മരണത്തിന്റെ നിലവിളികളെ നമുക്കു നിശബ്ദമാക്കാം; ഇനി യുദ്ധങ്ങൾ വേണ്ട! ഫ്രാൻസീസ് പാപ്പയുടെ ശക്തമായ ഈസ്റ്റര്‍ സന്ദേശം 

ഫാ. ജയ്സൺ കുന്നേൽ mcbs

മരണത്തിൻ്റെ നിലവിളികളെ നമുക്കു നിശബ്ദമാക്കാം, ഇനി യുദ്ധങ്ങൾ വേണ്ട! തോക്കുകളെക്കാൾ അപ്പം നമുക്കാവശ്യമായതിനാൽ ആയുധങ്ങളുടെ ഉൽപാദനവും കച്ചവടവും നമുക്കവസാനിപ്പിക്കാം

ഉയിർപ്പു തിരുനാൾ രാത്രിയിലെ ഫ്രാൻസീസ് പാപ്പയുടെ ശക്തമായ സന്ദേശം 

“സാബത്തിനു ശേഷം” (മത്താ: 28:1), സ്ത്രീകൾ കല്ലറ സന്ദർശിക്കാൻ വന്നു. വിശുദ്ധ  ജാഗണത്തിലെ സുവിശേഷം ആരംഭിക്കുന്നത് ഇപ്രകാരമാണ്.

വിശുദ്ധ ശനിയാഴ്ച, ഉയിർപ്പു തിരുനാളിലെ മൂന്നു ദിനങ്ങളിൽ (Easter Triduum) ദു:ഖ വെള്ളിയുടെ കുരിശിൽ നിന്നു ഉയിർപ്പു ഞായറാഴ്ചയുടെ ഹല്ലേലുയ്യായിലേക്കുള്ള മാറ്റം നമ്മൾ ആകാംഷയോടെ കാത്തിരിക്കുമ്പോൾ, നാം അവഗണിക്കാൻ പ്രവണതയുള്ള ഒരു ദിനമാണിന്ന്. എന്നാൽ ഈ വർഷം വിശുദ്ധ ശനിയാഴ്ചയിൽ  എന്നത്തേക്കാളും വലിയ നിശബ്ദത നാം അനുഭവിക്കുന്നു.

ആ ദിവസത്തിലെ സ്ത്രീകളുടെ അതേ അവസ്ഥയിൽ നമ്മളെത്തന്നെ നമുക്കു ഒന്നു സങ്കൽപിക്കാം. അവർ നമ്മളെപ്പോലെ അവരുടെ കണ്ണുകൾക്കു മുമ്പിൽ   പൊടുന്നനെ സംഭവിച്ച അപ്രതീക്ഷിത ദുരന്തത്തിൻ്റെ, സഹനത്തിൻ്റെ നൊമ്പരകഥ പേറുന്നുണ്ട്. അവർ മരണം കാണുകയും അവരുടെ ഹൃദയത്തെ ഭാരപ്പെടുത്തുകയും ചെയ്തു, ഗുരുവിനു വന്ന വിധി തങ്ങൾക്കും സഹിക്കേണ്ടി വരുമോ എന്ന  വേദന കലർന്ന ഭയം അവരെ അലട്ടുന്നു. ഭാവിയെക്കുറിച്ചും പുനർ സൃഷ്ടിക്കേണ്ട കാര്യങ്ങളെക്കുറിച്ചും അവർക്കു ഭയമുണ്ടായിരുന്നു. ഒരു വേദന നിറഞ്ഞ ഓർമ്മ, ഹ്രസ്വമായ ഒരു പ്രതീക്ഷ. അവർക്കും നമ്മെപ്പോലെ അത് ഏറ്റവും ഇരുണ്ട മണിക്കൂർ ആയിരുന്നു.

എന്നിട്ടും ഈ അവസ്ഥയിലും തളർന്നു പോകാൻ സ്ത്രീകൾ അനുവദിച്ചില്ല.

