കൈവശം വയ്ക്കുന്നതിനല്ല, കൊടുക്കുന്നതിനുള്ള സമയവും അവസരവുമാണ് ജീവിതം: മാർപാപ്പ

സൃഷ്ടവസ്തുക്കളെല്ലാം മനുഷ്യവംശം മുഴുവനും വേണ്ടിയുള്ളതാണെന്നും ക്രൈസ്തവ നീതിയനുസരിച്ച് ഉള്ളതെല്ലാം എല്ലാവരുമായും പങ്കുവയ്ക്കേണ്ടതാണെന്നും മാർപാപ്പ. സ്വകാര്യ സമ്പത്തിനോടുള്ള ആദരവ് നിലനിർത്തിക്കൊണ്ടുതന്നെ ഈ ഭൂമിയിൽ ദൈവം തന്നിട്ടുള്ളതെല്ലാം സകല ജനത്തിനും അവകാശപ്പെട്ടതാണെന്നും പാപ്പാ കൂട്ടിച്ചേർത്തു.

ഈ ലോകത്തിൽ നിരവധി വ്യത്യാസങ്ങളും പ്രത്യേകതകളുമുണ്ട്. എന്നാൽ എല്ലാവരുടെയും പ്രാഥമിക ആവശ്യങ്ങൾ നിറവേറത്തക്കവിധം മനുഷ്യരെല്ലാം പരസ്പരം സഹായിച്ച് ജീവിക്കണമെന്നാണ് ദൈവം ആഗ്രഹിക്കുന്നത്. ലോകത്തിൽ എവിടെയെങ്കിലും വിശപ്പ് ഉണ്ടായിട്ടുണ്ടെങ്കിൽ അത് ഭക്ഷണം ഇല്ലാഞ്ഞിട്ടല്ല. മറിച്ച് ഐക്യത്തിന്റെയും പങ്കുവയ്ക്കലിന്റെയും കുറവുകൊണ്ടാണ്. പാപ്പാ ഓർമിപ്പിച്ചു.
മോഷ്ടിക്കരുത് എന്ന ദൈവകൽപ്പനയോട് ചേർന്ന് നിൽക്കുന്നതാണ് പരസ്പരം പങ്കുവയ്ക്കുക എന്നത്. എന്തെങ്കിലും വസ്തുക്കൾ മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ മടി തോന്നുന്നുണ്ടെങ്കിൽ അത് നമ്മുടെ മേൽ ആധിപത്യം നേടിയെന്നും നാം അതിന്റെ അടിമയായിരിക്കുന്നുവെന്നുമാണ് അർത്ഥം. പാപ്പാ പറഞ്ഞു.

ദൈവവുമായുള്ള സമാനത കാര്യമായി പരിഗണിക്കാതെ തന്നെത്തന്നെ ശൂന്യനാക്കിയ യേശുവിനെയാണ് ഇക്കാര്യത്തിലും നാം മാതൃകയാക്കേണ്ടത്. ഈ ലോക വസ്തുക്കളല്ല നമ്മെ സമ്പന്നരാക്കുന്നത്, മറിച്ച് സ്നേഹമാണ്. മോഷ്ടിക്കരുത് എന്ന കൽപ്പനയിലൂടെ ദൈവം പറഞ്ഞത് ഇല്ലാത്തവരുമായി പങ്കുവയ്ക്കാനും പരസ്പരം സ്നേഹിക്കാനും അതുവഴി സ്വർഗത്തിൽ നിക്ഷേപം വർധിപ്പിക്കാനുമാണ്. മാർപാപ്പ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.