കത്തോലിക്കർക്കും പൗരസ്ത്യ ഓർത്തഡോക്സുകാർക്കും വിശുദ്ധിയിൽ പൊതുവായ പൈതൃകം അവകാശപ്പെടാനാകും 

കത്തോലിക്കർക്കും പൗരസ്ത്യ ഓർത്തഡോക്സുകാർക്കും വിശുദ്ധിയിൽ പൊതുവായ പൈതൃകം അവകാശപ്പെടാനാകും എന്ന് ഫ്രാൻസിസ് പാപ്പാ. ഇന്നലെ ചെക്കോ സ്ലോവാക്യയുടെ സഭാതലവനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പാ ഈ കാര്യം സൂചിപ്പിച്ചത്. വി. സിറിളിനെയും വി. മെഥോഡിയസിനേയും ഇരു സഭകളും അംഗീകരിക്കുന്നുണ്ടെന്നും അത് പൊതു ഐക്യത്തിന്റെ  ഘടകമാണെന്നും പാപ്പാ ഓർമിപ്പിച്ചു.

“കിഴക്കൻ യൂറോപ്പിൽ ഒൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വലിയ സുവിശേഷ പ്രഘോഷകരായിരുന്നു വി. സിറിളും  വി. മെഥോഡിയസും. ഇരുവരും അടിമകളായവർക്കു വേണ്ടി ജീവിച്ചവരായിരുന്നു. ഇവരുടെ വിശുദ്ധി നമ്മെ ഐക്യപ്പെടുത്തിയിരിക്കുന്നു.  ഇത് ക്രിസ്ത്യാനികളായ നമുക്ക് ഒരു പാരമ്പര്യം അവകാശപ്പെടാൻ ഉണ്ട് എന്ന കാര്യം നമ്മെ ഓർമിപ്പിക്കുന്നു. അതിനാൽ തന്നെ തുടർന്നും നാം പരിശുദ്ധമായ ഈ പാരമ്പര്യം പങ്കുവയ്‌ക്കേണ്ടിയിരിക്കുന്നു” എന്ന് ഫ്രാൻസിസ് പാപ്പാ ഓർത്തഡോക്സ് ആർച്ചു ബിഷപ്പ് റസ്റ്റിസ്ലാവിനോട് പറഞ്ഞു.

“ധാരാളം സാക്ഷികളും എണ്ണാൻ കഴിയുന്നതിലപ്പുറം രക്തസാക്ഷികളും ക്രിസ്തുവിലുള്ള ഐക്യത്തെപ്രതി ഉണ്ടായിട്ടുണ്ട്. ഇന്നും ക്രിസ്തീയ വിരുദ്ധ പീഡനങ്ങളിലൂടെ അതുതന്നെ സംഭവിക്കുന്നു. പീഡനങ്ങളുടെ നടുവിലും ഐക്യത്തിൽ മുന്നേറാൻ കഴിയണം. അതിനു വി. സിറിളും  വി. മെഥോഡിയസും നമ്മെ സഹായിക്കും. ഈ വിശുദ്ധരുടെ സാക്ഷ്യം ഐക്യത്തിലേക്കുള്ള നമ്മുടെ യാത്രയിൽ സഹായവും പ്രചോദനവുമായി തീരട്ടെ ” പാപ്പാ കൂട്ടിച്ചേർത്തു.

കൂടിക്കാഴ്ചയിൽ വി. സിറിളിന്റെയും   വി. മെഥോഡിയസിന്റെയും ഐക്കൺ മെത്രാപ്പോലീത്ത പാപ്പായ്ക്ക് സമ്മാനിച്ചു. ഒരു സൗഹൃദത്തിന്റെ തുടക്കവും ഭാവിയിലേക്കുള്ള പ്രത്യാശയുടെ പ്രതീകവുമായിരിക്കട്ടെ ഈ സമ്മാനം എന്ന് അദ്ദേഹം ആശംസിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.