വികാരി ജനറലായി കര്‍ദ്ദിനാള്‍ മൗറൊ ഗമ്പേത്തിയെ മാര്‍പാപ്പാ നിയമിച്ചു

വത്തിക്കാന്‍ നഗരത്തിനു വേണ്ടി, തന്റെ വികാരി ജനറലായി ഫ്രാന്‍സിസ്‌ക്കന്‍ മൈനര്‍ ഓര്‍ഡര്‍ സമൂഹാംഗമായ കര്‍ദ്ദിനാള്‍ മൗറൊ ഗമ്പേത്തിയെ മാര്‍പാപ്പാ നിയമിച്ചു. തല്‍സ്ഥാനം വഹിച്ചിരുന്ന കര്‍ദ്ദിനാള്‍ ആഞ്ചെലൊ കൊമാസ്ത്രി പ്രായപരിധിയെത്തിയതിനെ തുടര്‍ന്ന് സമര്‍പ്പിച്ച രാജി സ്വീകരിച്ചുകൊണ്ടാണ് ഫ്രാന്‍സിസ് പാപ്പാ ശനിയാഴ്ച ഈ നിയമന ഉത്തരവ് പുറപ്പെടുവിച്ചത്.

വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിലെ മുഖ്യപുരോഹിതന്‍, ബസിലിക്കയുടെ അറ്റുകുറ്റപ്പണികള്‍, സംരക്ഷണം തുടങ്ങിയ ദൗത്യങ്ങളുള്ള സ്ഥാപനമായ ”ഫാബ്രിക്ക സാംക്തി പേത്രി”യുടെ അദ്ധ്യക്ഷന്‍ എന്നീ, കര്‍ദ്ദിനാള്‍ കൊമാസ്ത്രി വഹിച്ചിരുന്ന ചുമതലകളും ഇനിമുതല്‍ കര്‍ദ്ദിനാള്‍ മൗറൊ ഗമ്പേത്തിയില്‍ നിക്ഷിപ്തമായിരിക്കും.

അസ്സീസിയിലെ ഫ്രാന്‍സിസ്‌ക്കന്‍ ആശ്രമത്തിന്റെ ചുമതല വഹിച്ചു വരികയായിരുന്നു 55 വയസ്സു പ്രായമുള്ള കര്‍ദ്ദിനാള്‍ മൗറൊ ഗമ്പേത്തി. ഇറ്റലിയുടെ വടക്കു ഭാഗത്തുള്ള എമീലിയ റോമാഞ്ഞ പ്രവിശ്യയിലെ കാസ്‌തെല്‍ സാന്‍ പീയെത്രൊ തേര്‍മെയില്‍ 1965 ഒക്ടോബര്‍ 27-നാണ് കര്‍ദ്ദിനാള്‍ മൗറൊ ഗമ്പേത്തിയുടെ ജനനം.

ഫ്രാന്‍സിസ്‌ക്കന്‍ ആശ്രമജീവിതം സ്വീകരിച്ച അദ്ദേഹം 2000-ാ0 ആണ്ടില്‍ ജനുവരി 8-ന് പൗരോഹിത്യം സ്വീകരിക്കുകയും 2020 നവംബര്‍ 22-ന് ആര്‍ച്ചുബിഷപ്പായി അഭിഷിക്തനാകുകയും ആ മാസം തന്നെ 28-ന് ഫ്രാന്‍സീസ് പാപ്പാ അദ്ദേഹത്തെ കര്‍ദ്ദിനാളാക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.