ദുഃഖത്തിൻ്റെയോ വ്യസനത്തിൻ്റെയോ ഇരുട്ടിനു അവർ കീഴടങ്ങിയില്ല. അവർ മ്ലാനവദനരായി തങ്ങളിൽത്തന്നെ അടച്ചിരിക്കുകയോ, യാഥാർത്ഥ്യത്തിൽ നിന്നു ഓടിപ്പോവുകയോ ചെയ്തില്ല. ചെറുതെങ്കിലും അസാധാരണമായ ചില കാര്യങ്ങൾ അവർ ചെയ്യുകയായിരുന്നു: യേശുവിൻ്റെ ശരീരത്തിൽ അഭിഷേകം ചെയ്യാൻ സുഗന്ധദ്രവ്യങ്ങൾ വീട്ടിൽ ഒരുക്കുകയായിരുന്നു. അവർ അവനെ സ്നേഹിക്കുന്നത് അവസാനിപ്പിച്ചില്ല, അവരുടെ ഹൃദയങ്ങളുടെ ഇരുട്ടിലും അവർ കരുണയുടെ തിരിനാളം തെളിയിച്ചു. ഈ ശനിയാഴ്ച പരിശുദ്ധ കന്യകാമറിയത്തിനു സമർപ്പിക്കപ്പെട്ട ദിനമാണ്, ആ ശനിയാഴ്ച അവൾ പ്രാർത്ഥനയിലും പ്രതീക്ഷയിലും ചെലവഴിച്ചു. കർത്താവിലുള്ള ശരണത്തോടെ അവൾ സങ്കടങ്ങളോടു പ്രത്യുത്തരിച്ചു.

ആ സാബത്തിൻ്റെ ഇരുട്ടിൽ ആ സ്ത്രീകൾ ആരും അറിയാതെ “ആഴ്ചയുടെ ഒന്നാം ദിവസം രാവിലെ”ത്തേക്കു, ചരിത്രം മാറ്റിമറിക്കുന്ന ആ ദിവസത്തിനായി  തയ്യാറെടുപ്പുകൾ നടത്തുക ആയിരുന്നു. ,ഭൂമിയിൽ കുഴിച്ചിട്ട ഒരു വിത്തുപോലെ, ഈശോ ലോകത്തിൽ ഒരു പുതിയ ജീവിതം സൃഷ്ടിക്കാനായി വിടരാൻ ഒരുങ്ങുകയായിരുന്നു. പ്രാർത്ഥനയിലൂടെയും സ്നേഹത്തിലൂടെയും സ്ത്രീകൾ പ്രത്യാശയുടെ ആ പുഷ്പം വിരിയിക്കാൻ സഹായിക്കുകയായിരുന്നു. ഈ സ്ത്രീകളെപ്പോലെ ദു:ഖകരമായ ഈ ദിവസങ്ങളിൽ എത്രയോ ജനങ്ങൾ പരിചരണത്തിൻ്റെയും വാത്സല്യത്തിൻ്റെയും പ്രാർത്ഥനയുടെയും മാതൃക വഴി പ്രത്യാശയുടെ വിത്തു വിതച്ചു, ഇപ്പോഴും വിതച്ചു കൊണ്ടിരിക്കുന്നു.

സ്ത്രീകൾ അതിരാവിലെ കല്ലറയിങ്കലേക്കു പോയി. ദുതൻ അവരോടു പറഞ്ഞു: “ഭയപ്പെടേണ്ടാ; അവൻ ഇവിടെയില്ല, അവൻ ഉയിർപ്പിക്കപ്പെട്ടു.” (മത്താ. 28:5-6). കല്ലറയുടെ മുമ്പിൽ നിൽക്കുമ്പോഴും അവർ ജീവൻ്റെ വചനങ്ങൾ കേൾക്കുന്നു… പിന്നെ എല്ലാ പ്രതീക്ഷകളുടെയും ദാതാവായ യേശുവിനെ അവർ കണ്ടുമുട്ടുന്നു അവൻ “ഭയപ്പെടേണ്ട” എന്ന സന്ദേശം ഒരിക്കൽ കൂടി സ്ഥിരീകരിക്കുന്നു. ഭയപ്പെടേണ്ട, ഭയത്തിനു കീഴടങ്ങരുത്: ഇതാണ് പ്രത്യാശയുടെ സന്ദേശം. ഇന്ന് ഈ സന്ദേശമാണ് ദൈവം നമ്മളോടു പറയുന്നത്. ഈ രാത്രിയിൽ ദൈവം നമ്മോടു ആവർത്തിച്ചു പറയുന്ന വാക്കുകളാണിവ.

