ഇറ്റാലിയന്‍ ബാസ്‌ക്കറ്റ്‌ ബോള്‍ ഫെഡറേഷന്‍ പ്രതിനിധിസംഘവുമായി പാപ്പാ കൂടിക്കാഴ്ച നടത്തി

ഇറ്റാലിയന്‍ ബാസ്‌ക്കറ്റ്‌ ബോള്‍ ഫെഡറേഷന്‍ പ്രതിനിധിസംഘവുമായി വത്തിക്കാനില്‍ വച്ച് പാപ്പാ കൂടിക്കാഴ്ച നടത്തി. സ്‌പോട്‌സ് പ്രവര്‍ത്തനങ്ങളുടെയെല്ലാം പുറകില്‍ ടീംവര്‍ക്കിന്റെയും അച്ചടക്കത്തിന്റെയും ഗുണപാഠങ്ങളുമുണ്ടെന്ന് പാപ്പാ അവരോട് പറയുകയും ചെയ്തു.

1921-ല്‍ സ്ഥാപിതമായ ഇറ്റാലിയന്‍ ബാസ്‌ക്കറ്റ് ബോള്‍ ഫെഡറേഷന്റെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് പ്രതിനിധിസംഘം വത്തിക്കാനിലെത്തി പാപ്പായെ കണ്ടത്. അന്താരാഷ്ട്ര ബാസ്‌ക്കറ്റ് ബോള്‍ ഫെഡറേഷനിലും അംഗമാണ് ഈ ഇറ്റാലിയന്‍ ബാസ്‌ക്കറ്റ് ബോള്‍ ക്ലബ്ബ്. ഇറ്റാലിയന്‍ ബാസ്‌ക്കറ്റ് ബോള്‍ ലീഗ് ഉള്‍പ്പെടെ ഇറ്റലിയിലെ ബാസ്‌ക്കറ്റ് ബോള്‍ കളികളും മത്സരങ്ങളും നടത്തുന്നത് ഈ ഫെഡറേഷനാണ്.

1955-ല്‍ പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പയുടെ സാന്നിധ്യത്തില്‍ സെന്റ് പീറ്റേഴ്‌സ് സ്വകയറില്‍ വച്ച് അരങ്ങേറിയ ഒരു ബാസ്‌ക്കറ്റ് ബോള്‍ കളിയെ ഫ്രാന്‍സിസ് പാപ്പാ അനുസ്മരിച്ചു. മനുഷ്യന്റെ സമഗ്രവികസനത്തിനു വേണ്ടിയും സമൂഹത്തിന്റെ പൊതുവായ മൂല്യവളര്‍ച്ചയ്ക്കും വേണ്ടിയും പ്രവര്‍ത്തിക്കുന്നവര്‍ എന്ന നിലയില്‍ സഭയും കായികമേഖലയും തമ്മില്‍ അഭേദ്യമായ സമാനതകളുണ്ടെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

വ്യക്തികേന്ദ്രീകൃത ജീവിതത്തില്‍ ഒതുങ്ങിക്കൂടാതെ കൂട്ടായ പരിശ്രമങ്ങളിലൂടെ വിജയം നേടുന്നത് എപ്രകാരമാണെന്ന് കായിക പ്രവര്‍ത്തനങ്ങളിലൂടെ മനസിലാക്കേണ്ടതാണെന്നും വ്യക്തിഗത മത്സരം ആണെങ്കില്‍പോലും പരസ്പരം ബഹുമാനിച്ചുകൊണ്ട് പൊതുവായ ലക്ഷ്യത്തിലേയ്ക്ക് എത്തേണ്ടത് എപ്രകാരമാണെന്നും കായികമത്സരങ്ങള്‍ പഠിപ്പിക്കുന്നുവെന്നും പാപ്പാ പറഞ്ഞു. അതുപോലെ തന്നെ അച്ചടക്കം ശീലിക്കാനും ക്ഷമയും കഠിനാദ്ധ്വാനവും ജീവിതത്തിന്റെ ഭാഗമാക്കാനും വിവിധ കായികയിനങ്ങള്‍ യുവജനങ്ങളെ സഹായിക്കുന്നുവെന്നും പാപ്പാ ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.