ബ്രസീലിൽ അൾത്താര ബാലൻ കൊല്ലപ്പെട്ടതിൽ അനുശോചനം അറിയിച്ച് പാപ്പാ

ബ്രസീലിലെ ഫോർട്ടാലെസയിൽ, ബാര ഡോ ക്യാരയിൽ അൾത്താര ബാലൻ കൊല്ലപ്പെട്ടതിൽ അനുശോചനം അറിയിച്ച് ഫ്രാൻസിസ് പാപ്പാ. സാൻ പെഡ്രോ ഇടവകയിലെ അൾത്താര ബാലനായിരുന്ന ജെഫേഴ്സൺ ഡി ബ്രിട്ടോയാണ് ഓഗസ്റ്റ് 18-ന് വെടിയേറ്റു മരിച്ചത്. ഇത് സംബന്ധിച്ച് പാപ്പാ അയച്ച സന്ദേശത്തിലാണ് തന്റെ പ്രാർത്ഥനയും അനുശോചനവും അദ്ദേഹം അറിയിച്ചത്.

ഇടവകക്കാരിൽ ഒരാളാണ് ഈ വാർത്ത അറിയിച്ച് പാപ്പയ്ക്ക് കത്തെഴുതിയത്. “ഈ വാർത്ത എന്നെ വളരെയധികം വേദനിപ്പിക്കുന്നു. നിങ്ങൾക്കായും ജെഫേഴ്സണിന്റെ നിത്യശാന്തിയ്ക്കായും ഞാൻ പ്രാർത്ഥിക്കുന്നു. തനിച്ചായിരിക്കുന്ന മുത്തശ്ശിയേയും ഓർക്കുന്നു. കൊലപാതകിയുടെ മാനസാന്തരത്തിനായി പ്രാർത്ഥിക്കുന്നു. ദൈവകരുണയ്ക്കായി യാചിക്കുന്നു” – പാപ്പാ സന്ദേശത്തിൽ കുറിച്ചു.

മുത്തശ്ശിയോട് വളരെ അടുപ്പമുള്ള കുട്ടിയായിരുന്നു ജെഫേഴ്സൺ എന്ന് മാർപാപ്പയ്ക്കുള്ള കത്തിൽ പറഞ്ഞിരുന്നു. പള്ളിയിൽ നിന്നും വീട്ടിലേയ്ക്കുള്ള യാത്രാമധ്യേ ജെഫേഴ്സൺ എന്ന പതിനാലുകാരനെ വഴിയിൽ വച്ച് ഒരു കൂട്ടം അജ്ഞാതരായ അക്രമികൾ നിറയൊഴിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.