ഈ രാത്രിയിൽ ആർക്കും നമ്മളിൽ നിന്നും എടുത്തുകളയാൻ സാധിക്കാത്ത ഒരു മൗലീക അവകാശം നമ്മൾ സ്വന്തമാക്കുന്നു: പ്രതീക്ഷിക്കാനുള്ള അവകാശം. ദൈവത്തിൽ നിന്നു വരുന്ന നവീനവും സജീവവുമായ ഒരു പ്രത്യാശയാണത്. അതു കേവലം ശുഭാപ്തി വിശ്വാസമോ, ശ്യൂന്യമായ പോത്സാഹന വാക്കുകളോ അല്ല. നമുക്കു സ്വന്തമായി നേടാൻ കഴിയാത്ത സ്വർഗ്ഗത്തിൽ നിന്നുള്ള ഒരു സമ്മാനമാണത്. കുറേ ആഴ്ചകളായി, മാനവികതയുടെ സൗന്ദര്യത്തോടു ചേർന്നു കൊണ്ട്, “എല്ലാം ശരിയാകും” എന്ന പ്രോത്സാഹനത്തിൻ്റെ ആവർത്തിച്ചുള്ള വാക്കുകൾ നമ്മുടെ ഹൃദയങ്ങളിൽ ഉയർന്നു വരുവാൻ നാം അനുവദിക്കുകയായിരുന്നു. എന്നാൽ ദിവസങ്ങൾ പിന്നിടുമ്പോൾ ഭയം വളരുകയും ഏറ്റവും ധീരമായ പ്രത്യാശ പോലും ഇല്ലാതാവുകയും ചെയ്തു. ഈശോയുടെ പ്രത്യാശ വ്യത്യസ്തമാണ്. എല്ലാം നല്ലതാക്കാൻ ദൈവത്തിനു കഴിയുമെന്ന ബോധ്യം നമ്മുടെ ഹൃദയങ്ങളിൽ അവൻ നട്ടുപിടിപ്പിക്കുകയായിരുന്നു, കാരണം കല്ലറയിൽ നിന്നു പോലും അവൻ ജീവൻ കൊണ്ടുവരുന്നു. 

പ്രവേശിക്കുന്ന ആരു പുറത്തു വരാത്ത സ്ഥലമാണ് ശവക്കുഴി. എന്നാൽ ഈശോ നമുക്കായി ഉയിർത്തെഴുന്നേറ്റു, മരണമുള്ളിത്തു ജീവൻ കൊണ്ടുവരാൻ, കല്ലുവച്ചടച്ചിരിക്കുന്ന സ്ഥലങ്ങളിൽ പുതിയ കഥ ആരംഭിക്കാൻ അവൻ നമ്മൾക്കായി ഉയിർത്തെഴുന്നേറ്റു. കല്ലറയുടെ പ്രവേശന കവാടത്തിൽ മുദ്ര ചെയ്യപ്പെട്ട കല്ല് ഉരുട്ടി മാറ്റിയവനു, നമ്മുടെ ഹൃദയങ്ങളിലെ കല്ലുകളും നീക്കം ചെയ്യാൻ കഴിയും. അതിനാൽ നമുക്കു പിന്മാറുകയോ, പ്രത്യാശയുടെ മുമ്പിൽ കല്ലുകൾ വയ്ക്കാതിരിക്കുകയും ചെയ്യാം. ദൈവം വിശ്വസ്തനായിരിക്കുന്നതിനാൽ നമുക്കു പ്രത്യശിക്കാൻ കഴിയും, കഴിയണം. അവൻ നമ്മളെ ഉപേക്ഷിച്ചില്ല, മറിച്ചു അവൻ നമ്മളെ സന്ദർശിക്കുകയും, നമ്മുടെ വേദനകളുടെയും ആകുലതകളുടെയും മരണത്തിൻ്റെയും സാഹചര്യങ്ങളിലേക്കു പ്രവേശിക്കുകയും ചെയ്തു. അവൻ്റെ വെളിച്ചം ശവകുടീരത്തിൻ്റെ അന്ധകാരം അകറ്റിക്കളഞ്ഞു, ഇന്നാ വെളിച്ചം അന്ധകാരം നിറഞ്ഞ നമ്മുടെ ജീവിതത്തിൻ്റെ  കോണുകളിലേക്കു കടത്തിവിടാൻ അവൻ ആഗ്രഹിക്കുന്നു. പ്രിയ സഹോദരി സഹോദരന്മാരെ, നിങ്ങളുടെ ഹൃദയങ്ങളിൽ പ്രത്യാശ അടക്കം ചെയ്താലും, അതിനെ ഉപേക്ഷിക്കരുത്, ദൈവം വലിയവനാണ്. അന്ധകാരത്തിനും മരണത്തിനും നമ്മുടെ മേൽ അവസാന വാക്കില്ല. ശക്തനായിരിക്കുക, ദൈവത്തോടൊപ്പം ഒന്നും ഇല്ലാതാക്കുന്നില്ല!

