യേശുവും ശിഷ്യന്മാരും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനമായിരുന്ന പ്രാര്‍ത്ഥനയെക്കുറിച്ച് മാര്‍പാപ്പ

യേശുവും ശിഷ്യന്മാരും തമ്മിലുണ്ടായിരുന്ന അടുപ്പത്തിന്റെയും ബന്ധത്തിന്റെയും അടിസ്ഥാനമായി വര്‍ത്തിച്ചത് പ്രാര്‍ത്ഥനയായിരുന്നു എന്ന് ഫ്രാന്‍സിസ് പാപ്പാ. ബുധനാഴ്ച വത്തിക്കാനില്‍ അനുവദിച്ച പ്രതിവാര പൊതുദര്‍ശന പരിപാടിയിലാണ് പ്രാര്‍ത്ഥനയെ അധികരിച്ചുള്ള തന്റെ വിചിന്തനവേളയില്‍ പാപ്പാ ഇപ്രകാരം പറഞ്ഞത്.

യേശുവിന് അവിടുത്തെ ശിഷ്യന്മാരുമായുള്ള ബന്ധത്തില്‍ പ്രാര്‍ത്ഥന എത്രത്തോളം മൗലികമായിരുന്നു എന്ന് സുവിശേഷഭാഗങ്ങള്‍ ഉദാഹരണമാക്കി പാപ്പാ വിശദീകരിച്ചു. പിന്നീട് അപ്പസ്‌തോലന്മാരായിത്തീരുന്നവരുടെ തിരഞ്ഞെടുപ്പില്‍ തന്നെ ഇത് വെളിവാകുന്നുണ്ട്. ലൂക്കാ ഈ തിരഞ്ഞെടുപ്പിനെ പ്രാര്‍ത്ഥനയുടെ കൃത്യമായ ഒരു പശ്ചാത്തലവുമായി ബന്ധപ്പെടുത്തുന്നു: “ആ ദിവസങ്ങളില്‍ അവിടുന്ന് പ്രാര്‍ത്ഥിക്കാനായി മലയിലേക്കു പോയി. അവിടെ ദൈവത്തോടു പ്രാര്‍ത്ഥിച്ചുകൊണ്ട് രാത്രി മുഴുവന്‍ ചെലവഴിച്ചു. പ്രഭാതമായപ്പോള്‍, അവിടുന്ന് ശിഷ്യന്മാരെ അടുത്തുവിളിച്ച് അവരില്‍ നിന്ന് പന്ത്രണ്ടു പേരെ തിരഞ്ഞെടുത്ത് അവര്‍ക്ക് അപ്പസ്‌തോലന്മാര്‍ എന്ന പേരു നല്‍കി” (ലൂക്കാ 6:12-13).

ഈ തിരഞ്ഞെടുപ്പില്‍ പ്രാര്‍ത്ഥന, പിതാവുമായുള്ള സംഭാഷണം എന്നിവയല്ലാതെ മറ്റൊരു മാനദണ്ഡവുമില്ലെന്ന് ഇതില്‍ നിന്ന് മനസിലാവും. ഈ തിരഞ്ഞെടുപ്പ് മികച്ചതല്ലെന്നാണ് അവരുടെ പിന്നീടുള്ള പെരുമാറ്റത്തില്‍ നിന്ന് തോന്നുക. എന്നാല്‍ ഇത് കൃത്യമായി പ്രത്യേകിച്ച്, ഭാവി ഒറ്റുകാരനായ യൂദാസിന്റെ സാന്നിധ്യം കാട്ടിത്തരുന്നത് ആ പേരുകള്‍ ദൈവത്തിന്റെ പദ്ധതിയുടെ ഭാഗമായിരുന്നു എന്നാണ്.

അപ്പസ്‌തോലന്മാരുടെ തെറ്റുകളിലും വീഴ്ചകളിലും പോലും പ്രാര്‍ത്ഥനയോടെ ശിഷ്യന്റെ പരിവര്‍ത്തനത്തിനായി ക്ഷമയോടെ കാത്തിരിക്കാന്‍ യേശു തയ്യാറാവുന്നു. അന്ത്യ അത്താഴവേളയില്‍ അവിടുന്ന് പത്രോസിനോടു പറഞ്ഞു: “ശിമയോന്‍, ശിമയോന്‍, ഇതാ സാത്താന്‍ നിങ്ങളെ ഗോതമ്പ്‌ പോലെ പാറ്റാന്‍ ഉദ്യമിച്ചു. എന്നാല്‍ നിന്റെ വിശ്വാസം ക്ഷയിക്കാതിരിക്കാന്‍ ഞാന്‍ നിനക്കുവേണ്ടി പ്രാര്‍ത്ഥിച്ചു. നീ തിരിച്ചുവന്ന് നിന്റെ സഹോദരരെ ശക്തിപ്പെടുത്തുക” (ലൂക്കാ 22:31-32).

യേശുവിന്റെ മഹാദൗത്യനിര്‍വ്വഹണത്തിനു മുന്നോടിയായി എല്ലായ്‌പ്പോഴും തീവ്രവും നീണ്ടുനില്‍ക്കുന്നതുമായ പ്രാര്‍ത്ഥനയുണ്ട്. ശിഷ്യന്മാരുടെ വിശ്വാസസ്ഥിരീകരണ വേളയ്ക്ക് മുന്നോടിയായും യേശുവും ശിഷ്യന്മാരും ഒന്നുചേര്‍ന്നുള്ള പ്രാര്‍ത്ഥന കാണാം. ഇതില്‍ നിന്നെല്ലാം മനസിലാവുന്നത്, യേശു പ്രാര്‍ത്ഥിക്കുന്നതുപോലെ നാം പ്രാര്‍ത്ഥിക്കണമെന്ന് യേശു ആഗ്രഹിക്കുന്നുവെന്ന് മാത്രമല്ല, പ്രാര്‍ത്ഥിക്കാനുള്ള നമ്മുടെ ശ്രമങ്ങള്‍ പൂര്‍ണ്ണമായും വിഫലങ്ങളും നിരര്‍ത്ഥകങ്ങളുമായിപ്പോയാലും അവിടുത്തെ പ്രാര്‍ത്ഥനയില്‍ നമുക്ക് എപ്പോഴും ആശ്രയിക്കാമെന്ന ഉറപ്പ് അവിടുന്ന് നമുക്കേകുന്നു എന്നാണ്. യേശു എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു എന്ന അവബോധം എപ്പോഴും പുലര്‍ത്തണം – പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.