അഫ്ഗാനിസ്ഥാനുവേണ്ടി പ്രാര്‍ത്ഥനയും ഉപവാസവും ആവശ്യപ്പെട്ട് മാര്‍പാപ്പ

അഫ്ഗാനിസ്ഥാനിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പുലര്‍ത്തിക്കൊണ്ട് അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ഉപവാസം അനുഷ്ഠിക്കുകയും ചെയ്യണമെന്ന് ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികളോട് അഭ്യര്‍ത്ഥിച്ച് ഫ്രാന്‍സിസ് പാപ്പാ. ഞായറാഴ്ച ഏഞ്ചലസ് പ്രാര്‍ത്ഥനയ്ക്കിടെയാണ് പാപ്പാ ഈ അഭ്യര്‍ത്ഥന നടത്തിയത്.

ക്രൂരമായ ആക്രമണങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകളേയും കുട്ടികളേയും പ്രാര്‍ത്ഥനയില്‍ പ്രത്യേകമായി അനുസ്മരിക്കണമെന്നും പാപ്പാ പറഞ്ഞു. ‘ആവശ്യക്കാരായ അവരെ നമുക്ക് ആവുന്ന രീതിയിലെല്ലാം സഹായിക്കാം. സാഹോദര്യവും സമാധാനവും ആ നാട്ടില്‍ പുനസ്ഥാപിക്കപ്പെടുന്നതിന് സംഭാഷണത്തിലൂടെയും ഐക്യത്തിലൂടെയും സാധിക്കട്ടെ’. പാപ്പാ പറഞ്ഞു.

അഫ്ഗാന്‍ ജനതയുടെ സംരക്ഷണത്തിനും സഹായത്തിനുമായി പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളേയും സംഘടനകളേയും വ്യക്തികളേയും പാപ്പാ നന്ദിയോടെ ഓര്‍ക്കുകയും അഫ്ഗാനിസ്ഥാനില്‍ ഇതുവരേയും വിവിധ ആക്രമണങ്ങളില്‍ മരിച്ചവരുടെ ആത്മാക്കള്‍ക്ക് ദൈവികകരുണ ആശംസിക്കുകയും ഭീതിയില്‍ ജീവിതം തുടരുന്ന ജനതയ്ക്ക് ധൈര്യവും സാമീപ്യവും പാപ്പാ വാഗ്ദാനം ചെയ്യുകയും ചെയ്തു.

 

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.