ധൈര്യം: സുവിശേഷങ്ങളിൽ ഈശോ മിക്കപ്പോഴും സംസാരിക്കുന്ന വാക്കാണിത്. ഒരിക്കൽ മാത്രമേ മറ്റൊരാൾ, സഹായം ആവശ്യമുള്ള ഒരാളെ പ്രോത്സാഹിപ്പിക്കാനായി: “ധൈര്യമായിരിക്കു, എഴുന്നേൽക്കുക, ഈശോ നിന്നെ വിളിക്കുന്നു” (മർക്കോ 10:49) എന്നു പറയുന്നുള്ളു. ഇതവനാണ് ഉയിർത്തെഴുന്നേറ്റവൻ, നമ്മുടെ ആവശ്യങ്ങളിൽ നമ്മെ ഉയർത്തുന്നവൻ. നിങ്ങളുടെ യാത്രയിൽ നിങ്ങൾക്കു ക്ഷീണമോ ദുർബലതയോ അനുഭവപ്പെടുമ്പോഴോ നിങ്ങൾ വീഴുമ്പോഴോ നിങ്ങൾ ഭയപ്പെടേണ്ട, സഹായഹസ്തം നീട്ടിക്കൊണ്ടു ദൈവം നമ്മോടു പറയുന്നു: “ധൈര്യമായിരിക്കുക “മൻസോണിയുടെ നോവലിലെ ഡോൺ അബോദിനോ പറയുന്നതുപോലെ, “ധൈര്യം നിങ്ങൾക്കു സ്വയം നൽകാൻ കഴിയുന്ന ഒന്നല്ല” എന്നു നിങ്ങൾ പറയുമായിരിക്കും. ശരിയാണ്, നിങ്ങൾക്കതു സ്വയം നൽകാൻ കഴിയുകയില്ല, പക്ഷേ ദാനമായി നിങ്ങൾക്കതു സ്വീകരിക്കാൻ കഴിയും. അതിനായി നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം. പ്രാർത്ഥനയിൽ നിങ്ങളുടെ ഹൃദയം തുറന്ന് നിങ്ങളുടെ ഹൃദയ കവാടത്തിൽ സ്ഥാപിച്ചിരിക്കുന്ന കല്ലു സാവധാനം ഉരുട്ടി മാറ്റുക, അപ്പോൾ ഈശോയുടെ പ്രകാശത്തിനു ഹൃദയത്തിൽ പ്രവേശിക്കാൻ കഴിയും.

