ലിബിയയിലെ അഭയാർത്ഥി ക്യാമ്പിനു നേരെ നടന്ന ആക്രമണത്തിൽ അപലപിച്ച് ഫ്രാൻസിസ് പാപ്പാ 

ലിബിയയിൽ അഭയാർഥികളുടെ ക്യാമ്പിനു നേരെ നടന്ന വ്യോമാക്രമണത്തെ ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ല എന്ന് ഫ്രാൻസിസ്‌ പാപ്പാ. ഞായറാഴ്ച, കൊല്ലപ്പെട്ട അഭയാർത്ഥികൾക്കായി പാപ്പാ നടത്തിയ പ്രത്യേക പ്രാർത്ഥനയ്ക്ക് ശേഷമാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്.

“വ്യോമാക്രമണത്തിൽ മുറിവേറ്റവർക്കും ഈ ആക്രണമത്തെ പ്രതിരോധിക്കാനാകാതെ കൊല്ലപ്പെട്ടവർക്കുമായി പ്രാർത്ഥിക്കുവാൻ എല്ലാവരോടും ആഹ്വാനം ചെയ്യുന്നു. ഇവർക്കായി പ്രാർത്ഥിക്കുകയും ദൈവത്തിന്റെ സാന്ത്വനിപ്പിക്കുന്ന ശക്തി ഇവരിലേയ്ക്ക് കടന്നുവരട്ടെയെന്ന് ആശംസിക്കുകയും ചെയ്യുന്നു. ഇത്തരം ഗുരുതരമായ വസ്തുതകൾ അന്താരാഷ്ട്ര സമൂഹത്തിന് സഹിക്കാൻ കഴിയില്ല” – പാപ്പാ പറഞ്ഞു.

ജൂലൈ മൂന്നിന് നടന്ന ആക്രമണത്തിൽ 53 പേർ കൊല്ലപ്പെടുകയും 130-ഓളം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഏറ്റവും ദരിദ്രരായ കുടിയേറ്റക്കാർക്കുള്ള മാനുഷികപരിഗണന, സന്നദ്ധസംഘടനകൾ വഴി ഏകീകൃതവും വിപുലവുമായ രീതിയിൽ സംഘടിപ്പിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു എന്നും പാപ്പാ കൂട്ടിച്ചേർത്തു.

ഇന്ന് വത്തിക്കാനിൽ, കുടിയേറ്റക്കാർക്കും കുടിയേറ്റത്തിനിടെ മരണമടഞ്ഞവർക്കുമായി പാപ്പ പ്രത്യേക കുർബാന അർപ്പിക്കും.