അഭയാര്‍ത്ഥികള്‍ക്കും ഭവനരഹിതര്‍ക്കും കരുതലും സ്‌നേഹവും പകര്‍ന്നു നല്‍കി മാര്‍പാപ്പ

അഭയാര്‍ത്ഥികളും ഭവനരഹിതരുമായവരോടൊപ്പം സമയം ചെലവഴിച്ചും അവര്‍ക്ക് തന്റെ കരുതലും സ്‌നേഹവും പകര്‍ന്നു നല്‍കിയും ഫ്രാന്‍സിസ് മാര്‍പാപ്പ. ‘ഫ്രാന്‍സിസ്‌കോ’ എന്ന ഡോക്യുമെന്ററി ചിത്രത്തിന്റെ പ്രദര്‍ശനത്തിനു ശേഷം വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളിന്റെ നടുമുറ്റത്ത് ചിത്രം കാണാന്‍ ക്ഷണിക്കപ്പെട്ട ഏതാണ്ട് നൂറോളം വരുന്ന അഭയാര്‍ത്ഥികളും ഭവനരഹിതരുമായാണ് പാപ്പാ സമയം ചെലവഴിച്ചത്. അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ നിന്നും ഒഴിപ്പിക്കപ്പെട്ട രണ്ടു കുടുംബങ്ങളും അക്കൂട്ടത്തിലുണ്ടായിരുന്നു.

ലൗദാത്തൊ സീ ഫൗണ്ടേഷനും സംവിധായകനായ എവ്‌ജേനി അഫിനീവ്‌സ്‌കിയും ചേര്‍ന്നു സംഘടിപ്പിച്ച സംരഭമായിരുന്നു ഇത്. യുദ്ധങ്ങളുടെയും കാലാവസ്ഥാ അടിയന്തിരാവസ്ഥകളുടേയും പീഡനങ്ങളുടേയും ഇരകളായ 30 -ഓളം പേര്‍ ഉള്‍പ്പെട്ട കാണികളില്‍ ചിത്രത്തിന്റെ പ്രദര്‍ശനം ശക്തമായ വികാരങ്ങളുളവാക്കി. പിന്നീട് ഫ്രാന്‍സിസ് പാപ്പയുമായുള്ള കൂടിക്കാഴ്ചയിലാണ് അവരുടെ പിരിമുറുക്കങ്ങള്‍ അലിഞ്ഞുപോയത്.

സ്‌നേഹോഷ്മളമായി ഓരോരുത്തരോടും, ഓരോ കുടുംബങ്ങളോടും ഫ്രാന്‍സിസ് പാപ്പാ സംസാരിക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തു. തങ്ങള്‍ കണ്ട സിനിമയിലെ നായകനെ നേരില്‍ കണ്ട അത്ഭുതത്തിലായിരുന്നു അവരുടെ കൂട്ടത്തിലെ കുട്ടികള്‍. കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് രക്ഷപെട്ടോടിയ 20 അഫ്ഗാന്‍ അഭയാര്‍ത്ഥികളുമായുള്ള പാപ്പായുടെ കൂടികാഴ്ചയായിരുന്നു ഏറ്റം തീവ്രത നിറഞ്ഞ നിമിഷം.

ആഗോള കത്തോലിക്കാ സഭയുടെ തലവനായ പാപ്പായാല്‍ സ്വാഗതം ചെയ്യപ്പെടുന്നതിലും ശ്രവിക്കപ്പെടുന്നതിലും മനസ്സിലാക്കപ്പെടുന്നതിലുമുള്ള പ്രാധാന്യവും പാപ്പായുടെ ഈ സായാഹ്നത്തിലെ സാന്നിദ്ധ്യം ഭാവിയെ അഭിമുഖീകരിക്കാന്‍ തങ്ങളില്‍ പകരുന്ന പ്രത്യാശയെക്കുറിച്ചും അഭയാര്‍ത്ഥികളില്‍ ചിലര്‍ പിന്നീട് മാധ്യമങ്ങളോട് സാക്ഷ്യപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.