നിസ്സംഗ മനോഭാവം, കൊലപാതകത്തിന് സമാനം: മാർപാപ്പ

കൊല്ലരുത് എന്ന അഞ്ചാം പ്രമാണത്തെ ആസ്പദമാക്കിയാണ് ബുധനാഴ്ച സെന്റ് പീറ്റേഴ്സ് സ്വകയറിൽ തടിച്ചുകൂടിയ വിശ്വാസികളോട് മാർപാപ്പ സംസാരിച്ചത്.

കൊല്ലരുത് എന്ന പ്രമാണത്തിന് ആഴത്തിലുള്ള പല അർത്ഥങ്ങളുമുണ്ട്. സഹോദരനുനേരെ കോപിക്കുന്നവൻ അവനെ കൊല്ലുകയാണ് ചെയ്യുന്നതെന്ന് വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ ഈശോ വ്യക്തമാക്കുന്നുണ്ട്. അപരനെ ദുഷിക്കുന്നവനും അപഹസിക്കുന്നവനും കൊലപാതകം തന്നെയാണ് ചെയ്യുന്നതെന്നും ഈശോ കൂട്ടിച്ചേർത്തിട്ടുണ്ട്. യേശുവിന്റെ ഈ ഉപദേശം നിങ്ങൾ ഹൃദയത്തിലും മനസിലും സൂക്ഷിക്കുക. സഹോദരനെ നിന്ദിക്കുകയോ അപമാനിക്കുകയോ വെറുക്കുകയോ ചെയ്യുമ്പോൾ അത് കൊലപാതകം തന്നെയാണ്. പാപ്പാ പറഞ്ഞു.

ദേവാലയത്തിൽ ബലിയർപ്പിക്കാൻ എത്തുന്നതിന് മുമ്പ് സഹോദരനുമായി എപ്രകാരമാണ് രമ്യതയിലെത്തേണ്ടത് എന്നും യേശു പഠിപ്പിച്ചു. അതുപോലെ തന്നെയാണ് നാമും ചെയ്യേണ്ടത്. വിശുദ്ധ കുർബാനയ്ക്ക്  വൈദികൻ എത്തുന്നതുവരെ മറ്റുള്ളവരുടെ കുറ്റം പറഞ്ഞിട്ട് ബലിയർപ്പണത്തിൽ പങ്കുചേരുന്നവരുണ്ട്. എന്നാൽ സഹോദരനെ വെറുക്കുന്നവൻ കൊലപാതകം ചെയ്യുന്നു എന്ന യേശുവിന്റെ വാക്കുകൾ ഓർമിക്കുക. പാപ്പാ പറഞ്ഞു.

അനുചിതമല്ലാത്ത ഒരു വാക്കുമതി ഒരു കുട്ടിയെ വേദനിപ്പിക്കാൻ. ഒരു ചെറിയ ആംഗ്യത്തിലൂടെ ഒരു സ്ത്രീക്ക് അപമാനമുണ്ടാവും. ഒരു ചെറുപ്പക്കാരനെ മുറിവേൽപ്പിക്കാൻ അവന്റെ ആത്മവിശ്വാസം കെടുത്തുന്ന ഒരു വാക്കുമതി. അതുപോലെയാണ്, ഒരുവനെ നിശ്ശേഷം ഇല്ലാതാക്കാൻ അവനുനേരെ നാം നടത്തുന്ന അവഗണന മതി. അതേ, അവഗണനയ്ക്കും ഒരാളെ കൊലപാതകി ആക്കാൻ സാധിക്കും. മാർപാപ്പ ഓർമിപ്പിച്ചു.

കരുണയും ക്ഷമയും സ്നേഹവുമാണ് എല്ലാ മനുഷ്യർക്കും ആവശ്യം. ക്ഷമിക്കാതിരിക്കുന്നതും അവഗണിക്കുന്നതും വെറുക്കുന്നതുമെല്ലാം അതുകൊണ്ടാണ് കൊലപാതകത്തിന് സമാനമാകുന്നത്. മാർപാപ്പ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.