ബിഷപ്പിന്റെ സഹോദരൻ ഇനി ബിഷപ്പ്; അപൂർവ്വ സംഭവത്തിനു സാക്ഷ്യം വഹിച്ച് വിശ്വാസികൾ

ജോർജ്ജിയയിലെ സവന്നയുടെ അടുത്ത ബിഷപ്പായി ഫാ. സ്റ്റീഫൻ ഡി. പാർക്സിനെ ഫ്രാൻസിസ് പാപ്പാ നിയമിച്ചു. ഈ അവസരത്തിൽ ഏറെ സന്തോഷവാനും അതിലുപരി പ്രാർത്ഥനയിലുമായിരുന്നു ഫ്ലോറിഡയിലെ സെന്റ് പീറ്റേഴ്‌സ്ബർഗിലെ ബിഷപ്പ്. കാരണം, സെന്റ് പീറ്റേഴ്‌സ്ബർഗിലെ ബിഷപ്പ് ഗ്രിഗറി പാർക്സ്‌, നിയുക്ത ബിഷപ്പ് ഫാ. സ്റ്റീഫൻ ഡി. പാർക്സിന്റെ സഹോദരനാണ്. അതായത് ബിഷപ്പിന്റെ സഹോദരൻ ബിഷപ്പ്!

55 വയസുകാരനായ ഫാ. സ്റ്റീഫൻ ഡി. പാർക്സ്‌, ഫ്ലോറിഡയിലെ ലോങ്‌വുഡിൽ ശുശ്രൂഷ ചെയ്തുകൊണ്ടിരിക്കവെയാണ് പാപ്പായുടെ പുതിയ നിയമനം എത്തുന്നത്. ഇദ്ദേഹത്തിന്റെ മൂത്ത സഹോദരനാണ് ബിഷപ്പ് ഗ്രിഗറി പാർക്സ്‌.

1965 ജൂൺ 2-ന് ന്യൂയോർക്കിലെ മിനോളയിലാണ് ഫാ. സ്റ്റീഫൻ ഡി. പാർക്സ്‌ ജനിച്ചത്. സ്‌കൂൾ പഠനത്തിനുശേഷം സൗത്ത് ഫ്ലോറിഡ സർവ്വകലാശാലയിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷൻ, മാർക്കറ്റിംഗ് എന്നിവയിൽ ബിരുദം നേടി. തുടർന്ന് ബിസിനസ്സും ബാങ്കിങ് മേഖലയിലും ജോലി ചെയ്‌തതിനുശേഷമാണ് അദ്ദേഹം പുരോഹിതനാകുന്നത്.

ബാങ്കിൽ ഉദ്യോഗസ്ഥനായ അദ്ദേഹം, തന്റെ ജോലിയിൽ സന്തോഷം കണ്ടെത്താനാകുന്നില്ല എന്നും ഇതല്ല ദൈവത്തിനായി പ്രവർത്തിക്കുക എന്നതാണ് തന്റെ ധർമ്മമെന്നും തിരിച്ചറിഞ്ഞാണ് സെമിനാരിയിൽ ചേർന്നത്. “പുരോഹിതനാകുക എന്ന തീരുമാനം പെട്ടന്നെടുത്തതല്ല. അങ്ങനെ ഒരു ആഗ്രഹം  തോന്നിയതിനുശേഷം രണ്ടു വർഷത്തോളം കാത്തിരുന്നിട്ടാണ് സെമിനാരിയിൽ ചേരുവാൻ തീരുമാനിക്കുന്നത്” -അദ്ദേഹം പറയുന്നു.

1998 മെയ് 23-ന് ഒർലാൻഡോ രൂപതയ്ക്കായി അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചു. സെപ്റ്റംബർ 23, വി. പാദ്രെ പിയോയുടെ തിരുനാൾ ദിനത്തിൽ അദ്ദേഹത്തിന്റെ മെത്രാഭിഷേക ചടങ്ങുകൾ നടക്കുമെന്ന് രൂപത അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.