പാപ്പുവ ഗുനിയയിലെ മെത്രാനായി മലയാളി വൈദികന്‍ ഫാ. സിബി മാത്യു പീടികയിലിനെ പാപ്പാ നിയമിച്ചു

പാപ്പുവ ഗുനിയയിലെ അയ്ത്താപെ രൂപതയുടെ ബിഷപ്പായി മലയാളിയായ റവ. ഫാ. സിബി മാത്യു പീടികയിലിനെ ഫ്രാന്‍സിസ് പാപ്പാ നിയമിച്ചു. ഹെരാള്‍ഡ്‌സ് ഓഫ് ഗുഡ് ന്യൂസ് സഭാംഗമാണ് ഫാ. സിബി മാത്യു. ഇന്ന് റോമന്‍ സമയം ഉച്ചയ്ക്ക് പന്ത്രണ്ടിനാണ് നിയമനം സംബന്ധിച്ച അറിയിപ്പ് ഉണ്ടായത്.

1970 ഡിസംബര്‍ ആറിന് ഇടുക്കി ജില്ലയിലെ മേലോരം എന്ന സ്ഥലത്താണ് ഫാ. സിബി മാത്യു പീടികയില്‍ ജനിച്ചത്. 1995 ഫെബ്രുവരി ഒന്നിനാണ് വൈദികനായി അഭിഷിക്തനായത്. ഹെരാള്‍ഡ്‌സ് ഓഫ് ഗുഡ് ന്യൂസ് സഭാഗമായ അദ്ദേഹത്തിന്റെ ഫോര്‍മേഷന്‍ കാലഘട്ടം ഇന്ത്യയിലായിരുന്നു. തിരുപ്പട്ട സ്വീകരണത്തിനുശേഷം വൈദികാര്‍ത്ഥികളുടെ ആദ്ധ്യാത്മിക നിയന്താവും പ്രോക്യുറേറ്ററുമായി ആന്ധ്രാപ്രദേശിലെ സെന്റ് ജോസഫ് മേജര്‍ സെമിനാരിയില്‍ ശുശ്രൂഷ ചെയ്തു.

1998 ല്‍ വനീമോയില്‍ മിഷനറിയായി സേവനമാരംഭിച്ചതു മുതല്‍ വിവിധ കാലയളവുകളില്‍ മൈനര്‍, മേജര്‍ സെമിനാരികളില്‍ അധ്യാപകനായും റെക്ടറായും, ഇടവക വൈദികനായും, ഒരു വര്‍ഷം വനീമോ രൂപതയില്‍ വികാരി ജനറലായും 2008 മുതല്‍ 2014 വരെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായും സേവനമനുഷ്ഠിച്ചു. 2018 മുതല്‍ വനീമോ രൂപതയുടെ വികാരി ജനറലായി സേവനം ചെയ്തു വരികയായിരുന്നു നിയുക്ത മെത്രാന്‍.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.