കോവിഡ് ചികിത്സയ്ക്കായി ഇന്ത്യയടക്കം ഒമ്പത് രാജ്യങ്ങള്‍ക്ക് മാര്‍പാപ്പയുടെ സഹായം

കോവിഡ് മഹാമാരിയാല്‍ ഇപ്പോഴും വലയുന്ന രാജ്യങ്ങളിലേയ്ക്ക് വെന്റിലേറ്ററുകളും മെഡിക്കല്‍ ഉപകരണങ്ങളും അടക്കമുള്ള സഹായങ്ങള്‍ അയച്ചുനല്‍കി ഫ്രാന്‍സിസ് പാപ്പാ. ഇന്ത്യ അടക്കമുള്ള ഒമ്പത് രാജ്യങ്ങള്‍ക്കാണ് കോവിഡ് പ്രതിരോധത്തിന് സഹായമാകുന്ന തരത്തിലുള്ള സംഭാവനകള്‍ പാപ്പാ നല്‍കിയത്.

ഇന്ത്യ, ബ്രസീല്‍, കൊളംബിയ, ചിലി, അര്‍ജന്റീന, ബൊളീവിയ, സൗത്ത് ആഫ്രിക്ക, സിറിയ, പാപ്പുവ ന്യൂഗിനിയ എന്നീ രാജ്യങ്ങള്‍ക്കാണ് പാപ്പാ ഇത്തവണ സഹായമേകിയത്. ഇന്ത്യയിലേയ്ക്ക് ആറ് വെന്റിലേറ്ററുകളാണ് പാപ്പാ അയയ്ക്കുക. ഒമ്പത് രാജ്യങ്ങള്‍ക്കായി 38 വെന്റിലേറ്ററുകളാണ് ലഭ്യമാക്കുന്നത്.

പാപ്പായുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ‘എലെമോസിനേറിയ അപ്പസ്തോലിക്ക’ ആണ് വത്തിക്കാന്‍ നയതന്ത്രവിഭാഗത്തിന്റെ സഹായത്തോടെ ഇവ വിവിധ രാജ്യങ്ങളിലേക്ക് അയക്കുന്നത്.

സമ്പന്നരാജ്യങ്ങള്‍ കോവിഡ് പ്രതിരോധ കുത്തിവയ്പ്പിന്റെ കാര്യത്തില്‍ മുഴുകിയിരിക്കുന്ന ഈ വേളയില്‍ ലോകത്തില്‍ ദാരിദ്ര്യം അനുഭവപ്പെടുന്ന അനേകം പ്രദേശങ്ങളില്‍ ആരോഗ്യ അടിയന്തിരാവസ്ഥ നിലനില്‍ക്കുന്നുണ്ടെന്ന് പാപ്പായുടെ ദാനധര്‍മ്മാദി കാര്യങ്ങള്‍ക്കായുള്ള വിഭാഗം പത്രക്കുറിപ്പില്‍ രേഖപ്പെടുത്തിയിരുന്നു. കോവിഡിന്റെ ആരംഭം മുതല്‍ പല ഘട്ടങ്ങളിലായി ഇതിനോടകം ഒട്ടനവധി രാജ്യങ്ങളിലേക്ക് ചികിത്സാ ഉപകരണങ്ങള്‍ വത്തിക്കാന്‍ അയച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.