കോവിഡ് മഹാമാരി പ്രതിസന്ധിയിൽ ബാഗ്ദാദിന് കൈത്താങ്ങുമായി ഫ്രാൻസിസ് പാപ്പാ

ചികിത്സാ ആവശ്യങ്ങൾക്കായി ഓക്സിജൻ ഉത്‌പാദിപ്പിക്കുന്ന ഉപകരണം ബാഗ്ദാദിലെ സെന്റ് റാഫേൽ ആശുപത്രിക്ക് സംഭാവന ചെയ്ത് ഫ്രാൻസിസ് പാപ്പാ. 2021 നവംബർ 23 -ന് നടന്ന ആശീർവാദ ചടങ്ങുകളോടെ, ബാഗ്ദാദിലെ സെന്റ് റാഫേൽ ഹോസ്പിറ്റലിലേക്ക് ഫ്രാൻസിസ് മാർപാപ്പ സംഭാവന ചെയ്ത ഓക്‌സിജൻ ഉൽപാദിപ്പിക്കുന്നതിനുള്ള പ്ലാന്റ് ഔപചാരികമായി ഉദ്‌ഘാടനം ചെയ്യപ്പെട്ടു.

വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയേറ്റ്, പൗരസ്ത്യ സഭകൾക്കായുള്ള കോൺഗ്രിഗേഷൻ, ഉപവി പ്രവർത്തനങ്ങൾക്കു വേണ്ടിയുള്ള അപ്പസ്തോലിക സ്ഥാപനം എന്നിവ നൽകിയ ധനം ഉപയോഗിച്ചാണ് ഇത് ലഭ്യമാക്കിയത്. ആശുപത്രി മേധാവി സിസ്റ്റർ മരിയാൻ പിയേർ പരിശുദ്ധ പിതാവിന്റെ ഈ വലിയ ദാനത്തിന് നന്ദി പറഞ്ഞു. ഫ്രാൻസിസ് പാപ്പാ ഇറാക്ക് സന്ദർശിച്ച അവസരത്തിൽ, സെന്റ് റാഫേൽ ആശുപത്രിയിൽ എത്തിയതും അവിടുത്തെ രോഗികളും ജീവനക്കാരുമുൾപ്പെടെ എല്ലാവരും പിതാവിനൊപ്പം പ്രാർത്ഥിച്ചതും സിസ്റ്റർ അനുസ്മരിച്ചു.

ഈ ഉപകരണം ഇപ്പോൾ സാധാരണ രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഏതാനും മാസങ്ങളായി സെന്റ് റാഫേൽ ആശുപത്രിയുടെ ആവശ്യങ്ങൾക്കായി ഓക്സിജൻ ഉദ്‌പാദിപ്പിക്കുന്നുണ്ടെന്നും ആശുപത്രി ഡയറക്ടർ ഗാലെബ് മൻസൂർ സാവയും അനലിറ്റിക്കൽ ലബോറട്ടറി വിഭാഗം മേധാവി ഡോ. അംജദ് ഖചീഖ് മജീദും സ്ഥിരീകരിച്ചു. ഇവിടെ ലഭ്യമാക്കുന്ന ഓക്സിജൻ മറ്റ് നഗരങ്ങളിലെചില ആശുപത്രികൾ ഉൾപ്പെടെ ചില സർക്കാർ ആശുപത്രികൾക്കു വരെ നൽകാൻ സാധിക്കുന്നുണ്ടെന്ന് അവർ അറിയിച്ചു.

പ്ലാന്റിന്റെ ഉത്പാദനശേഷി കോവിഡ് അടിയന്തരാവസ്ഥയെ നന്നായി നേരിടാൻ സഹായിച്ചു എന്നും പകർച്ചവ്യാധിയുടെ ഇനിയും ഉണ്ടായേക്കാവുന്ന തരംഗങ്ങൾക്കും ഇത് ഉപകാരപ്പെടുമെന്നും ആശുപത്രിവൃത്തങ്ങൾ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.