ഓരോ ബലിയർപ്പണത്തിലും നാം ക്രിസ്തുവിന്റെ മുറിവുകളെ ചുംബിക്കുന്നു: പാപ്പാ

ഓരോ വിശുദ്ധ ബലിയർപ്പണത്തിലും നാം ക്രിസ്തുവിനെ ആരാധിക്കുകയും അവിടുത്തെ മുറിവുകളെ ചുംബിക്കുകയും ചെയ്യുന്നുവെന്ന് ദൈവകരുണയുടെ ഞായർ ദിന സന്ദേശത്തിൽ ഫ്രാൻസിസ് പാപ്പാ. ഇറ്റലിയിലെ സാന്തോ സ്പിരിത്തോ ദൈവാലയത്തിൽ അർപ്പിച്ച ദിവ്യബലിയിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“സ്വർഗ്ഗാരോഹണത്തിനു മുൻപ് ശിഷ്യന്മാർക്ക് പ്രത്യക്ഷപ്പെട്ടതിന്റെ ഓർമ്മ പുതുക്കിയ ഈ ദിനത്തിൽ അവിടുത്തെ കാരുണ്യത്താൽ ശിഷ്യന്മാർക്ക് അവിടുത്തെ സമാധാനവും ക്ഷമയും ലഭ്യമാക്കപ്പെട്ടു. അതിനാൽ തന്നെ അവിടുത്തെ മുറിവുകൾ നമുക്കും അവിടുത്തേയ്ക്കുമിടയിലുള്ള കരുണയുടെ നീർച്ചാലുമാണ്. വി. തോമാശ്ലീഹായെപ്പോലെ നാം ദൈവത്തെ കണ്ടെത്തണം. അവിടുന്ന് നമ്മിലേക്ക് എത്രമാത്രം ചേർന്ന് നിൽക്കുന്നുവെന്നും നാം അറിയണം. എന്റെ കർത്താവേ, എന്റെ ദൈവമേ എന്ന് ഏറ്റുപറയുവാൻ നമുക്കാകണമെങ്കിൽ അവിടുത്തെ കരുണയാലുള്ള കൃപ നാം സ്വീകരിക്കുവാൻ യോഗ്യരാകണം,” -പാപ്പാ ഓർമ്മിപ്പിച്ചു.

കരുണയുടെ വർഷമായി 2016 ൽ രൂപീകരിക്കപ്പെട്ട ‘മിഷനറീസ് ഓഫ് മേഴ്‌സി’ എന്ന വൈദിക സമൂഹത്തിലെ അംഗംങ്ങൾക്കൊപ്പമായിരുന്നു കരുണയുടെ ദിനത്തിൽ പാപ്പാ ബലിയർപ്പിച്ചത്. റോമിലെ മൂന്നു ജയിലുകളിലെ തടവുകാരും നഴ്സുമാരുമടക്കം 80 -ഓളം പേരായിരുന്നു വിശുദ്ധ ബലിയർപ്പണത്തിൽ പങ്കുചേരുന്നതിനായി ക്ഷണിക്കപ്പെട്ടത്.

അവിടുത്തെ കരുണ സ്വീകരിച്ചപ്പോൾ ശിഷ്യരും കരുണയുള്ളവരായി മാറി. തങ്ങളിൽ ആരാണ് വലിയവൻ എന്ന് വാദിച്ചവർ പിന്നീട് എല്ലാം പങ്കിടുന്നവരായി മാറ്റപ്പെട്ടു. മറ്റുള്ളവരിൽ കരുണയുടെ ഭാവങ്ങൾ ദർശിക്കുവാൻ ആരംഭിച്ചപ്പോൾ മുതൽ അവരും യഥാർത്ഥ ശിഷ്യരായി മാറി. സ്വയം പങ്കിടുവാൻ ധൈര്യം കാണിച്ച യേശുവിന്റെ അപ്പസ്തോലന്മാർ പിന്നീട് അവിടുത്തെ മുറിവുകൾ അപരനിലും കാണുവാൻ ആരംഭിച്ചു എന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.