“ഈശോയെ എൻ്റെ ഭയങ്ങളിലേക്കു നീ വരുകയും, ധൈര്യമായിക്കു എന്നു പറയുകയും ചെയ്യണമേ” എന്നു നിങ്ങൾ അവനോടു അപേക്ഷിച്ചാൽ മതി. ദൈവമേ, നീ ഞങ്ങളോടൊപ്പമുള്ളപ്പോൾ പരീക്ഷിക്കപ്പെട്ടാലും ഞങ്ങൾ കുലുങ്ങുകയില്ല.  ഞങ്ങളിൽ എന്തു സങ്കടങ്ങൾ ഉണ്ടായാലും, പ്രത്യശയിൽ ഞങ്ങൾ ശക്തി പ്രാപിക്കും.  ഞങ്ങളുടെ രാത്രികളുടെ ഇരുട്ടിൽ നീ ഞങ്ങളോടൊപ്പമുള്ളതിനാൽ നിൻ്റെ കുരിശു ഞങ്ങളെ ഉത്ഥാനത്തിലേക്കു നയിക്കും. ഞങ്ങളുടെ അനിശ്ചിതത്വങ്ങൾക്കിടയിലെ സുരക്ഷിതത്വവും ഞങ്ങളുടെ നിശബ്ദതയിൽ സംസാരിക്കുന്ന വാക്കും നീയാണ്. ഞങ്ങളോടു നിനക്കുള്ള സ്നേഹം കവർന്നെടുക്കാൻ യാതൊന്നിനും സാധിക്കുകയില്ല.

ഇതാണ് ഉയിർപ്പു തിരുനാളിൻ്റെ സന്ദേശം, പ്രത്യാശയുടെ സന്ദേശം. ഇതിൽ ഒരു രണ്ടാം ഭാഗം അടങ്ങിയിരിക്കുന്നു, അയക്കപ്പെടുന്ന ഭാഗം. “നിങ്ങള്‍ ചെന്ന്‌ എൻ്റെ സഹോദരന്‍മാരോടു ഗലീലിയിലേക്കു പോകണമെന്നു” (മത്തായി 28:10). യേശു പറയുന്നു. “അവൻ നിങ്ങള്‍ക്കു മുമ്പേ ഗലീലിയിലേക്കു പോകുന്നു.” (മത്തായി 28:7) ദൂതൻ പറയുന്നു. കർത്താവു നമുക്കു മുമ്പേ പോകുന്നു. ജീവിതത്തിലും മരണത്തിലും അവൻ നമുക്കു മുമ്പിൽ നടക്കുന്നു എന്നറിയുന്നത് പ്രോത്സാഹന ജനകമാണ്. അവൻ നമുക്കു മുമ്പേ ഗലീലിയിലേക്കു പോകുന്നു, യേശുവിൻ്റെയും ശിഷ്യന്മാരുടെയും കർമ്മമണ്ഡലമാണത്. നമ്മുടെ ദൈനംദിന ജീവിതത്തിൽ പ്രത്യാശ കൊണ്ടുവരണമെന്ന് യേശു ആഗ്രഹിക്കുന്നു. ശിഷ്യന്മാർക്കു ഗലീലി ഓർമ്മകളുടെ സ്ഥലമാണ്, അവിടെ വച്ചാണ് ഈശോ അവരെ ആദ്യം വിളിച്ചത്. ദൈവം സ്നേഹിക്കുകയും വിളിക്കുകയും ചെയ്തു എന്ന ഓർമ്മ ഗലീലിയയിലേക്കുള്ള മടക്കയാത്രയിൽ ശിഷ്യന്മാരുടെ ഉള്ളിലുണ്ട്. സ്നേഹത്തിൻ്റെ സൗജന്യമായ ക്ഷണത്താൽ നമുക്കു ലഭിച്ചിരിക്കുന ജനനവും പുനർജനനവും സ്വയം ഓർമ്മപ്പെടുത്തിക്കൊണ്ട് നമ്മുടെ യാത്ര പുനരാരംഭിക്കണം. ഇതു എപ്പോഴും  പുതുതായി യാത്ര പുറപ്പെടാൻ സാധിക്കുന്ന സന്ദർഭമാണ്, പ്രത്യേകിച്ച് പ്രതിസന്ധികളുടെയും ബുദ്ധിമുട്ടുകളുടെയും സമയങ്ങളിൽ.

