മദ്ധ്യസ്ഥ വിശുദ്ധന്റെ തിരുനാളില്‍ ബുവണോസ് ആരിസ് ഇടവകയിലേയ്ക്ക് കത്തയച്ച് ഫ്രാന്‍സിസ് പാപ്പാ

അര്‍ജന്റീനയുടെ തലസ്ഥാനമായ ബുവണോസ് ആരിസിലെ ഇടവകയിലേയ്ക്ക് ഫ്രാന്‍സിസ് പാപ്പാ കത്തയച്ചു. അവിടെ ആര്‍ച്ചുബിഷപ്പായിരുന്നപ്പോള്‍, താന്‍ സന്ദര്‍ശനം നടത്തിയ സെന്റ് റെയ്മണ്ട് നൊന്നാറ്റസ് ഇടവകാംഗങ്ങള്‍ക്കാണ് പാപ്പാ സന്ദേശം അയച്ചത്.

ആഗസ്റ്റ് 22-നാണ് വി. റെയ്മണ്ട് നൊന്നാറ്റസിന്റെ തിരുനാള്‍. അമ്മ മരിച്ചശേഷം ഉദരത്തില്‍ നിന്ന് പുറത്തെടുക്കപ്പെട്ട കുഞ്ഞായിരുന്നു വി. റെയ്മണ്ട്. അതുകൊണ്ടു തന്നെ ഗര്‍ഭസ്ഥശിശുക്കളുടേയും അവരുടെ അമ്മമാരുടേയും അവരെ ശുശ്രൂഷിക്കുന്നവരുടേയുമെല്ലാം സ്വര്‍ഗ്ഗീയമദ്ധ്യസ്ഥന്‍ കൂടിയാണ് വി. റെയ്മണ്ട്.

“അഞ്ചു ദിവസത്തെ എന്റെ ഇടവക സന്ദര്‍ശനം ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. വി. റെയ്മണ്ടിനോടുള്ള, അമ്മമാരുടേയും കുട്ടികളുടേയും ദമ്പതികളുടേയുമെല്ലാം പ്രാര്‍ത്ഥനയ്ക്കും ഞാന്‍ സാക്ഷിയായിരുന്നു. വരാനിരിക്കുന്ന കുഞ്ഞുജീവിതത്തിന് ഒരു സ്തുതിഗീതമായി അതിനെ എനിക്ക് കാണാനാവുമായിരുന്നു” – സെന്റ് റെയ്മണ്ട് ഇടവകയിലെ വികാരി, ഫാ. റൂബന്‍ സെറാസിയ്ക്ക് അയച്ച സന്ദേശത്തില്‍ പാപ്പാ കുറിച്ചു. കുഞ്ഞുങ്ങളെ സ്വീകരിക്കാനൊരുങ്ങുന്ന എല്ലാവരും വി. റെയ്മണ്ടിനോട് മാദ്ധ്യസ്ഥ്യം യാചിക്കണമെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.