പതിനാലാം നൂറ്റാണ്ടിലെ അന്ധയായ ഡൊമിനിക്കൻ അല്മായ, വിശുദ്ധ പദവിയിൽ

പതിനാലാം നൂറ്റാണ്ടിലെ അന്ധയായ ഇറ്റാലിയൻ ഡൊമിനിക്കൻ അൽമായ വനിതയെ വിശുദ്ധ പദവിയിലേക്ക് ഉയർത്തി ഫ്രാൻസിസ് മാർപാപ്പ. സാധാരണ നാമകരണ നടപടി ക്രമങ്ങളിലൂടെയല്ലാതെ, വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്ന രീതിയിലാണ് ഈ വിശുദ്ധ പദവി പ്രഖ്യാപനം എന്ന പ്രത്യേകതയും ഉണ്ട്. ഏപ്രിൽ 24 -നായിരുന്നു കസ്റ്റലോയിലെ വാഴ്ത്തപ്പെട്ട മാർഗരറ്റിന്റെ വിശുദ്ധ പദവി പ്രഖ്യാപനം.

ഇന്നത്തെ മധ്യഇറ്റലിയിലെ മെറ്റോളയിൽ 1287 -ൽ നട്ടെല്ലിന് കടുത്ത വളവ് ഉള്ള അവസ്ഥയിലും അന്ധയുമായിട്ടാണ് മാർഗരറ്റ് ജനിച്ചത്. 1303 -ൽ സിറ്റെ ഡി കാസ്റ്റെല്ലോയിലെ ഒരു ദൈവാലയത്തിൽ അവളുടെ മാതാപിതാക്കൾ അവിടെ ഒരു അത്ഭുതകരമായ രോഗശാന്തി പ്രതീക്ഷിച്ച് അവളെ കൊണ്ടുപോയി. രോഗശാന്തി ലഭിക്കാത്തതിനാൽ അവളെ അവിടെ ഉപേക്ഷിച്ചു. പിന്നീട് പ്രദേശവാസികളാണ് അവളെ കണ്ടെത്തിയത്. ഡൊമിനിക്കൻ ഓർഡറുമായി സമ്പർക്കം പുലർത്തിയതിനെ തുടർന്ന് അവൾ വി. ഡൊമിനിക്കിന്റെ മൂന്നാം ഓർഡറിൽ പ്രവേശിക്കപ്പെട്ടു. ഒരു സന്യാസിനിയാകാതെ തന്നെ അവൾക്ക് സന്യാസ വസ്ത്രം ലഭിച്ചു. അത് ജീവിതകാലം മുഴുവൻ അവൾ ധരിച്ചിരുന്നു.

തന്നെ വളർത്തിയ അയൽക്കാർക്ക് നന്ദി പറയാൻ, അവൾ ഒരു ചെറിയ വിദ്യാലയം തുറന്നു. അവിടെ അവൾ കുട്ടികളെ സങ്കീർത്തനങ്ങൾ പഠിപ്പിച്ചു. അങ്ങനെ കത്തോലിക്കാ വിശ്വാസത്തിൽ അവരെ വളർത്തി. 1320 -ൽ, തന്റെ മുപ്പത്തി മൂന്നാമത്തെ വയസ്സിൽ മർഗ്ഗരീത്താ മരിച്ചു. 1609-ൽ പോൾ അഞ്ചാമൻ മാർപ്പാപ്പ മാർഗ്ഗരീത്തായെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തി.

സാധാരണ നാമകരണ നടപടി ക്രമങ്ങളിലൂടെയല്ലാതെ ഒരാളുടെ വിശുദ്ധപദവി ഔദ്യോഗികമായി അംഗീകരിച്ച് സാർവ്വത്രികസഭയുടെ പൊതു വണക്കത്തിനായി പ്രഖ്യാപിക്കുന്ന രീതിക്ക് ‘എക്കുപ്പൊലെന്റ്’ (equipollent) എന്നാണ് പറയപ്പെടുന്നത്‌. ഇവിടെ, ആ വ്യക്തിയുടെ വിശുദ്ധി ഏതെങ്കിലും ഒരു പ്രദേശത്തെ ജനങ്ങൾ വളരെക്കാലമായി  അംഗീകരിച്ചതും അവർ ആ വ്യക്തിയെ വണങ്ങുകയും ആ വ്യക്തിയുടെ മാധ്യസ്ഥം തേടുകയും ചെയ്തുപോന്നിരുന്നതുമായിരിക്കും. കൂടാതെ, ആ വ്യക്തിയുടെ വിശുദ്ധിയെക്കുറിച്ച് വിശ്വാസയോഗ്യരായ ചരിത്രകാരന്മാർ സാക്ഷ്യപ്പെടുത്തിയിട്ടുള്ളതും ആയിരിക്കണം. ഒപ്പം, ആ വ്യക്തിയുടെ മാധ്യസ്ഥം വഴി  അത്ഭുതങ്ങൾ നടന്നതായുള്ള ഖ്യാതിയും ഉണ്ടായിരിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.