ജറുസലേമിൽ നിന്നു വളരെ ദൂരെയുള്ള പ്രദേശമാണ് ഗലീലി. ഭൂമി ശാസ്ത്രപരമായി മാത്രമല്ലത്, വിശുദ്ധ നഗരത്തിൻ്റെ പവിത്രതയിൽ നിന്നു ഏറ്റവും ദൂരെയുള്ള സ്ഥലവും ഗലീലി ആയിരുന്നു. വിവിധ മതവിശ്വാസത്തിൽപ്പെട്ടവർ താമസിച്ചിരുന്ന പ്രദേശമായിരുന്നു അത്. “വിജാതിയരുടെ ഗലീലി” ആയിരുന്നു അത്. ഈശോ അവരെ അവിടെക്കു വീണ്ടും അയക്കുകയും വീണ്ടും തുടങ്ങാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. ഇത് നമ്മളോട് എന്താണ് പറയുന്നത്? പ്രത്യാശയുടെ സന്ദേശം വിശുദ്ധ സ്ഥലങ്ങളിൽ മാത്രം ഒതുക്കി നിർത്താതെ എല്ലാവരിലേക്കും എത്തിക്കുക. കാരണം എല്ലാവർക്കും സമാശ്വാസം ആവശ്യമുണ്ട്. “ജീവൻ്റെ വചനത്താൽ” ( 1 യോഹ 1:1) സ്പർശിക്കപ്പെട്ടവരായ നമ്മൾ അതു നൽകിയില്ലങ്കിൽ ആരു അതു നൽകും? മറ്റുള്ളവരുടെ ഭാരം വഹിക്കുന്ന, അവരെ പ്രോത്സാഹിപ്പിക്കുന്ന, മരണസമയത്തു ജീവൻ്റെ ദൂതന്മാരാകുന്ന, സ്വാന്തനം നൽകുന്ന ക്രൈസ്തവരാവുക, എത്രയോ മനാഹരമായ കാര്യമാണ്. എല്ലാ ഗലീലിയയിലും, നമ്മളെല്ലാം ഭാഗമായ  മനുഷ്യകുടുംബത്തിൽ – നമ്മളെല്ലാവരും സഹോദരി സഹോദരന്മാരാണ് – ജീവൻ്റെ ഗാനം നമുക്കു കൊണ്ടു വരാം.

മരണത്തിൻ്റെ നിലവിളികളെ നമുക്കു നിശബ്ദമാക്കാം, ഇനി യുദ്ധങ്ങൾ വേണ്ട! തോക്കുകളെക്കാൾ അപ്പം നമുക്കാവശ്യമായതിനാൽ ആയുധങ്ങളുടെ ഉൽപാദനവും കച്ചവടവും നമുക്കവസാനിപ്പിക്കാം. ഭ്രൂണഹത്യയും നിരപരാധികളെ കൊല്ലുന്നതും  അവസാനിക്കട്ടെ. കൂടുതൽ ഉള്ളവരുടെ ഹൃദയങ്ങൾ ശ്യൂന്യമായ കരങ്ങളുടെ ആവശ്യതകൾ നിറയ്ക്കാനായി തുറക്കട്ടെ.

ആ സ്ത്രീകൾ അവസാനം ഈശോയുടെ പാദങ്ങളിൽ കെട്ടിപ്പിടിച്ചു (മത്താ 28:9). നമ്മളെ കണ്ടുമുട്ടാനായി സഞ്ചരിച്ച പാദങ്ങളെ, മരണത്തെ ചവിട്ടിമെതിക്കുകയും പ്രതീക്ഷയുടെ വഴി തുറക്കുകയും ചെയ്ത കാലുകളെയാണ് സ്ത്രീകൾ കെട്ടിപ്പിടിച്ചിരിക്കുന്നത്. ഇന്ന് പ്രത്യാശ തേടുന്ന തീർത്ഥാടകരെന്ന നിലയിൽ നമ്മൾ ഉത്ഥിതനായ ഈശോയെ ആശ്ലേഷിക്കുന്നു. മരണത്തിൽ നിന്നു പിന്തിരിഞ്ഞ് നിന്നിലേക്കു ഞങ്ങളുടെ ഹൃദയങ്ങൾ തുറക്കുന്നു, കാരണം നീ ജീവൻ തന്നെയാണ്.

ഫാ. ജയ്സൺ കുന്നേൽ mcbs