ഫിലിപ്പ് രാജകുമാരന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മാര്‍പാപ്പ

ബ്രിട്ടനിലെ ഫിലിപ്പ് രാജകുമാരന്റെ നിര്യാണത്തില്‍ ഫ്രാന്‍സിസ് പാപ്പാ അനുശോചനം രേഖപ്പെടുത്തി. വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍ എലിസബത്ത് രാജ്ഞിക്കയച്ച അനുശോചന സന്ദേശത്തിലാണ് ഫ്രാന്‍സിസ് പാപ്പായുടെ ഹൃദയംഗമമായ ദുഃഖം അറിയിച്ചിരിക്കുന്നത്.

വിവാഹജീവിതത്തോടും കുടുംബത്തോടും ഫിലിപ്പ് രാജകുമാരനുണ്ടായിരുന്ന ആദരവും അദ്ദേഹത്തിന്റെ പൊതുസേവന തല്പരതയും പുതിയ തലമുറയുടെ വിദ്യഭ്യാസം, വളര്‍ച്ച എന്നീ മേഖലകളിലെ പ്രതിബദ്ധതയും സന്ദേശത്തില്‍ പാപ്പാ പ്രത്യേകം അനുസ്മരിച്ചു.

2014 ഏപ്രില്‍ 3-ന് ഫിലിപ്പ് രാജകുമാരന്‍ വത്തിക്കാനിലെത്തി ഫ്രാന്‍സിസ് പാപ്പായുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.

എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവും എഡിന്‍ബര്‍ഗ് ഡ്യൂക്കുമായ ഫിലിപ്പ് രാജകുമാരന്‍ വെള്ളിയാഴ്ചയാണ് അന്തരിച്ചത്. 99 വയസ്സായിരുന്നു പ്രായം. 1921 ജൂണ്‍ 10 -ന് ഗ്രീക്ക്-ഡാനിഷ് രാജകുടുംബത്തില്‍ ജനിച്ച ഫിലിപ്പ് 1947 നവംബര്‍ 20 -നാണ് എലിസബത്ത് രാജ്ഞിയെ വിവാഹം കഴിച്ചത്. 2017 -ലാണ് പൊതുജീവിതത്തില്‍ നിന്ന് അദ്ദേഹം വിരമിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.