കുട്ടികള്‍ക്കെതിരായ പീഡനം മാനസികമായ കൊലപാതകമാണെന്ന് മാര്‍പാപ്പ

കുട്ടികള്‍ക്കെതിരായ പീഡനവും ചൂഷണവും മാനസികമായ കൊലപാതകമാണെന്ന് ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു. ബാലപീഡനത്തിനെതിരെ പ്രവര്‍ത്തിക്കുന്ന മേത്തര്‍ അസോസിയേഷനിലെ പ്രതിനിധിസംഘത്തെ ശനിയാഴ്ച അഭിസംബോധന ചെയ്യവേയാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“മടി കൂടാതെ നിങ്ങള്‍ ജോലി തുടരുക. കുട്ടികളുടെ വിദ്യാഭ്യാസത്തിന് കൂടുതല്‍ പ്രാധാന്യം കൊടുക്കുക. പീഡനത്തിന്റേയും ചൂഷണത്തിന്റേയും മനോഭാവം സമൂഹത്തില്‍ നിന്ന് ഒഴിവാക്കാന്‍ അതിലൂടെ സാധിക്കും” – അമ്പതോളം വരുന്ന പ്രതിനിധിസംഘത്തോടായി പാപ്പാ പറഞ്ഞു. കുടുംബങ്ങളേയും വിദ്യാഭ്യാസസ്ഥാപനങ്ങളേയും സാമൂഹ്യപ്രസ്ഥാനങ്ങളേയും കുട്ടികള്‍ക്കെതിരെ ഉണ്ടാവുന്ന തിന്മകള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ പാപ്പാ ക്ഷണിക്കുകയും ചെയ്തു.

കുട്ടികളെ ബലിയാടുകളാക്കുന്ന പീഡനങ്ങള്‍ ദൗര്‍ഭാഗ്യവശാല്‍ ഇപ്പോഴും നടക്കുന്നതിനാല്‍ ഇതുപോലുള്ള പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ന് അനിവാര്യമാണെന്നും കുട്ടികള്‍ക്കെതിരെ നടക്കുന്ന ലൈംഗികചൂഷണത്തില്‍ നിന്ന് അവരെ രക്ഷിക്കുകയും കുട്ടികളെ വില്പനച്ചരക്കാക്കുകയും അവരെ ദുരുപയോഗം ചെയ്യുകയും ചെയ്യുന്നവരെ കണ്ടെത്തുകയും ചെയ്യുക എല്ലാ രാഷ്ട്രങ്ങളുടെയും കടമയാണെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.

1989-ല്‍ ഇറ്റലിയില്‍, ഫാ. ഫോര്‍ച്ചുനേറ്റോ ഡി നോറ്റോ എന്ന വൈദികന്‍ ആരംഭിച്ച ഗ്രൂപ്പാണ് മേത്തര്‍ അസോസിയേഷന്‍. കുട്ടികളുടെ അവകാശങ്ങള്‍ക്കു വേണ്ടി പോരാടുക, അവര്‍ക്കെതിരെ ഉണ്ടാവുന്ന ശാരീരികവും മാനസികവുമായ അക്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുക, കുട്ടികള്‍ക്ക് നീതി ലഭ്യമാക്കുക എന്നിവയൊക്കെയാണ് ഈ സംഘടനയുടെ പ്രധാന ലക്ഷ്യങ്ങള്‍.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.