ജീവകാരുണ്യപ്രവര്‍ത്തകനായ ദീനോ ഇമ്പല്യാസ്സോയുടെ മരണത്തില്‍ ഫ്രാന്‍സിസ് പാപ്പായുടെ അനുശോചനം

സാന്ത് എജീദിയോ (Sant’Egidio) സമൂഹത്തിന്റെ അദ്ധ്യക്ഷന്‍ മാര്‍ക്കോ ഇമ്പല്യാസ്സോയുടെ പിതാവ്, ദീനോ ഇമ്പല്യാസ്സോയുടെ നിര്യാണത്തില്‍ പാപ്പാ അനുശോചന സന്ദേശമയച്ചു. തന്റെ ഒപ്പോടു കൂടിയ ഒരു സ്വകാര്യ കത്തിലൂടെയാണ് ദീനോ ഇമ്പല്യാസ്സോയുടെ നിര്യാണത്തില്‍ അദ്ദേഹത്തിന്റെ പുത്രനും കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന റോം കേന്ദ്രീകരിച്ചുള്ള ഒരു സംഘടനയായ സാന്ത് എജീദിയോ സമൂഹത്തിന്റെ നിലവിലെ അദ്ധ്യക്ഷനുമായ മാര്‍ക്കോ ഇമ്പല്യാസ്സോയ്ക്ക് ഫ്രാന്‍സിസ് പാപ്പാ അനുശോചനം അറിയിച്ചത്.

ദീനോയുടെ അദ്ധ്വാനങ്ങളും ഔദാര്യതയും എടുത്തുപറഞ്ഞ പാപ്പാ, അവ ജീവിതത്തെക്കുറിച്ചുള്ള ശക്തമായ ഒരു അധ്യാപനം ആയിരുന്നു എന്നും അവ സുവിശേഷത്തിന്റെ വഴിയിലൂടെ നടക്കാന്‍ താങ്കളെ പഠിപ്പിച്ചു എന്നും സാന്ത് എജീദിയോ സമൂഹത്തിന്റെ അദ്ധ്യക്ഷനുള്ള കത്തില്‍ എഴുതി. ഒരു രക്ഷിതാവിന്റെ മരണം, അത് ദൈവികരഹസ്യത്തിന്റെ ഭാഗമാണെങ്കില്‍ പോലും വേദനയ്ക്ക് കാരണമാകുന്നുണ്ട് എന്നും ഭൗമികജീവിതത്തില്‍ താങ്കളുടെ പിതാവിന് ദൈവം നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയാം എന്നും പാപ്പാ കുറിച്ചു.

അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് പപ്പായും ദീനോയും തമ്മില്‍ നടന്ന ഒരു സ്വകാര്യ കണ്ടുമുട്ടലില്‍ റോമിലെ ഭവനരഹിതരുടെ കാര്യത്തെക്കുറിച്ചും ദാരിദ്ര്യത്തെക്കുറിച്ചും സംസാരിച്ചിരുന്നു. ജൂലൈ 25 ഞായറാഴ്ച മരണമടഞ്ഞ ദീനോയുടെ മൃതസംസ്‌കാര ചടങ്ങുകള്‍ ജൂലൈ 27 ചൊവ്വാഴ്ച, ടൈബര്‍ നദിക്കടുത്തുള്ള സാന്താ മരിയ ബസിലിക്കയില്‍ വച്ച് കര്‍ദ്ദിനാള്‍ കോണ്‍റാഡ് ക്രയേവ്സ്‌കിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്നിരുന്നു.

ദിനോ അംഗമായിരുന്ന ഫൊക്കോളര്‍ പ്രസ്ഥാനത്തിലെയും അദ്ദേഹം പാവങ്ങള്‍ക്ക് സേവനം ചെയ്തിരുന്ന സാന്ത് എജീദിയോ സമൂഹത്തിലെയും നിരവധി അംഗങ്ങളും റോമിലെ യഹൂദസമൂഹത്തിലെ മുഖ്യപുരോഹിതന്‍ റിക്കാര്‍ദോ സേഞ്ഞിയും ചടങ്ങുകളില്‍ പങ്കെടുത്തു. ദരിദ്രരും ഭവനരഹിതരുമായ നിരവധി ആളുകളുടെ സാന്നിധ്യവും മൃതസംസ്‌കാര ചടങ്ങുകളില്‍ ഉണ്ടായിരുന്നു. റോം അമോര്‍ എന്ന ഒരു കൂട്ടായ്മയും ദീനോ സ്ഥാപിച്ചിരുന്നു.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.