വിശ്വാസത്തിൽ ഐക്യപ്പെട്ട് കത്തോലിക്കാ-ഓർത്തഡോക്സ്‌ കൂട്ടായ്മ ദൃശ്യമാക്കുക: ഫ്രാൻസിസ് പാപ്പാ

പരിശുദ്ധ ത്രീത്വത്തിലുള്ള വിശ്വാസത്തിൽ ഐക്യപ്പെട്ട് പരസ്പരമുള്ള കത്തോലിക്കാ-ഓർത്തഡോക്സ്‌ കൂട്ടായ്മ ലോകത്തിനു മുന്നിൽ ദൃശ്യമാക്കാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പാ. കോൺസ്റ്റാന്റിനോപ്പിളിലെ ആർച്ചുബിഷപ്പ് എക്യുമെനിക്കൽ പാത്രിയാർക്കീസ് ബർത്തലോമിയോക്ക് അവിടുത്തെ സഭയുടെയും എക്യുമെനിക്കൽ പാത്രിയാർക്കേറ്റിന്റെയും രക്ഷാധികാരിയും ക്രിസ്തുവിന്റെ ആദ്യ ശിഷ്യനും വി. പത്രോസിന്റെ സഹോദരനുമായ വി. അന്ത്രയോസിന്റെ തിരുനാൾ ദിനത്തിൽ അയച്ച സന്ദേശത്തിലാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്.

ഇത്, തങ്ങൾ തമ്മിലുള്ള സഹോദര്യ സഹൃദം മൂലം മാത്രമല്ല മറിച്ച്, റോമിലെ സഭയും കോൺസ്റ്റാന്റിനോപ്പിൾ സഭയും തമ്മിൽ പണ്ടു മുതലേയുള്ളതും അഗാധവുമായ വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും ബന്ധം കൂടി പരിഗണിച്ചാണ് എന്ന് പാപ്പാ കൂട്ടിച്ചേർത്തു. ഈ തിരുന്നാൾ ആഘോഷത്തിൽ, തന്റെ ആത്മീയസാന്നിധ്യം വാഗ്ദാനം ചെയ്ത ഫ്രാൻസിസ് പാപ്പാ, അപ്പസ്തോലനായ വി. അന്ത്രയോസിന്റെ തിരുനാൾ ദിനത്തിൽ, വി. ഗീവർഗ്ഗീസിന്റെ നാമധേയത്തിലുള്ള പാത്രിയാർക്കൽ ദേവാലയത്തിൽ ദിവ്യകാരുണ്യ കൂദാശക്കായി ഒത്തുകൂടിയ സഹോദര മെത്രന്മാർക്കും വൈദികർക്കും സന്യാസിമാർക്കും സാധാരണ വിശ്വാസികൾക്കും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ആശംസകൾ അറിയിക്കാൻ താൻ ഒരു പ്രതിനിധിസംഘത്തെ അയച്ചിട്ടുണ്ട് എന്നും എഴുതി.

എക്യൂമെനിക്കൽ പാത്രിയർക്കീസിന്റെ സമീപകാലത്ത് നടന്ന റോമാ സന്ദർശനവേളയിൽ ലോകത്തിന്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ചും ഭാവിയെക്കുറിച്ചുമുള്ള ആശങ്കകൾ പങ്കുവയ്ക്കാൻ മാത്രമല്ല, സൃഷ്ടിയുടെ പരിപാലനം, ഭാവിതലമുറയുടെ വിദ്യാഭ്യാസം, വിവിധ മതപാരമ്പര്യങ്ങൾ തമ്മിലുള്ള സംഭാഷണം, സമാധാനത്തിനായുള്ള അന്വേഷണം തുടങ്ങി, മാനവിക കുടുംബം അഭിമുഖീകരിക്കുന്ന നിർണ്ണായകമായ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നമ്മുടെ പൊതുവായ പ്രതിബദ്ധത പ്രകടിപ്പിക്കാനും സാധിച്ചതിലുള്ള സന്തോഷം പാപ്പാ എടുത്തുപറഞ്ഞു.

ഈ ഒരു അർത്ഥത്തിൽ, ഇടയന്മാർ എന്ന നിലയിൽ നമ്മുടെ സഭകളോടൊത്ത് ഇതിനകം തന്നെ നമ്മെ ഒന്നിപ്പിക്കുന്ന അഗാധമായ ബന്ധം കൂടുതൽ ശക്തിപ്പെടുത്താമെന്ന് പാപ്പാ ആഹ്വാനം ചെയ്തു. കാരണം നിലവിലുള്ള വെല്ലുവിളികളുടെ മുന്നിൽ നമ്മുടെ പൊതുവായ ഉത്തരവാദിത്വം ഉരുവാകുന്നത് സർവ്വശക്തനും ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവുമായ ദൈവത്തിൽ നിന്നും നമ്മുടെ രക്ഷയ്ക്കു വേണ്ടി മനുഷ്യനായിത്തീർന്ന് മരിക്കുകയും മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുകയും ചെയ്‌ത ഏകകർത്താവായ യേശുക്രിസ്തുവിലും കർത്താവും ജീവദാതാവും വ്യത്യാസങ്ങൾ ഇല്ലാതാക്കാതെ അവയെ സമന്വയിപ്പിക്കുന്നവനുമായ പരിശുദ്ധാത്മാവിൽ നിന്നുമാണെന്ന് പാപ്പാ എഴുതി.

ഈ വിശ്വാസത്തിൽ ഐക്യപ്പെട്ട് നമ്മുടെ കൂട്ടായ്മയെ ദൃശ്യമാക്കാൻ നമുക്ക് പരിശ്രമിക്കാമെന്ന് ആഹ്വാനം ചെയ്ത പാപ്പാ, ദൈവശാസ്ത്രപരവും സഭാശാസ്ത്രപരവുമായ വിഷയങ്ങൾ നമ്മുടെ നിരന്തരമായ ദൈവശാസ്ത്ര സംവാദത്തിന്റെ പ്രവർത്തനത്തിന്റെ കേന്ദ്രബിന്ദുവായി നിലനിൽക്കുന്നുവെന്ന് തിരിച്ചറിയുമ്പോഴും സാധ്യമായ മേഖലകളിൽ കൂടുതൽ ഒരുമിച്ച് പ്രവർത്തിക്കാൻ, പ്രത്യേകിച്ച് അങ്ങനെയുള്ള പ്രവർത്തനങ്ങൾ ആവശ്യമായ ഇടങ്ങളിൽ, കത്തോലിക്കർക്കും ഓർത്തഡോക്‌സുകാർക്കും സാധിക്കട്ടെ എന്നാണ് തന്റെ പ്രതീക്ഷ എന്ന് എടുത്തുപറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.