സ്വിസ്സ് പ്രസിഡന്റുമായി ഫ്രാന്‍സിസ് പാപ്പാ കൂടിക്കാഴ്ച നടത്തി

സ്വിസ്സ് പ്രസിഡന്റ് ഗയ് പാര്‍മെലിനുമായി വത്തിക്കാനില്‍ വച്ച് ഫ്രാന്‍സിസ് പാപ്പാ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ ഇരുനേതാക്കളും രാജ്യങ്ങള്‍ പരസ്പരമുള്ള നല്ല ബന്ധത്തേയും അന്താരാഷ്ട്ര വിഷയങ്ങളില്‍ തുടര്‍ന്നും ഒന്നിച്ചുപ്രവര്‍ത്തിക്കാനുള്ള താല്‍പര്യത്തേയും കുറിച്ചാണ് സംസാരിച്ചത്. വത്തിക്കാനില്‍ പുതിയ സ്വിസ്സ് ഗാര്‍ഡുകള്‍ സത്യപ്രതിജ്ഞ ചെയ്ത ദിനം തന്നെയാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. സ്വിസ്സ് ഗാര്‍ഡുകള്‍ ചെയ്തുവരുന്ന സ്തുത്യര്‍ഹമായ സേവനങ്ങളേയും ഇരുനേതാക്കളും അഭിനന്ദിച്ചു.

പരിശുദ്ധ സിംഹാസനവും സ്വിറ്റ്‌സര്‍ലണ്ടും തമ്മിലുള്ള നല്ല ബന്ധങ്ങളിലും ഫലദായക സഹകരണത്തിലും പരസ്പരം നന്ദി രേഖപ്പെടുത്തിയതിനുശേഷം ഇരുവരും സമ്മാനങ്ങളും കൈമാറി. സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയാത്രോ പരോളിനുമായും വത്തിക്കാന്റെ വിദേശ കാര്യാലയത്തിന്റെ കാര്യദര്‍ശി ആര്‍ച്ചുബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ഗാല്ലഗെറുമായും കൂടിക്കാഴ്ച നടത്തിയശേഷമാണ് സ്വിസ്സ് പ്രസിഡന്റ് മടങ്ങിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.