നാസി കൂട്ടക്കൊലയെ അതിജീവിച്ച വ്യക്തിയുടെ കരങ്ങളില്‍ ചുംബിച്ച് ഫ്രാന്‍സിസ് പാപ്പാ

നാസി കൂട്ടക്കൊലയേയും അക്കാലത്തെ നിരവധി പരീക്ഷണങ്ങളേയും അതിജീവിച്ച പോളണ്ട് സ്വദേശി ലിഡിയ മാക്‌സിമോവിച്ചുമായി ഫ്രാന്‍സിസ് പാപ്പാ ബുധനാഴ്ച വത്തിക്കാനില്‍ വച്ച് കൂടിക്കാഴ്ച നടത്തി. ആച്ച്‌വിറ്റ്‌സിലെ തടവിലായിരുന്നപ്പോള്‍ 70072 എന്ന് കൈയ്യില്‍ പച്ചകുത്തിയ ജയില്‍ നമ്പറും അവര്‍ പാപ്പായെ കാണിച്ചു. കുറച്ചു സമയം അവരെ ശ്രദ്ധിച്ച പാപ്പാ കുനിഞ്ഞ്, 76 വര്‍ഷം മുമ്പ് നടന്ന ഹീനകൃത്യങ്ങള്‍ക്ക് അവരോട് മാപ്പപേക്ഷിക്കുംവിധം അവരുടെ കൈയ്യിലെ ആ നമ്പരില്‍ ചുംബിച്ചു. 2016-ല്‍ നാസി ക്യാമ്പ് സന്ദര്‍ശിച്ച വേളയിലും വികാരാധീനനായി പാപ്പാ, ഒന്നും മിണ്ടാതെ നില്‍ക്കുകയാണ് ചെയ്തത്.

“പാപ്പാ എന്നോട് കണ്ണുകള്‍ കൊണ്ടാണ് സംസാരിച്ചത്. ഞങ്ങള്‍ കണ്ണുകളിലൂടെ പരസ്പരം സംഭാഷണം നടത്തി. പാപ്പായുടെ മനസിലൂടെ കടന്നുപോയത് എനിക്ക് മനസിലായി. ആ സമയത്ത് വാക്കുകള്‍ക്ക് പ്രസക്തി ഉണ്ടായിരുന്നില്ല” – പാപ്പായുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് ലിഡിയ പറഞ്ഞു.

നാസി കൂട്ടക്കൊലയെ അതിജീവിച്ച അവസാന വ്യക്തികളിലൊരാളാണ് ലിഡിയ. യുവജനങ്ങള്‍ക്കായി ഹോളോകോസ്റ്റ് അനുഭവങ്ങള്‍ വിവരിക്കുന്നതിനായി ഒരു സംഘടനയുടെ ക്ഷണപ്രകാരമാണ് ലിഡിയ ഇറ്റലിയിലെത്തിയത്. ഫ്രാന്‍സിസ് പാപ്പായെ താന്‍ അതിയായി സ്‌നേഹിക്കുന്നുവെന്നും അദ്ദേഹം അര്‍പ്പിക്കുന്ന എല്ലാ കര്‍മ്മങ്ങളും ടെലിവിഷനിലൂടെ താന്‍ കാണാറുണ്ടെന്നും എല്ലാ ദിവസവും അദ്ദേഹത്തേയും പ്രാര്‍ത്ഥനയില്‍ ഓര്‍മ്മിക്കാറുണ്ടെന്നും ലിഡിയ കൂട്ടിച്ചേര്‍ത്തു.

മൂന്ന് സമ്മാനങ്ങളും ലിഡിയ പാപ്പായ്ക്ക് സമര്‍പ്പിച്ചു. ഒന്ന് സ്മരണ (പോളണ്ടിനെ സൂചിപ്പിക്കുന്ന p എന്ന അക്ഷരം രേഖപ്പെടുത്തിയ ഒരു തൂവാല, രണ്ട് പ്രത്യാശ (നാസി ക്യാമ്പിനു പുറത്തുനില്‍ക്കുന്ന ഒരു അമ്മയും കുഞ്ഞും ഉള്‍പ്പെടുന്ന ചിത്രം) മൂന്ന് പ്രാര്‍ത്ഥന (ലിഡിയ താന്‍ നാളുകളായി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന ഒരു കൊന്ത പാപ്പായുടെ കൈകളില്‍ സമര്‍പ്പിച്ചിരുന്നു).

തന്റെ സന്തോഷം വാക്കുകളില്‍ അറിയിക്കാനാവുന്നില്ലെന്നും താന്‍ ഏറെ ഇഷ്ടപ്പെടുന്ന പാപ്പായെ കണ്ടുമുട്ടാന്‍ കഴിഞ്ഞത് വലിയ ദൈവാനുഗ്രഹമാണെന്നും ലിഡിയ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.