രോഗബാധിതരായ കുട്ടികളെ കാണുവാന്‍ അപ്രതീക്ഷിതമായി എത്തിയ അതിഥി 

രോഗബാധിതരായ കുട്ടികളെ സന്ദര്‍ശിക്കാനായി അപ്രതീക്ഷിതമായി കടന്നെത്തിയ അതിഥിയെ കണ്ടു ആശുപത്രി അതികൃതര്‍ അമ്പരന്നു. മുന്നറിയിപ്പില്ലാതെ കടന്നെത്തിയ ആ അതിഥി ഫ്രാന്‍സിസ് പാപ്പാ ആയിരുന്നു!  വെള്ളിയാഴ്ചകളില്‍ താന്‍ നടത്താറുള്ള സന്ദര്‍ശങ്ങളുടെ ഭാഗമായി ആണ് വത്തിക്കാനിലെ ‘ബംബീനോ ജെസു’ ആശുപത്രിയിലെ കുട്ടികളെ പപ്പാ സന്ദര്‍ശിച്ചത്.

പടിഞ്ഞാറെ റോമില്‍ നിന്ന് 20 മൈല്‍ അകലെയുള്ള  ‘ബംബീനോ ജെസു’ എന്ന ആശുപത്രില്‍ ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ സന്ദര്‍ശനത്തിനായി എത്തിയ പാപ്പാ വിവിധ വിഭാഗങ്ങളിലായി ചികില്‍സയില്‍ കഴിയുന്ന കുട്ടികളെ സന്ദര്‍ശിക്കുകയും അവരെ ആശ്വസിപ്പികുകയും ചെയ്തു. കുട്ടികളുടെ വേദനകളില്‍ നിശബ്ദമായി പങ്കുചേരുന്ന മാതാപിതാക്കളെ പാപ്പാ പ്രത്യേകം അനുഗ്രഹിച്ചു.

“പോപ്പിന്റെ ആശുപത്രി” എന്നറിയപ്പെടുന്ന ‘ബംബീനോ ജെസു’ ലോകത്തെ അറിയപ്പെടുന്ന കുട്ടികളുടെ ആശുപത്രികളില്‍ ഒന്നാണ്. 1869 ൽ  ഡച്ചസ്  അറബെല്ല  സാൽവിയാത്തിയാല്‍ സ്ഥാപിതമായ ഈ ആശുപത്രി കൂടുതൽ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 1924 ൽ പയസ് XI നു കൈമാറിയിരുന്നു. പോളിയോ രോഗികളെ പ്രത്യേകം പരിപാലിക്കുന്ന “പോണ്ടിഫീച്യ ഓപ്പറ ഡി അസിസ്റ്റന്‍സാ” ക്ലിനിക്കിന്റെ പ്രവർത്തനവുമായി ‘ബംബീനോ ജെസു’വിന്റെ പ്രവര്‍ത്തങ്ങളെ യോജിപ്പിച്ചു കൊണ്ട്  പോൾ ആറാമൻ പാപ്പാ 1978 ല്‍  പാലിഡോറോ ക്യാമ്പസ് സ്ഥാപിച്ചു.

ഈ ക്യാമ്പസില്‍ ഇന്നു ‘പ്രിയ മാർപ്പാപ്പാ, ഞാൻ അങ്ങേയ്ക്ക് ഒരു ചിത്രം തരാം’  എന്നര്‍ത്ഥമുള്ള ‘കാരോ പാപ്പാ, തി റെഗലോ ഉൻ ഡീസെഞ്ഞോ’ എന്ന വാചകം പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ലോകമെമ്പാടുമുള്ള കുട്ടികൾ മെയിൽ വഴിയോ അല്ലെങ്കില്‍ സന്ദര്‍ശകരിലൂടെയോ പാപ്പായ്ക്ക് അയക്കുന്ന ചിത്രങ്ങള്‍ ‘ലാ ചിവില്‍ത്ത കറ്റോലിക്ക’  എന്ന ജെസ്യൂട്ട് ദിനപത്രവുമായി ചേര്‍ന്ന് ഈ ആശുപത്രിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.