പ്രാർത്ഥന അത്ഭുതങ്ങൾ ചെയ്യുന്നു: ഫാത്തിമ മാതാവിന്റെ തിരുനാൾ ദിനത്തിൽ ഫ്രാൻസിസ് മാർപ്പാപ്പ

നിരന്തരമായ പ്രാർത്ഥന അത്ഭുതങ്ങൾ ചെയ്യുന്നു എന്ന് ഫാത്തിമാ മാതാവിന്റെ തിരുനാൾ ദിനത്തിൽ ഫ്രാൻസിസ് മാർപ്പാപ്പ പറഞ്ഞു. പ്രാർത്ഥന ദൈവത്തിന്റെ ഹൃദയത്തിലേക്ക് നേരിട്ട് പ്രവേശിക്കുന്നു എന്നും പരിശുദ്ധ പിതാവ് കൂട്ടിച്ചേർത്തു. ആറു മാസത്തിനു ശേഷം ആദ്യമായാണ് പാപ്പാ പൊതു സമൂഹത്തെ അഭിസംബോധന ചെയ്യുന്നത്.

ഒൻപതുവയസ്സുകാരിയായ ഒരു അർജന്റീനൻ പെൺകുട്ടിയുടെ പിതാവിന്റെ വിശ്വാസത്തിന്റെയും പ്രാർത്ഥനയുടെയും കഥ വിവരിച്ചുകൊണ്ടാണ് അദ്ദേഹം പ്രാർത്ഥനയെക്കുറിച്ച് വിവരിച്ചത്. ഡോക്ടർമാർ രക്ഷപെടില്ലെന്നു വിധിയെഴുതിയ ഒരു പെൺകുട്ടിയുടെ പിതാവ് ഭാര്യയെയും രോഗബാധിതയായ മകളെയും ആശുപത്രിയിൽ നിർത്തിക്കൊണ്ട് അദ്ദേഹം യാത്ര തിരിച്ചു. 70 കിലോമീറ്റർ യാത്രചെയ്ത് അർജന്റീനയുടെ രക്ഷാധികാരിയായ അവർ ലേഡി ഓഫ് ലുഹാനിൽ എത്തിച്ചേർന്നു. രാത്രി ഏകദേശം പത്തു മണി ആയതിനാൽ ബസിലിക്ക അടച്ചിരുന്നു. എങ്കിലും രാത്രിമുഴുവൻ തന്റെ മകൾക്കുവേണ്ടി പരിശുദ്ധ അമ്മയോട് പ്രാർത്ഥിച്ചു. പിറ്റേദിവസം രാവിലെ ദൈവാലയം തുറന്നപ്പോൾ അകത്തു പ്രവേശിച്ച് പരിശുദ്ധ അമ്മയോട് അഭിവാദനം ചെയ്ത് മടങ്ങി. തിരികെ എത്തിയപ്പോൾ പെൺകുട്ടി സുഖം പ്രാപിച്ചതായി കാണപ്പെട്ടു. വലിയ അത്ഭുതമെന്നാണ് ഡോക്ടർമാർ ഇതിനെ വിശേഷിപ്പിച്ചത്.

പ്രാർത്ഥനയുടെ വലിയ ഉദാഹരണമായിട്ടാണ് പാപ്പാ ഈ സംഭവത്തെ സൂചിപ്പിച്ചത്. ഒരു പിതാവിനെപ്പോലെ നമ്മെ പരിപാലിക്കുന്ന ദൈവത്തിന്റെ ആർദ്രതയുള്ള ഹൃദയത്തിലേക്ക് നമ്മുടെ പ്രാർത്ഥന നേരിട്ട് പ്രവേശിക്കുകയാണ് ചെയ്യുന്നത്. വിശ്വാസികളെ മുഖാമുഖം കാണുവാൻ സാധിച്ചതിന്റെ സന്തോഷവും പാപ്പാ പ്രകടിപ്പിച്ചു.

പരിശുദ്ധ അമ്മയുടെ ഫാത്തിമയിലെ പ്രത്യക്ഷീകരണത്തിന്റെ തിരുനാളും വി. ജോൺ പോൾ രണ്ടാമൻ പാപ്പായ്ക്ക് വെടിയേറ്റത്തിന്റെ നാല്പതാം വാർഷികവുമാണ് മെയ് പതിമൂന്നാം തിയതി. അത്ഭുതകരമായി രക്ഷപെട്ട പാപ്പാ പിറ്റേ വർഷം ഫാത്തിമ സന്ദർശിക്കുകയും നന്ദി പറയുകയും ചെയ്തു. പരിശുദ്ധ അമ്മയ്ക്കായി പ്രത്യേകം സമർപ്പിക്കകപ്പെട്ടിരിക്കുന്ന ഈ മാസത്തിൽ എല്ലാ വിശ്വാസികളും പരിശുദ്ധ അമ്മയോട് പ്രത്യേകം പ്രാർത്ഥിക്കണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.