കത്തോലിക്കാ ആശയവിനിമയ പ്രവര്‍ത്തകരുടെ പന്ത്രണ്ടാമത് സമ്മേളനത്തെ അഭിസംബോധന ചെയ്ത് മാര്‍പാപ്പ നല്‍കിയ സന്ദേശം

ലോകം വിവിധ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഈ കാലഘട്ടത്തില്‍ അനുരഞ്ജനത്തിന്റെയും ഐക്യത്തിന്റെയും ഉപകരണങ്ങളായി മാറണം എന്ന് ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് പാപ്പാ. ബ്രസീലിയന്‍ മെത്രാന്‍സമിതി സംഘടിപ്പിച്ച കത്തോലിക്കാ ആശയവിനിമയ പ്രവര്‍ത്തകരുടെ പന്ത്രണ്ടാമത് സമ്മേളനത്തില്‍ പങ്കെടുത്തവരെ അഭിസംബോധന ചെയ്തുകൊണ്ട് അയച്ച സന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്. പ്രതീക്ഷയുടെയും ഐക്യദാര്‍ഢ്യത്തിന്റെയും അടയാളമായി പാലങ്ങള്‍ പണിയണമെന്നും ക്രൈസ്തവര്‍ പ്രത്യാശയുടെയും ഐക്യദാര്‍ഢ്യത്തിന്റെയും അടയാളമാകാന്‍ വിളിക്കപ്പെട്ടിരിക്കുന്നവരാണെന്നും പാപ്പാ ചൂണ്ടിക്കാട്ടി.

സമഗ്രമായ ആശയവിനിമയത്തെ പ്രോത്സാഹിപ്പിക്കുവാന്‍ ആശയവിനിമയം ചെയ്യുന്ന ക്രൈസ്തവര്‍ മുന്‍നിരയില്‍ ഉണ്ടായിരിക്കണമെന്നും പാപ്പാ സന്ദേശത്തില്‍ സൂചിപ്പിച്ചു. സത്യത്തിന്റെ സാക്ഷികളും വ്യാജവാര്‍ത്തകള്‍ക്ക് എതിരാളികളുമായിരിക്കണം നിങ്ങള്‍ – പാപ്പാ ഓര്‍മ്മിപ്പിച്ചു. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയത്രോ പരോളിന്‍ ഒപ്പിട്ട പാപ്പയുടെ ഈ സന്ദേശത്തില്‍ ആശയവിനിമയ പ്രവര്‍ത്തകരുടെ പ്രാഥമിക കടമ സത്യത്തിനു സാക്ഷികളാകുകയാണെന്നും ഊന്നിപ്പറയുന്നു.

ബ്രസീലിലെ കാത്തലിക് റേഡിയോ ശൃംഖലയും ലോക കത്തോലിക്കാ ആശമവിനിമയ സംഘടനയും ബ്രസീലിയന്‍ വിഭാഗമായ സിഗ്‌നീസും ചേര്‍ന്ന് സംഘടിപ്പിച്ച ‘മുത്തിരാവോ ദെ കമ്യൂണികക്കാവോ’ എന്ന സമ്മേളനത്തില്‍ 5600 പേര്‍ പങ്കെടുത്തു. ‘ഒരു സമഗ്ര ആശയവിനിമയത്തിനായി നവമാധ്യമ പരിസ്ഥിതിയിലെ മനുഷ്യന്‍’ എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സമ്മേളനത്തില്‍ വിവിധ കോണ്‍ഫറന്‍സുകള്‍, വട്ടമേശ സമ്മേളനങ്ങള്‍, അവതരണങ്ങള്‍, പരിചിന്തനങ്ങള്‍ എന്നിവ ഉള്‍പ്പെടെ ആറു വിഭാഗങ്ങള്‍ ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.