പുതുതായി നിയമിക്കപ്പെട്ട സ്വിസ്സ് ഗാര്‍ഡ് അംഗങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്ന് ഫ്രാന്‍സിസ് പാപ്പാ

പൊന്തിഫിക്കല്‍ സ്വിസ്സ് ഗാര്‍ഡിലേയ്ക്ക് പുതുതായി നിയമിക്കപ്പെട്ട 34 സ്വിസ്സ് ഗാര്‍ഡ് അംഗങ്ങള്‍ക്ക് ഫ്രാന്‍സിസ് പാപ്പാ ആശംസകള്‍ നേര്‍ന്നു. സ്വിസ്സ് ഗാര്‍ഡ് അംഗങ്ങളേയും അവരുടെ കുടുംബാംഗങ്ങളേയും വത്തിക്കാനില്‍ സ്വീകരിച്ചാണ് പാപ്പാ അവരുമായി സംവദിച്ചത്.

ചരിത്രത്തിലുടനീളം ഉത്തരവാദിത്വത്തോടും സേവനമനോഭാവത്തോടും കൂടെ ആത്മാര്‍ത്ഥമായി ജോലി ചെയ്ത പോലീസ് സേനയേയും സുരക്ഷാഭടന്മാരേയും തദവസരത്തില്‍ പാപ്പാ അനുസ്മരിക്കുകയും അവരുടെ നിസ്വാര്‍ത്ഥ സേവനത്തിന് ആദരവ് അര്‍പ്പിക്കുകയും ചെയ്തു. മാര്‍പാപ്പയെ സംരക്ഷിക്കാനായി സ്വന്തം ജീവിതം തന്നെ ഉഴിഞ്ഞുവച്ചവരെന്ന് പാപ്പാ അവരെ വിശേഷിപ്പിക്കുകയും ചെയ്തു.

“ഓരോരുത്തര്‍ക്കും ഓരോ കാര്യത്തില്‍ ദൈവവിളിയുണ്ട്. ചിലര്‍ക്ക് വൈദികരാകാന്‍, ചിലര്‍ക്ക് സന്യസ്തരാകാന്‍, ചിലര്‍ക്ക് കുടുംബജീവിതത്തിന്. നിങ്ങള്‍ക്ക് സുരക്ഷാഭടന്മാര്‍ എന്ന നിലയിലുള്ള ദൈവവവിളിയാണ് ലഭിച്ചിരിക്കുന്നത്. നന്മകളുടെ ഉറവിടമായ ദൈവത്തിന് നിങ്ങളെ പ്രതി ഞാന്‍ നന്ദി പറയുന്നു. കാരണം അവിടുന്ന് പ്രത്യേകമായ വിളിയും തിരഞ്ഞെടുപ്പും നിങ്ങളുടെ കാര്യത്തില്‍ നടത്തിയിരിക്കുന്നു. വിശ്വസ്തതയോടെ അവിടുത്തെ വിളിയോട് പ്രതികരിക്കാനും ഉദാരമനസോടെ ജോലി നിര്‍വഹിക്കാനും നിങ്ങള്‍ക്ക് കഴിയട്ടേയെന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു” – പാപ്പാ കൂട്ടിച്ചേര്‍ത്തു.

വത്തിക്കാന്റെ സൈന്യമാണ് സ്വിസ് ഗാര്‍ഡുകള്‍. ലോകത്തിലെ ഏറ്റവും ചെറിയ സൈന്യവും ഇവര്‍ തന്നെ. മൈക്കിളാഞ്ചലോ രൂപകല്പന ചെയ്തതാണ് സ്വിസ്സ് സൈന്യത്തിന്റെ യൂണിഫോം. നീലയും ചുവപ്പും സ്വര്‍ണ്ണവും നിറങ്ങള്‍ ഇടകലര്‍ന്ന അപൂര്‍വ്വ വസ്ത്രവിതാനവും കടുംചുവപ്പു പൂവണിഞ്ഞ ലോഹത്തൊപ്പിയും സ്വിസ്സ് സൈന്യത്തിന്റെ തനിമയാണ്. നിരായുധരാണ് ഈ സൈനികര്‍. എന്നാല്‍ കായികബലത്തിലും അഭ്യാസത്തിലും ഇവര്‍ മുന്‍പന്തിയിലാണ്. അക്രമികളെ സ്വിസ് ഗാര്‍ഡ്‌സ് കായികബലമുപയോഗിച്ച് കീഴ്‌പ്പെടുത്തി, ഉപദ്രവിക്കാതെ ഇറ്റാലിയന്‍ പൊലീസിനെ ഏല്പിക്കുകയാണ് പതിവ്.

പാപ്പായുടെ അംഗരക്ഷകര്‍ എന്ന സവിശേഷദൗത്യമാണ് സ്വിസ്സ് ഗാര്‍ഡിനുള്ളത്. എങ്കിലും 110 ഏക്കര്‍ വിസ്തൃതിയുള്ള വത്തിക്കാന്‍ രാഷ്ട്രത്തിന്റെ വിവിധ പ്രവേശനകവാടങ്ങളുടെ സംരക്ഷണം, ചരിത്രപ്രാധാന്യമുള്ള സിസ്‌റ്റൈന്‍ കപ്പേള, പത്രോസിന്റെ ബസിലിക്കാ, ബസിലിക്കയുടെ ചത്വരം, വത്തിക്കാന്‍ മ്യൂസിയം, തോട്ടം, ബാങ്ക്, പോസ്റ്റോഫിസ്, തീര്‍ത്ഥാടകരുടെ ക്രമീകരണം എന്നിവയെല്ലാം സ്വിസ്സ് സൈന്യം നിര്‍വ്വഹിക്കുന്നു.

ചിട്ടയും പാരമ്പര്യവുംകൊണ്ട് സ്വിസ് ഗാര്‍ഡുകള്‍ ലോകത്തിലെ ഇതര സൈന്യങ്ങളില്‍നിന്നും വേറിട്ടുനില്കുന്നു. 19-മുതല്‍ 30-വരെ പ്രായപരിധിയിലുള്ള സൈനീകര്‍ സ്വിസ്സ് പൗരന്മാരും കത്തോലിക്കരുമായിരിക്കണം. ജന്മനാടായ സ്വിറ്റ്‌സര്‍ലണ്ടില്‍ സൈനിക പരിശീലനം നേടിയവരുമായിരിക്കും. വത്തിക്കാനിലെ സേവനകാലമൊക്കെയും ഇവര്‍ അവിവാഹിതരായിരിക്കും. വിശ്വാസബോദ്ധ്യങ്ങളും സഭാസമര്‍പ്പണവും പരിശുദ്ധ പിതാവിനോടുള്ള ഭക്തിയും ഇവരുടെ സവിശേഷ ഗുണങ്ങളാണ്.

1506-ലാണ് ജൂലിയസ് രണ്ടാമന്‍ പാപ്പാ മാന്യതയ്ക്കും കരബലത്തിനും വിശ്വസ്തതയ്ക്കും കീര്‍ത്തികേട്ട സ്വിസ്സ് യുവാക്കളെ വത്തിക്കാന്റെ സേവനത്തിനായി ക്ഷണിച്ചത്. അതോടെയാണ് സ്വിസ്സ് സൈന്യത്തിന്റെ വത്തിക്കാനിലെ ചരിത്രത്തിന് തുടക്കമായത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.