
പാപ്പാ സെന്റ് ജോസഫ് കത്തീഡ്രലിന്റെ മധ്യത്തില്‍ കൂടി കടന്നു വരുകയാണ്. രോഗികളെ ആശീര്‍വദിച്ചു കൊണ്ട്. അപ്പോഴാണ് കുഞ്ഞ് എസക്കിയേല്‍ പാപ്പായുടെ ദൃഷ്ടിയില് പെടുന്നത്. പാപ്പാ അടുത്തുവന്ന് അവന്റെ കാലില്‍ കൈവച്ചു, പ്രാര്‍ത്ഥിച്ചു, കയ്യിലെടുത്തു.
ഇതിലും വലിയ ഭാഗ്യം എന്താണ് ഒരു കുഞ്ഞിന് ലഭിക്കേണ്ടത്. സെന്റ് ജോസഫ് കത്തീഡ്രലില്‍ പാപ്പായുടെ സന്ദര്‍ശന വേളയിലാണ് ഈ വികാര നിര്‍ഭരമായ രംഗം അരങ്ങേറിയത്. സാധാരണ കുട്ടികളെ പോലെ ആയിരുന്നില്ല അവന്. മൂന്നു വയസുകാരനായ എസക്കിയേല്‍ റോഷന് ഗോമസ് മള്‍ട്ടി ഡിസെബിലിറ്റികളോടെ ഭൂമിയിലേയ്ക്ക് പിറന്നു വീണവനാണ്. ജീവനുണ്ട് എന്നതൊഴിച്ചാല്‍ വേറെ യാതൊന്നിനും അവന് കഴിയില്ല.
വളരെയേറെ കഷ്ടതകളിലൂടെ കടന്നു പോകുന്ന ബാല്യം. പാപ്പാ കടന്നു പോകുമ്പോള്‍ തങ്ങളുടെ കുഞ്ഞിനെ ഒന്ന് ആശീര്വദിച്ചിരുന്നെങ്കില് എന്ന് മാതാപിതാക്കളായ റോഷനും ജിജിനയും അതിയായി ആഗ്രഹിച്ചിരുന്നു. പാപ്പായെ കുഞ്ഞുമായി അടുത്ത് കാണുവാനായി വളരെ നേരത്തെ തന്നെ ഇവര്‍ അപേക്ഷിച്ചിരുന്നു. എന്നാല്‍ ആദ്യം നിരാശയായിരുന്നു ഫലം. എങ്കിലും അവര്‍ പ്രത്യാശ കൈവിട്ടില്ല. അങ്ങനെ ഇരിക്കുമ്പോഴാണ് പാപ്പാ എത്തുന്നതിനു തലേ ദിവസം രാത്രി 8.30 കഴിഞ്ഞപ്പോള്‍ ഫോണ്‍ വന്നത്. തങ്ങളുടെ കുഞ്ഞിനേയും തെരെഞ്ഞെടുത്തു എന്ന വാര്‍ത്തയായിരുന്നു അത്. അപ്പോഴും ഇങ്ങനെയൊരു കണ്ടുമുട്ടല്‍ ഇവര്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.
വളരെ സന്തോഷത്തോടെ ദൈവത്തിനു നന്ദി പറഞ്ഞു കൊണ്ട് അവര്‍ ദേവാലയത്തില്‍ എത്തി. അപ്പോഴും പാപ്പാ അടുത്തു വരുമെന്നോ ഒന്നും പ്രതീക്ഷിച്ചിരുന്നില്ല. ദൂരെ നിന്ന് പൊതുവായ ഒരു ആശീര്‍വാദം മാത്രം പ്രതീക്ഷിച്ച്, അവര്‍ അകത്ത് നിന്നു. പാപ്പാ രോഗികളെ ആശീര്‍വദിച്ചു മുന്നോട്ട് വരുകയാണ്. പെട്ടന്നാണ് എസക്കിയേലിനെ പാപ്പാ ശ്രദ്ധിക്കുന്നത്. കുഞ്ഞിനെ കണ്ടയുടനെ തന്നെ പാപ്പാ അടുത്തുവന്നു. കുഞ്ഞിനെ കൈകളില്‍ എടുത്തു. കുഞ്ഞിന്റെ കാലുകളില്‍ പിടിച്ച് പ്രാര്‍ഥിച്ചു. എന്നിട്ട് കുഞ്ഞിന്റെ തലയില്‍ ചുംബിച്ചു. എന്നിട്ട് കുഞ്ഞിനേയും അമ്മയേയും നോക്കി ചിരിച്ചു.
കുഞ്ഞിന് പ്രശ്നങ്ങളുണ്ടെന്ന് ഗര്‍ഭിണിയായി 4 മാസം കഴിഞ്ഞപ്പോള്‍ തന്നെ റോഷനും ജിജിനയും അറിഞ്ഞിരുന്നു. ആദ്യമൊക്കെ ഞങ്ങള്‍ എന്ത് ചെയ്തിട്ടാണ് എന്നോര്‍ത്ത് കരഞ്ഞിരുന്നു. പലരും നാട്ടില്‍ പോയി അബോര്ഷന് ചെയ്യാന്‍ വരെ നിര്‍ദ്ദേശം നല്കി. എന്നാല്‍ ഈ മാതാപിതാക്കള്‍ അത് വേണ്ടാ എന്നു തന്നെ തീരുമാനിച്ചു. ഒപ്പം ദൈവം തന്ന കുഞ്ഞിനെ ദാനമായി അവര്‍ സ്വീകരിച്ചു.
കുഞ്ഞിനു മള്‍ട്ടിപ്പിള്‍ ബ്രെയിന്‍ ഡിസോര്‍ഡര്‍ ആണ്. കൂടാതെ ശാരീരിക വളര്‍ച്ചയും ഇല്ല, വായിലൂടെ ആഹാരം കഴിക്കില്ല, വയറില്‍ ഒരു ട്യൂബ് വഴിയാണ് ആഹാരം കൊടുക്കുന്നത്, മലവും മൂത്രവും ട്യൂബുവഴിയാണ്, ഒന്നും ചെയ്യാന്‍ കഴിയില്ല, പൂര്‍ണ്ണമായും കിടപ്പിലാണ്. വൈദ്യ ശാസ്ത്രം അധികം ആയുസ് കാണില്ല എന്ന് വിധിച്ച ഈ കുഞ്ഞ് ഇന്ന് മൂന്നു വര്‍ഷം പിന്നിടുകയാണ്. സഹനങ്ങള്‍ക്കിടയിലും അതിനെയൊക്കെ ദൈവം ഞങ്ങള്‍ക്ക് നല്കിയ വിശുദ്ധീകരണത്തിന്റെ മാര്‍ഗ്ഗങ്ങളായി കണ്ടുകൊണ്ടു മുന്നോട്ടു നീങ്ങിയ ഈ മാതാപിതാക്കള്‍ക്ക് അനുഗ്രഹമായി മാറുകയാണ് ഇന്ന്, കുഞ്ഞ് എസക്കിയേല്‍.