യേശു ഒരു ആത്മാവല്ല, ജീവനുള്ള വ്യക്തിയാണ്: ഫ്രാൻസിസ് പാപ്പാ

യേശു ഒരു ആത്മാവല്ല ജീവനുള്ള വ്യക്തിയാണെന്ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയിൽ എത്തിച്ചേർന്ന വിശ്വാസികളോട് ഫ്രാൻസിസ് പാപ്പാ.  നമ്മുടെ സഹോദരീ സഹോദരൻമാരെ പരിപോഷിപ്പിക്കുകയും സ്നേഹിക്കുകയും ചെയ്യുമ്പോൾ നാം ക്രിസ്തുവിനെ ദർശിക്കുകയും സ്പർശിക്കുകയും ചെയ്യുന്നു. ക്രിസ്ത്യാനികളാകുക എന്നത് ഒരു ഉപദേശമോ ധാർമികപരമായ ആദർശമോ അല്ല, അത് ഉയിർത്തെഴുന്നേറ്റ കർത്താവുമായുള്ള ജീവനുള്ള ബന്ധമാണെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

വിശുദ്ധ ഗ്രന്ഥത്തിൽ യേശു ശിഷ്യന്മാരുടെ മുൻപിൽ പ്രത്യക്ഷപ്പെട്ട വചന ഭാഗത്തിന് വിശദീകരണം നൽകുകയായിരുന്നു പാപ്പാ. ജീവനുള്ള യേശുവുമായുള്ള കണ്ടുമുട്ടലിൽ സംഭവിക്കുന്ന പ്രധാനപ്പെട്ട മൂന്നു കാര്യങ്ങളാണ്. അവിടുത്തെ നോക്കുക, സ്പർശിക്കുക, ഭക്ഷണം കഴിക്കുക എന്നിവ. ഇതിൽ നോക്കുക എന്നത് വളരെ പ്രത്യേകതകളുള്ള ഒന്നാണ്. ഇത് നല്ല ഉദ്ദേശ്യവും മറ്റുള്ളവരിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകതയെയും സൂചിപ്പിക്കുന്നു. രണ്ടാമത്തെ കാര്യം സ്പർശിക്കുക എന്നതാണ്. വചനം വ്യാഖ്യാനിച്ചു കൊടുക്കുകയും അവരോടൊപ്പം യാത്ര ചെയ്യുകയും ചെയ്ത കർത്താവ് ആത്മാവല്ല യഥാർത്ഥത്തിൽ മനുഷ്യനാണെന്ന തിരിച്ചറിവ് നമുക്ക് നൽകുന്നു. അവനോട് ഒരിക്കലും അകലം പാലിക്കപ്പെടേണ്ട ആവശ്യകതയില്ലെന്നും പാപ്പാ പറഞ്ഞു. അവസാനമായി ഭക്ഷണം കഴിക്കുക എന്ന പ്രക്രിയയിൽ ജീവിക്കുവാൻ സ്വയം പരിപോഷിപ്പിക്കപ്പെടേണ്ട ആവശ്യകതയെ ഓർമ്മിപ്പിക്കുന്നു. കുടുംബത്തോടോ  സുഹൃത്തുക്കളോടോ ഒരുമിച്ച് ചെയ്യുമ്പോൾ അത് സ്‌നേഹത്തിന്റെയും കൂട്ടായ്മ്മയുടെയും ഒരു പ്രകടനമായി മാറുന്നു- പാപ്പാ അനുസ്മരിച്ചു.

അവിടുത്തെ വിശുദ്ധ ബലിയിൽ പങ്കുചേർന്നുകൊണ്ട്, അവിടുത്തെ സ്പർശിച്ചുകൊണ്ട് ദിവ്യകാരുണ്യ സ്വീകരണത്തിലൂടെ ഈ മൂന്നു പ്രക്രിയയിലും പങ്കു ചേരുവാൻ പാപ്പാ വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.