞ്ഞ് എല്ലാവരെയും സഹായിക്കുന്ന തുറവുള്ള മനോഭാവമാണ് ഈ മഹാവ്യാധിയെ മറികടക്കാനുള്ള ഏകമാര്‍ഗ്ഗമെന്നും പാപ്പാ സന്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.

“ഒന്നിച്ചു സ്വപ്‌നം കാണാനും ഭയമില്ലാതെ അതിലേയ്ക്ക് സഞ്ചരിക്കാനുമാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. അതാകട്ടെ, ഒരു മാനവകുടുംബമായി, ഒരേ യാത്രയിലെ സുഹൃത്തുക്കളായി, ഒരേയൊരു ഭൂമിയുടെ പുത്രന്മാരും പുത്രികളുമായി, സഹോദരീസഹോദരന്മാരായി നമുക്ക് സഞ്ചരിക്കാം. ആരേയും മാറ്റിനിര്‍ത്താതെ” – പാപ്പാ കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.