പാപ്പയുടെ നോമ്പുകാല സന്ദേശം അവസാന ഭാഗം 

3.  ദൈവവചനം ഒരു ദാനം

ധനവാനെയും ലാസറിനെയും കുറിച്ചുള്ള സുവിശേഷം ഉയിർപ്പു തിരുനാളിന് നന്നായി  ഒരുങ്ങാന്‍ നമ്മെ സഹായിക്കുന്നു. വിഭൂതി ബുധനാഴ്ചയിലെ തിരുകർമ്മങ്ങൾ ധനവാനോടു തികച്ചും സമാനമായ ഒരനുഭവത്തിലേക്കു നമ്മെ ക്ഷണിക്കുന്നുണ്ട്‌. വൈദികര്‍ നമ്മുടെ തലയില്‍ ചാരം പൂശുമ്പോൾ ഈ വാക്കുകള്‍ ആവര്‍ത്തിക്കുന്നു: “നീ പൊടിയാണെന്നും പൊടിയിലേക്കു മടങ്ങുമെന്നും ഓര്‍ക്കുക”. ധനവാനും ദരിദ്രനും മരിച്ചു. പക്ഷേ ആ ഉപമയിലെ വലിയ ഭാഗവും സംഭവിക്കുന്നത് മരണാനന്തര ജീവിതത്തിലാണ്. രണ്ടു കഥാപാത്രങ്ങളും ഒരു സത്യ പെട്ടെന്ന് തിരിച്ചറിയുന്നു: കാരണം, നാം ഈ ലോകത്തിലേക്ക് ഒന്നും കൊണ്ടുവന്നില്ല. ഇവിടെ നിന്ന് ഒന്നും കൊണ്ടുപോകാനും നമുക്കു സാധിക്കുകയില്ല (1 തിമോ 6:7).
മരണാനന്തര ജീവിതത്തില്‍ എന്തു സംഭവിക്കുന്നുവെന്നും നമ്മള്‍ കാണുന്നു. ധനവാൻ  അബ്രാഹത്തോടു സുദീർഘമായി സംസാരിക്കുന്നു.   താന്‍ ദൈവജനത്തിലെ അംഗമാണെന്നതിന്റെ അടയാളമായി അയാൾ അബ്രാഹത്തെ അയാള്‍ “പിതാവേ” എന്നു വിളിക്കുന്നു (ലൂക്കാ 16:24-27).  ഈ വിശദീകരണം അയാളുടെ ജീവിതത്തെ കൂടുതല്‍ വൈരുദ്ധ്യമുള്ളതാക്കുന്നു. കാരണം ആ നിമിഷംവരെയും തനിക്ക് ദൈവത്തോടുള്ള ബന്ധം അയാള്‍ പറഞ്ഞട്ടില്ല. അതുവരെ സത്യത്തിൽ  അയാളുടെ ജീവിതത്തില്‍ ദൈവത്തിനു സ്ഥാനമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ എക ദൈവം അയാൾ മാത്രമായിരുയിന്നു .

മരണാനന്തര ജീവിതത്തിലെ പീഡനങ്ങള്‍‍ക്കിടയില്‍ മാത്രമാണ് ധനവാൻ   ലാസറിനെ തിരിച്ചറിയുന്നത്. തന്‍റെ സഹനം കുറയ്ക്കാന്‍ ആ ദരിദ്രന്‍ ഒരു തുള്ളി വെള്ളം കൊടുക്കണമെന്ന് അയാള്‍ ആഗ്രഹിക്കുന്നു. അയാള്‍ക്ക് ചെയ്യാന്‍ കഴിയുമായിരുന്നതും എന്നാല്‍ ഒരിക്കലും ചെയ്യാതിരുന്നതുമായ ഒരു കാര്യത്തോടു സമാനമായ ഒരു കാര്യമാണ് ലാസറിനോട് അയാള്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത്. അബ്രഹാം സമ്പന്നനോടു പറയുന്നു: “മകനെ, നീ ഓര്‍മ്മിക്കുക, നിനക്ക് ജീവിതകാലത്ത് എല്ലാ സുഖസൗകര്യങ്ങളും ലഭിച്ചിരുന്നു. ലാസറിനോ കഷ്ടതകളും. ഇപ്പോള്‍ അവന്‍‍ ഇവിടെ ആനന്ദിക്കുകയും നീ വേദന അനുഭവിക്കുകയും ചെയ്യുന്നു” (ലൂക്കാ 16: 25). മരണാന്തര ജീവിതത്തിൽ  ഒരു തരത്തിൽ നീതി പുനസ്ഥാപിക്കപ്പെടുകയും ജീവിതത്തിലെ തിന്മകൾ നന്മ കൊണ്ടു സന്തുലിതമാക്കുകയും ചെയ്യുന്നു.

