
ദ്വീപ് രാജ്യമായ മഡഗാസ്‌കറിലെ മിയാന്‍ഡ്രിവാസോയില്‍ ആശീര്‍വദിച്ച പുതിയ കത്തീഡ്രല്‍ ദേവാലയത്തിന് ആശംസകള്‍ നേര്‍ന്ന് ഫ്രാന്‍സിസ് പാപ്പാ സന്ദേശം അയച്ചു. മൊറോന്‍ഡോവ രൂപതയുടെ ഭാഗമാണ് പുതിയ ദേവാലയം. ബിഷപ്പ് മേരി ഫാബിയന്‍ റഹരിലമബോനിയാനയാണ് ദേവാലയം ആശീര്‍വദിച്ചത്.
ആഗോള കത്തോലിക്കാസഭ വി. യൗസേപ്പിന്റെ തിരുനാള്‍ ആഘോഷിക്കുന്ന മേയ് ഒന്നിനാണ് പുതിയ ദേവാലയം ആശീര്‍വദിച്ചത്. വീഡിയോ സന്ദേശത്തിലൂടെയാണ് അവിടുത്തെ വിശ്വാസികളെ പാപ്പാ തന്റെ ആശംസകള്‍ അറിയിച്ചത്.
“നിങ്ങളുടെ ഈ ഉദ്യമത്തെ ഞാന്‍ അഭിനന്ദിക്കുന്നു. കൂടാതെ നിങ്ങള്‍ അവിടെ ചെയ്തുവരുന്ന സാമൂഹികവും വിദ്യാഭ്യാസപരവും മതപരവുമായ എല്ലാ പ്രവര്‍ത്തനങ്ങളേയും ഞാന്‍ അഭിനന്ദിക്കുന്നു” – വീഡിയോ സന്ദേശത്തില്‍ പാപ്പാ പറഞ്ഞു.
സ്ഥലത്തെ കാര്‍ഷികവിളകള്‍ക്കുള്ള ജലസേചനത്തിനായി രൂപതയുടെ സഹായത്തോടെ കര്‍ഷകര്‍ക്കായി കനാല്‍ നിര്‍മ്മിച്ച് നല്‍കിയതിനേയും പാപ്പാ പ്രത്യേകമായി അഭിനന്ദിച്ചു. 2000 ഹെക്ടര്‍ കൃഷിയിടങ്ങള്‍ക്ക് ആവശ്യമായ ജലം എത്തിക്കാന്‍ കഴിയുന്ന തരത്തില്‍ വലിപ്പമേറിയ കനാലാണത്. ദേവാലയത്തോടൊപ്പം കനാല്‍ പദ്ധതിയേയും പാപ്പാ ആശീര്‍വദിക്കുകയും ചെയ്തു.
“നിങ്ങളുടെ സംരക്ഷണം വി. യൗസേപ്പില്‍ ഞാന്‍ ഭരമേല്‍പ്പിക്കുന്നു. നിങ്ങളുടെ സന്തോഷത്തില്‍ ഞാനും പങ്കുചേരുന്നു. ദൈവം നിങ്ങളെ ഓരോരുത്തരേയും അനുഗ്രഹിക്കട്ടെ” – പാപ്പാ സന്ദേശത്തില്‍ പറഞ്ഞു.
ഒരു പിതാവിന്റെ കരുതലോടെ തങ്ങളുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്ന പാപ്പായ്ക്ക് ബിഷപ്പ് മേരി ഫാബിയന്‍ നന്ദി അറിയിക്കുകയും ചെയ്തു.