പാവങ്ങളോട് നിസ്സംഗത കാട്ടരുത്: ഫ്രാന്‍സിസ് പാപ്പാ

പാവങ്ങളോടുള്ള നിസ്സംഗത അപകടകരമായ ഒരു പ്രവണതയാണെന്ന് ഫ്രാൻസിസ് പാപ്പാ. മെയ് 21 ചൊവ്വാഴ്ച, ഇറ്റലി ആചരിച്ച നിയമസാധുകത്വ ദിനത്തില്‍ (Legality Day) ദേശീയ കൗണ്‍സിലിന് അയച്ച സന്ദേശത്തിലാണ് ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. സ്കൂള്‍ കുട്ടികളെയും ഉള്‍പ്പെടുത്തി സംഘടിപ്പിച്ച ദിനാചരണത്തെ പാപ്പാ അഭിനന്ദിച്ചു.

പാവങ്ങളായവരോട് കാണിക്കുന്ന നിസ്സംഗത പരസ്പരബന്ധങ്ങളെ നശിപ്പിക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്നു. എന്നാൽ, അവരോട് കാണിക്കുന്ന സാമീപ്യം ബന്ധങ്ങള്‍ വളര്‍ത്തുകയും ഊട്ടിയുറപ്പിക്കുകയും ചെയ്യും. ജീവിതത്തില്‍ ക്ലേശിക്കുന്നവരോട് കാണിക്കുന്ന വെറുപ്പും നിന്ദാശീലവും, അവരെ തരംതാഴ്ത്തുകയും അതുവഴി അവര്‍ സമൂഹത്തില്‍ നിന്ന് അകന്നുപോവുകയും ചെയ്യുന്നു. പാപ്പാ ഓർമ്മിപ്പിച്ചു.

പരിത്യക്തരായവര്‍ പ്രത്യേകിച്ച് യുവജനങ്ങള്‍, നാടിന്‍റെ നിയമകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ക്കു മുന്നില്‍ സാന്ത്വനവും സമാശ്വാസവും കണ്ടെത്തേണ്ടതാണ്. യുവാക്കളെ നന്മ കൊണ്ടും സാന്ത്വനം കൊണ്ടും സ്പര്‍ശിക്കാനായാല്‍ അവരുടെ ജീവിതങ്ങള്‍ നവീകരിക്കപ്പെടും. അവര്‍ പ്രത്യാശയുള്ളവരായി വളരും. യുവജനങ്ങള്‍ക്ക് വിശിഷ്യാ പാവങ്ങളായവര്‍ക്ക്, സമൂഹത്തില്‍ നീതിയും അംഗീകാരവും ലഭിക്കുകയാണെങ്കില്‍ അവരുടെ ജീവിതരീതികള്‍ പ്രചോദിതമാവുകയും മെച്ചപ്പെടുകയുംചെയ്യും.

പൊതുഭവനമായ ഭൂമിയെ സംരക്ഷിക്കുന്നതിനും അതിനെ കൂടുതല്‍ വാസയോഗ്യമാക്കുന്ന നന്മയുടെ സ്വപ്നസാക്ഷാത്ക്കാരത്തിനായി നിയമങ്ങള്‍ പാലിച്ച്‌ സത്യസന്ധമായി ജീവിക്കാന്‍ സാധിക്കട്ടെയെന്ന ആശംസയോടെയാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്.