രാഷ്ട്രീയനേതൃത്വം ജനനന്മ ലക്ഷ്യമാക്കണം: മാര്‍പാപ്പ

ലബനന്‍ പ്രധാനമന്ത്രി, സായിദ് ഹരീരി ഏപ്രില്‍ 22 വ്യാഴാഴ്ച രാവിലെ വത്തിക്കാനിലെത്തി ഫ്രാന്‍സിസ് പാപ്പായുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തിയതായി വത്തിക്കാന്റെ പ്രസ്സ് ഓഫീസ് അറിയിച്ചു. 35 മിനിറ്റുകള്‍ നീണ്ടതായിരുന്നു പാപ്പായും സായിദ് ഹരീരിയും തമ്മിലുള്ള സംഭാഷണം. അനിശ്ചിതത്വത്തിലും ക്ലേശങ്ങളിലും കഴിയുന്ന ലബനീസ് ജനതയ്ക്ക് തന്റെ സാന്ത്വനവും ആത്മീയസാമീപ്യവും പാപ്പാ വാഗ്ദാനം ചെയ്തു. എന്നാല്‍ കേഴുന്ന ജനതയ്ക്കായി പൂര്‍ണ്ണമായും അടിയന്തിരമായും സമര്‍പ്പിതമാകുവാനായിരിക്കണം രാഷ്ട്രീയനേതൃത്വത്തിന്റെ പ്രഥമലക്ഷ്യമെന്ന് പാപ്പാ സെയിദ് ഹരീരിയെ ഉദ്‌ബോധിപ്പിച്ചതായും പ്രസ്സ് ഓഫീസിന്റെ പ്രസ്താവന വെളിപ്പെടുത്തി.

ചുറ്റുപാടുകള്‍ മെച്ചപ്പെട്ടാല്‍ ലബനന്‍ സന്ദര്‍ശിക്കുന്നതിലുള്ള ആഗ്രഹം പ്രകടമാക്കിയ പാപ്പാ, മതവൈവിധ്യങ്ങളാലും ഭിന്നിപ്പുകളാലും ഇപ്പോള്‍ ദുര്‍ബലമായ രാജ്യത്തെ അനുരഞ്ജനത്തിലൂടെ ശക്തിപ്പെടുത്തി കൂട്ടായ്മയുടേയും സഹവര്‍ത്തിത്വത്തിന്റേയും ദേശമാക്കി വളര്‍ത്തണമെന്നും ഉദ്‌ബോധിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.