പ്രസിഡന്റ് ജോ ബൈഡന് പ്രാര്‍ത്ഥനാശംസകള്‍ നേര്‍ന്ന് മാര്‍പാപ്പ

പ്രാര്‍ത്ഥനയും ആശംസകളും

അമേരിക്കന്‍ ഐക്യനാടുകളുടെ 46-ാമത്തെ പ്രസിഡന്റായി ജനുവരി 20, ബുധനാഴ്ച ന്യൂയോര്‍ക്കിലെ കാപ്പിത്തോള്‍ കുന്നില്‍ സ്ഥാനമേറ്റതിലുള്ള സന്തോഷം അറിയിച്ചുകൊണ്ടും പ്രാര്‍ത്ഥന നേര്‍ന്നുകൊണ്ടുമാണ് പാപ്പാ വത്തിക്കാനില്‍ നിന്നും സന്ദേശം അയച്ചത്. വലിയൊരു രാഷ്ട്രത്തിന്റെ മഹോന്നത സ്ഥാനം വിവേകപൂര്‍വ്വം വിനിയോഗിക്കുവാനുള്ള കരുത്തും ഊര്‍ജ്ജവും സര്‍വ്വശക്തനായ ദൈവം നല്‍കട്ടെ എന്ന പ്രാര്‍ത്ഥന ആമുഖമായി പാപ്പാ നേര്‍ന്നു.

സ്ഥാപിതകാലം മുതല്‍ അമേരിക്ക ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ-ധാര്‍മ്മിക മൂല്യങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പ്രസിഡന്റ് ബൈഡന്റെ നേതൃത്വത്തില്‍ അമേരിക്കന്‍ജനത മുന്നേറട്ടെയെന്നു പാപ്പാ ആശംസിച്ചു.

നീതിയുടെയും സ്വാതന്ത്ര്യത്തിന്റെയും വഴികളില്‍

ദീര്‍ഘവീക്ഷണവും ഐക്യദാര്‍ഢ്യവും ഇടചേരുന്ന പ്രതികരണം ആവശ്യപ്പെടുന്ന വിധത്തില്‍ അമേരിക്ക ഒരു പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന ഇത്തരുണത്തില്‍ ആധികാരികമായ നീതിയാലും സ്വാതന്ത്ര്യത്താലും മാനവകുടുംബത്തെ നയിക്കുവാന്‍ പോരുന്ന തീരുമാനങ്ങളെടുക്കുവാന്‍ ദൈവം ജോ ബൈഡനെ പ്രാപ്തനാക്കട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നതായി പാപ്പാ അറിയിച്ചു. വ്യക്തികളുടെ അവകാശങ്ങളോടും അന്തസ്സിനോടും അചഞ്ചലമായ ആദരവ് പുലര്‍ത്തുവാന്‍ പ്രത്യേകിച്ചും, ദുര്‍ബലരും ശബ്ദമില്ലാത്തവരും പാവങ്ങളുമായവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുവാന്‍ താങ്കള്‍ക്ക് കഴിയുമാറാകട്ടെയെന്നും ആശംസിച്ചു.

നവമായ കാല്‍വയ്പുകള്‍ക്കുള്ള ആശീര്‍വ്വാദത്തോടെ…

പരസ്പരധാരണയ്ക്കും അനുരജ്ഞനത്തിനും സമാധാനത്തിനും വേണ്ടി രാഷ്ട്രം നടത്തുവാന്‍ പോകുന്ന നവമായ ശ്രമങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാന്‍ സത്യത്തിന്റെയും വിജ്ഞാനത്തിന്റെയും ഉറവിടമായ ദൈവത്തോടു പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതായി പാപ്പാ സന്ദേശത്തില്‍ രേഖപ്പെടുത്തി. അമേരിക്കയ്ക്കകത്തും ലോകരാഷ്ട്രങ്ങള്‍ക്കിടയിലും പ്രാപഞ്ചികമായ പൊതുനന്മയില്‍ ജനതയെ മുന്നോട്ടു നയിക്കാന്‍ പ്രസിഡന്റ് ബൈഡനു കഴിയട്ടെയെന്നു പാപ്പാ ആശംസിച്ചു.

ഈ മനോവികാരങ്ങളോടെ പ്രസിഡന്റ് ബൈഡനും കുടുംബത്തിനും അമേരിക്കന്‍ ജനതയ്ക്കും അപ്പസ്‌തോലിക ആശീര്‍വ്വാദം നല്‍കിക്കൊണ്ടാണ് ഫ്രാന്‍സിസ് പാപ്പാ തന്റെ ആശംസാസന്ദേശം ഉപസംഹരിച്ചത്.

ജോണ്‍ എഫ്. കെന്നഡിക്കു ശേഷം അമേരിക്കന്‍ പ്രസിഡന്റാകുന്ന രണ്ടാമത്തെ കത്തോലിക്കനായ ജോസഫ് ബൈഡന്‍ വാഷിങ്ടനിലുള്ള വി. മത്തായിയുടെ കത്തീഡ്രലില്‍ പ്രാര്‍ത്ഥന അര്‍പ്പിച്ചതിനു ശേഷമാണ് സ്ഥാനാരോഹണച്ചടങ്ങില്‍ പങ്കെടുത്തത്.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.