സ്വാതന്ത്ര്യത്തിന്റെ 200 ാം വാര്‍ഷികവും മാതാവിന്റെ ദര്‍ശനങ്ങളുടെ 500 ാം വാര്‍ഷികവും; മെക്‌സിക്കന്‍ ജനതക്ക് ആശംസകളും പ്രാര്‍ത്ഥനകളും നേര്‍ന്ന് മാര്‍പാപ്പ

സ്‌പെയിനില്‍ നിന്ന് ലഭിച്ച സ്വാതന്ത്ര്യത്തിന്റെ 200 ാം വാര്‍ഷികം ആഘോഷിക്കുന്ന മെക്‌സിക്കന്‍ ജനതക്ക് ആശംസകള്‍ നേര്‍ന്ന് മാര്‍പാപ്പാ. മെക്‌സിക്കന്‍ മെത്രാന്‍സമിതി അദ്ധ്യക്ഷനായ ബിഷപ്പ് റൊഗേലിയോ കബ്രേരാ ലോപസിനെ അഭിസംബോധന ചെയ്തുകൊണ്ട് അയച്ച കത്തിലാണ് മെത്രാന്മാര്‍ക്കും ദേശീയ നേതൃത്വത്തിനും മെക്‌സിക്കന്‍ ജനതക്കും ഫ്രാന്‍സിസ് പാപ്പാ അഭിവാദനങ്ങള്‍ അര്‍പ്പിച്ചത്.

മെകിസ്‌ക്കന്‍ ജനതയുടെ സന്തോഷത്തില്‍ താനും പങ്കുചേരുന്നുവെന്നും സ്വാതന്ത്ര്യം എന്നത് സമ്മാനവും ശാശ്വതമായ നേട്ടവുമാണെന്നും പാപ്പാ തന്റെ സന്ദേശത്തില്‍ കുറിച്ചു. “രാഷ്ട്രം കെട്ടിപ്പടുത്ത മൂല്യങ്ങളുടെ വേരുകള്‍ ശക്തിപ്പെടുത്താന്‍ ഈ അവസരം ഇടയാകട്ടെ. അതിന് കഴിഞ്ഞകാലത്തിന്റെ ഒരു പുനര്‍വായനയും ആവശ്യമാണ്” – പാപ്പാ ഓര്‍മ്മിപ്പിച്ചു.

മെക്‌സിക്കന്‍ സഭ തയ്യാറെടുക്കുന്ന ഗ്വാഡലൂപ്പെയിലെ മാതാവിന്റെ ദര്‍ശനങ്ങളുടെ 500 ാം വാര്‍ഷികാഘോഷങ്ങളെക്കുറിച്ചും ഈ അവസരത്തില്‍ ഫ്രാന്‍സിസ് പാപ്പാ സൂചിപ്പിച്ചു. ഗ്വാഡലൂപ്പെയിലെ മറിയം തുടര്‍ന്നും ഒരു വഴികാട്ടിയായി നിങ്ങളുടെ ഇടയില്‍ ഉണ്ടാകട്ടെയെന്നും അവളുടെ പുത്രനായ യേശുവില്‍ പങ്കാളിത്തവും ജീവന്റെ നിറവും നല്‍കട്ടെയെന്നും പാപ്പാ ആശംസിച്ചു. യേശു മെക്‌സിക്കോയിലെ എല്ലാ മക്കളേയും അനുഗ്രഹിക്കട്ടെ എന്നും പരിശുദ്ധ കന്യക അവരെ തന്റെ സ്വര്‍ഗ്ഗീയവസ്ത്രത്താല്‍ പൊതിഞ്ഞ് സംരക്ഷിക്കട്ടെ എന്നും ആശംസിച്ചു കൊണ്ടുമാണ് പാപ്പാ സന്ദേശം അവസാനിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.