ദൈവരാജ്യത്തിന്റെ വയലിനെ ഒരുമിച്ച് പരിപോഷിപ്പിക്കാം: പാപ്പാ

നിക്കോസിയയിലെ ഓർത്തഡോക്സ് കത്തീഡ്രൽ ദേവാലയത്തിൽ വിശുദ്ധ സിനഡുമായുള്ള കൂടിക്കാഴ്ച നടന്ന അവസരത്തിൽ പരിശുദ്ധ പിതാവ് നൽകിയ പ്രഭാഷണം.

സിനഡിനും മെത്രാന്മാർക്കും ഡീക്കന്മാർക്കും സൈപ്രസ് ഓർത്തോഡോക്സ് സഭയിലെ എല്ലാ വിശ്വാസികൾക്കും പാപ്പായും അവരും തമ്മിലുള്ള സംവാദത്തെ പ്രോൽസാഹിപ്പിക്കുന്ന അവരുടെ തുറവിനും ഫ്രാൻസിസ് പാപ്പാ നന്ദി രേഖപ്പെടുത്തി. നമുക്ക് ഒരു പൊതുവായ അപ്പോസ്തോലിക ഉത്ഭവം ഉണ്ട് എന്നതിന്റെ സൂചനയാണ് ഇവിടെ ആയിരിക്കാ൯ ലഭിച്ച കൃപ നമ്മോടു സൂചിപ്പിക്കുന്നത്. സൈപ്രസിലൂടെ സഞ്ചരിച്ച് റോമിലെത്തിയ പൗലോസ് അപ്പോസ്തലന്റെ അതേ അപ്പോസ്തോലിക തീക്ഷ്ണതയുടെ അവകാശികളാണ് നാം. ‘സാന്ത്വനത്തിന്റെ പുത്രൻ’എന്നും ‘പ്രബോധനത്തിന്റെ പുത്രൻ’ എന്നും വിളിക്കപ്പെടുന്ന വിശുദ്ധ ബർണബാസിന്റെ സവിശേഷതകൾ ഇന്നത്തെ സുവിശേഷ പ്രഘോഷണത്തിൽ നിന്ന് ഒഴിച്ചുകൂടാനാകാത്തതാണ് എന്ന് പാപ്പാ അവരോടു പറഞ്ഞു.

യഥാർത്ഥ സ്വാതന്ത്ര്യത്തിന് സ്വകാര്യമായി തുടരാനാവില്ല. മറിച്ച് അത് പ്രബോധനത്തിൽ ആവിഷ്കാരം കണ്ടെത്തുകയും സ്വാതന്ത്ര്യത്തെ നന്മയിലേക്ക് നയിക്കുകയും ചെയ്യണം. എല്ലാ പ്രബോധനങ്ങളും ദൈവീകസാന്ത്വനത്തിലും സാന്നിധ്യത്തിലും അടിസ്ഥാനമായിരിക്കുകയും അതോടൊപ്പം തന്നെ സാഹോദര്യപരമായ ഉപവി പ്രവർത്തികളാൽ അനുധാവനം ചെയ്യുന്നവയുമായിരിക്കണം. സാന്ത്വനത്തിന്റെ പുത്രനായ ബർണബാസ് നമ്മോടാവശ്യപ്പെടുന്നത് സുവിശേഷം മനുഷ്യകുലത്തിൽ എത്തിക്കാനാണ്. അതിന് ജനങ്ങളുമായുള്ള വ്യക്തിപരമായ കണ്ടുമുട്ടലും അവരെ കേൾക്കാനുള്ള തുറവും അവരുടെ ചോദ്യങ്ങളിൽ ശ്രദ്ധയും ആവശ്യമാണ്. അപ്പോൾ ജനങ്ങളുടെ അസ്തിത്വപരമായ ആവശ്യങ്ങളിൽ നമുക്ക് കൂടതൽ ശ്രദ്ധ നൽകാൻ കഴിയും.

ഐക്യത്തിലൂടെ സുവിശേഷ കൈമാറ്റം

സുവിശേഷം കൈമാറ്റം ചെയ്യുന്നത് ആശയവിനിമയത്തിലൂടെ എന്നതിനെക്കാൾ ഐക്യത്തിലൂടെയാണെന്ന് പാപ്പാ അടിവരയിട്ടു. അതിനാലാണ് കത്തോലിക്കാ സഭ വരുന്ന വർഷങ്ങളിൽ സഭയുടെ സിനഡൽ തലം വീണ്ടും കണ്ടെത്താൻ പരിശ്രമിക്കുന്നത്. ഇക്കാര്യത്തിൽ ഓർത്തഡോക്സ് സഭയ്ക്ക് അവരുടെ സിനഡൽ അനുഭവം വഴി കത്തോലിക്കാ സഭയെ സഹായിക്കാനാകും എന്ന് പാപ്പാ അറിയിച്ചു. കത്തോലിക്കാ സഭയും ഓർത്തഡോക്സ് സഭയും തമ്മിലുള്ള ദൈവശാസ്ത്രപരമായ സംവാദത്തിനായുള്ള അന്തർദേശീയ സംയുക്ത സമിതികളിലെ സജീവമായ പങ്കാളിത്തം സഹോദര്യ സഹകരണത്തിൽ പ്രകടമാണെന്ന് പറഞ്ഞ പാപ്പാ അതിന് നന്ദി പറയുകയും ചെയ്തു.

പരസ്പരം കണ്ടുമുട്ടാനും അറിയാനും മുൻവിധികൾ നീക്കാനും നമ്മുടെ വിശ്വാസ അനുഭവത്തെ തുറവോടെ കേൾക്കാനുമുള്ള അവസരം വീണ്ടും ഉണ്ടാകും എന്ന് പാപ്പാ പ്രത്യാശ പ്രകടിപ്പിച്ചു. ഇത് കൂടുതൽ നന്നായി ചെയ്യാനും സാന്ത്വനത്തിന്റെ ആത്മീയ ഫലം പുറപ്പെടുവിക്കാനുള്ള ഒരു ആഹ്വാനം ആയിരിക്കും. ഇക്കാര്യത്തിൽ തന്റെയും കത്തോലിക്കാസഭയുടെയും പ്രാർത്ഥനയും സാമീപ്യവും വാഗ്ദാനം ചെയ്ത പാപ്പാ അവരുടെ ദുഃഖങ്ങളും സന്തോഷങ്ങളും തങ്ങളുടേതുമാണെന്നും അവരുടെ പ്രാർത്ഥന തങ്ങൾക്കും ആവശ്യമുണ്ടെന്നും അറിയിച്ചു.

കടപ്പാട്: വത്തിക്കാൻ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.