എല്ലാ ക്രൈസ്തവർക്കുമുള്ള സന്ദേശമാണ്‌ ഈ ഉപമ നൽകുന്നത്. തന്റെ സഹോദരന്മാർ പീഡകളുടെ ഈ സ്ഥലത്തു വരാതിരിക്കാൻ അവർക്കു സാക്ഷ്യത്തിനായി ലാസറീനെ അവരുടെ പക്കലേക്കു അയക്കണമേ  എന്നു ധനവാൻ അബ്രാഹത്തോടെ ആവശ്യപ്പെടുമ്പോൾ, മറു ചോദ്യമായി  അബ്രഹാം പറയുന്നു: അവർക്കു മോശയും പ്രവാചകന്മാരും ഉണ്ടല്ലോ. അവരുടെ വാക്കു കേൾക്കട്ടെ. (ലൂക്കാ 16:29) വീണ്ടും അബ്രാഹം പറഞ്ഞു മോശയും പ്രവാചകന്മാരും പറയുന്നതു അവർ കേൾക്കുന്നില്ലെങ്കിൽ മരിച്ചവരിൽ നിന്ന് ഒരുവൻ ഉയർത്താലും അവർക്കു ബോധ്യമാവുകയില്ല.  (ലൂക്കാ 16:31)

അതുവഴി, ധനവാന്റ യഥാര്‍ത്ഥ പ്രശ്നം വെളിവാകുന്നു. ദൈവവചനം കേള്‍ക്കുന്നതില്‍ പരാജയപ്പെട്ടു എന്നതാണ് അയാളുടെ എല്ലാ കഷ്ടതകളുടെയും അടിസ്ഥാനം. തൽഫലമായി അയാൾക്കു ദൈവത്തെ സ്നേഹിക്കാൻ കഴിഞ്ഞില്ല. അയൽക്കാരനോടുള്ള  വെറുപ്പു വളരുകയും ചെയ്തു. ദൈവവചനം സജീവവും ശക്തിയുള്ളതുമാണ്, ഹൃദയങ്ങളെ മാനസാന്തരപ്പെടുത്താനും അവയെ ദൈവത്തിലേക്ക് തിരിച്ചുകൊണ്ടു വചനത്തിനു ശക്തിയുണ്ട്.  ദൈവവചനമാകുന്ന ദാനത്തിനെതിരേ  നമ്മൾ ഹൃദയം  അടയ്ക്കുമ്പോള്‍ നമ്മുടെ സഹോദരീ സഹോദരന്മാരാകുന്ന ദാനത്തിനെതിരെ  നമ്മുടെ ഹൃദയം അടയ്ക്കുകയാണു ചെയ്യുക.

പ്രിയ സുഹൃത്തുക്കളെ, ക്രിസ്തുവുമായുള്ള നമ്മുടെ സമാഗമം നവീകരിക്കാൻ, , അവിടത്തെ വചനത്തിലും കൂദാശകളിലും ജീവിക്കാൻ  നമ്മുടെ അയല്‍ക്കാരമായുള്ള സ്നേഹ ബന്ധത്തിൽ വളരാൻ അനുയോജ്യമായ കാലഘട്ടമാണ് നോമ്പുകാലം. നാല്പതുദിവസത്തെ ഉപവാസകാലത്ത് പ്രലോഭകന്‍റെ വഞ്ചനകളെ പരാജയപ്പെടുത്തിയ  കര്‍ത്താവ്, നമ്മള്‍ തിരഞ്ഞെടുക്കേണ്ട വഴി  നമുക്കു കാണിച്ചുതരുന്നു. മാനസാന്തരത്തിലേക്കുള്ള യഥാര്‍ത്ഥ യാത്രയില്‍ പരിശുദ്ധാത്മാവ് നമ്മെ നയിക്കാന്‍ ഇടയാകട്ടെ. അതുവഴി ദൈവവചനമാകുന്ന ദാനം തിരിച്ചറിയാനും നമ്മെ അന്ധരാക്കുന്ന പാപത്തില്‍ നിന്ന്‍ വിശുദ്ധീകരിക്കപ്പെടാനും   ആവശ്യക്കാരയായ  നമ്മുടെ സഹോദരീസഹോദരന്മാരില്‍ സന്നിഹിതനായിരിക്കുന്ന ക്രിസ്തുവിനെ ശുശ്രൂഷിക്കുവാനും നമുക്കു കഴിയട്ടെ.

വിവിധ സഭാ സംഘടനകളിലൂടെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രചരിപ്പിക്കുന്ന  നോമ്പുകാല നോമ്പുകാല ക്യാംപെയിനുകളില്‍ പങ്കുചേര്‍ന്നുകൊണ്ടും   ആത്മീയ നവീകരണത്തിൽ പങ്കുചേരാനും അതുവഴി   മാനവ കുടുംബത്തിന്റെ  സമാഗമ സംസ്കാരത്തിൽ ഭാഗമാകുവാനും എല്ലാ വിശ്വാസികളെയും ഞാൻ പ്രോത്സാഹിപ്പിക്കുന്നു. നമുക്ക്  പരസ്പരം പ്രാർത്ഥിക്കാം. അതു വഴി  ക്രിസ്തുവിന്‍റെ വിജയത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് പാവപ്പെട്ടവർക്കും ദരിദ്രര്‍ക്കുമായി നമ്മുടെ വാതിലുകള്‍ തുറക്കാം. അപ്പോള്‍ ഈസ്റ്ററിന്‍റെ ആനന്ദം അനുഭവിക്കാനും അതു പങ്കു വയ്ക്കുവാനും  നമുക്കു സാധിക്കും.

സുവിശേഷകനായ വിശുദ്ധ ലൂക്കായുടെ തിരുനാൾ ദിനത്തിൽ ( 18 ഒക്ടോബർ 2016) വത്തിക്കാനിൽ നിന്ന്  ഫ്രാൻസീസ് പാപ്പ

 

പാപ്പയുടെ നോമ്പുകാല സന്ദേശം ഒന്നാം  ഭാഗം വായിക്കാൻ ഇവിടെ Click ചെയ്യുക 

പാപ്പയുടെ നോമ്പുകാല സന്ദേശം രണ്ടാം ഭാഗം വായിക്കാൻ ഇവിടെ Click ചെയ്യുക 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.